UPDATES

അനുതാപം; മോദി രാഷ്ട്രീയത്തിന്റെ മുഖ്യ ശത്രു

യു എ ഇ അടക്കമുള്ള വിദേശസഹായം തള്ളുന്നതിൽ മോദിയുടെ ലോകവീക്ഷണത്തിന്റെ പ്രതിബിംബക്കാഴ്ച്ചയുണ്ട്

കച്ചവട വൈഭവത്തിനും കച്ചവട ബുദ്ധിക്കും പേരെടുത്തവരുടെ ഗുജറാത്തിൽ നിന്നുമാണ് നരേന്ദ്ര മോദി വരുന്നത്. എന്തെങ്കിലും ഒരു സാധനം ഗുജറാത്തിയുടെ പക്കൽ നൽകൂ, അവരത് വിറ്റ് ലാഭമുണ്ടാക്കിത്തരും. പ്രശംസനീയമാണ് ഈ വ്യാപാരമനോഭാവം. കാരണം അതാണാ സംസ്ഥാനത്തെ താരതമ്യേനെ സമ്പന്നമാക്കിയത്. അതിലൂടെ ഇന്ത്യയുടെ വികസനത്തിന് മുതല്‍ക്കൂട്ടായതും.

IIM അഹമ്മദാബാദ്, അമുൽ പോലെയുള്ള സ്ഥാപനങ്ങൾക്കും സജീവമായ ചില NGO കൾക്കും ഗുജറാത്ത് പ്രസിദ്ധമാണെങ്കിലും അതിന്റെ വ്യാപാര സമൂഹത്തിന്റെ പേരിലാണ് ആ സംസ്ഥാനം അറിയപ്പെടുന്നത്. മതവ്യത്യാസമില്ലാതെ ആളുകൾ പണമുണ്ടാക്കാനുള്ള എന്തെങ്കിലും പണി ചെയ്യും. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.

2002-ൽ ഗുജറാത്ത് കലാപം നടന്നപ്പോഴുള്ള മോദിയുടെ പല വീഴ്ച്ചകളും പിഴവുകളും കലാപത്തിന്റെ തീക്ഷ്ണത വർധിപ്പിച്ച പല പ്രവർത്തികളും സുപ്രീം കോടതിയുടെ വരെ വിമർശനത്തിന് വിധേയമായി. മോദിയുടെ ഇഷ്ടക്കാരല്ലാത്ത പല സാമൂഹ്യപ്രവർത്തകരും NGO കളും വിമർശനം ഏറ്റെടുത്തു. ഇരകൾക്കു വേണ്ടി നിർഭയം നിന്ന ഒരു സ്ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു-ടീസ്ത സെതൽവാദ്. ടീസ്തയും ഒപ്പമുള്ള കുറേ പേരും, അന്തരിച്ച മുകുൾ സിൻഹയെ പോലുള്ളവരും (അദ്ദേഹത്തിന്റെ മകൻ പ്രതീക് ആണ് വ്യാജ വാര്‍ത്തകള്‍ തുറന്നു കാട്ടുന്ന AltNews നടത്തുന്നത്) നീതിക്കുവേണ്ടി നിന്നു. ഗുജറാത്തിൽ നീതി ലഭ്യമാക്കാൻ യു പി എ സർക്കാരടക്കം പരാജയപ്പെടുകയും ഭൂരിപക്ഷാധിപത്യത്തിന്റെ നിയമരാഹിത്യം നടമാടുകയും ചെയ്തപ്പോൾ ടീസ്തയെയും സിൻഹയെയും പോലുള്ളവരാണ് മോദിക്കു നേരെ ലോകത്തിനായി കണ്ണാടി പിടിച്ചത്.

എവിടെനിന്നാണ് ഈ ആളുകൾക്ക് ധൈര്യം കിട്ടുന്നതെന്നു മോദിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. കടുത്ത പകയോടെ തന്റെ വിമർശകർക്ക് പിറകെ പാഞ്ഞപ്പോഴാണ് അയാൾക്ക് മനസിലായത്, അവരിൽ പലരെയും എളുപ്പത്തിൽ നിശ്ശബ്ദരാക്കാൻ കഴിയുമെന്ന്. തന്റെ വിമർശകരെ മോദി നേരിട്ടതിനു ഒരു കൃത്യം ഘടനയുണ്ടായിരുന്നു-പാർട്ടിയിലെ സഹപ്രവർത്തകനായിരുന്ന സഞ്ജയ് ജോഷിയെ പോലുള്ളവർ മുതൽ കരൺ ഥാപ്പറെ പോലുള്ള മാധ്യമ പ്രവർത്തകരെ വരെ. വിമർശകരെ നേരിടുമ്പോൾ ഒരു നിലവാരവും പാലിക്കാത്ത ഒരാളാണ് മോദി. ടീസ്തയെ പോലുള്ള ചിലർ വഴങ്ങിയില്ല. മോദി കൂടുതൽ അസ്വസ്ഥനായി. നിസാരമായ കാര്യങ്ങളുടെ പേരിൽ സംസ്ഥാന പൊലീസ് അവരെ വേട്ടയാടിക്കൊണ്ടിരുന്നു.

നിരവധി കോടതിവ്യവഹാരങ്ങൾ ഒരേ സമയം പോരാടിയിരുന്നതിനാൽ ടീസ്തയ്ക്കു ശക്തമായ സാമ്പത്തിക പിന്തുണയുണ്ടെന്ന് മോദി എല്ലായ്പ്പോഴും സംശയിച്ചിരുന്നു. ആളുകളുടെ മൂല്യബോധത്തെയും പ്രതിബദ്ധതയേയും വെറും കാശിന്റെ കളിയായാണ് അയാൾ തെറ്റിദ്ധരിച്ചത്. അങ്ങനെയാണ് ടീസ്തയ്ക്ക് ധനസഹായം നൽകിയിരുന്ന സ്ഥാപനങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും ഫോർഡ് ഫൗണ്ടേഷൻ, അയാൾ അസ്വസ്ഥനായത്.

2014-ൽ മോദി ദർബാറിൽ പുതിയ രാജാവിന് മുന്നിൽ വിധേയത്വം തെളിയിക്കാൻ ഇന്‍റലിജന്‍സ് ബ്യൂറോ പോലുള്ള സംവിധാനങ്ങൾ ചുര മാന്തിനിന്നു. അയാൾക്ക് തൃപ്തിയാകുന്ന ഒരു റിപ്പോര്‍ട്ട് IB ഉണ്ടാക്കിക്കൊടുത്തു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയേയും ജനാധിപത്യ മുന്നേറ്റത്തെയും തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് NGOകൾ എന്നായിരുന്നു അത്.

ഈ റിപ്പോര്‍ട്ട് വെച്ച് മോദി സർക്കാർ NGOകളെ വേട്ടയാടാൻ തുടങ്ങി. ഏതാണ്ട് 14000 സന്നദ്ധ സംഘടനകളുടെ അനുമതി റദ്ദാക്കി. Foreign Contribution Regulation Act മറയാക്കി നൂറുകണക്കിന് വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം നിഷേധിച്ചു. സംശയിക്കേണ്ട തരം NGOകള്‍ ഉണ്ട്- സംശയിക്കേണ്ട തരം രാഷ്ട്രീയ കക്ഷികളും വ്യാപാര സ്ഥാപനങ്ങളും ഉള്ളതുപോലെ.

എന്നാൽ കാടടച്ചു വെടിവെക്കുകയാണ് മോദി സർക്കാർ ചെയ്തത്. ലോകത്തെ ഏറ്റവും സജീവമായ പൗരസമൂഹങ്ങളിൽ ഒന്നിനെ നിർജ്ജീവമാക്കലായിരുന്നു ലക്‌ഷ്യം. ഇതിന്റെ ഫലമായി 2015-16 ൽ 17773 കോടിയുണ്ടായിരുന്ന, NGOകൾക്കുള്ള വിദേശ സഹായം 2016-17 ൽ 6499 കോടിയായി കുറഞ്ഞു എന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞു.

സന്ദേശം ലളിതമായിരുന്നു: ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല, NGOകൾക്ക് നല്‍കുന്ന ഓരോ വിദേശ ഡോളറിലും ഗൂഡാലോചനയുണ്ട്. ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണ്ട.

അതേസമയം മോദി തന്റെ വ്യാപാര ബുദ്ധി തന്റെ നയതന്ത്രത്തിൽ പ്രയോഗിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതൊരു ലളിതമായ ലോകമാണെന്ന് അയാൾ കരുതി. അവർക്കു വേണ്ട എല്ലാ കരാറും നൽകൂ, അവർ നൽകുന്ന FDI വാങ്ങൂ, ഇന്ത്യയെ സമ്പന്നമാക്കൂ. അയാൾ ലോകം മുഴുവൻ നടന്നു സർക്കാർ കരാറുകൾ സമ്മാനിച്ചു- പാരീസിന് റാഫേൽ കരാർ, അമേരിക്കക്ക് മറ്റൊരു സൈനിക കരാർ, ഇസ്രയേലിനും റഷ്യക്കും മറ്റു കരാറുകൾ.

വിദേശ നിക്ഷേപം ആവശ്യപ്പെട്ട് അയാൾ ലോകം മുഴുവൻ സഞ്ചരിച്ചു. ജപ്പാന്റെ നിക്ഷേപങ്ങൾ ത്വരിതപ്പെടുത്താൻ അയാൾ പ്രധാനമന്ത്രി കാര്യാലയത്തിൽ ഒരു പ്രത്യേക വിഭാഗം വരെയുണ്ടാക്കി. അവർക്കു അതിവേഗ തീവണ്ടിയുടെ കരാറും കൊടുത്തു. വിദേശനിക്ഷേപം ആകർഷിക്കാൻ ചടുല ഭാഷണക്കാരായ ഉദ്യോഗസ്ഥരെ നിയമിച്ചു. ഇന്ത്യയിലെ തെക്കൻ കൊറിയയുടെ നിർമ്മാണശാലകൾ ഉദ്ഘാടനം ചെയ്യാൻ നേരിട്ട് പോയി. വിദേശ വ്യാപാര ഉദ്യോഗസ്ഥർക്ക് ഇവിടെ സ്വർഗം വാഗ്‌ദാനം ചെയ്തു. FDI കണക്കുകൾ കൊട്ടിഘോഷിക്കാനും വിദേശ കമ്പനികൾ ഉദ്ഘാടനം ചെയ്യാനും ഇപ്പോഴും ശ്രദ്ധിച്ചു.

സന്ദേശം ലളിതമാണ്; നിങ്ങളുടെ വ്യാപാര നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നു, കാരണം അത് ഒളിച്ചുവെച്ച അജണ്ടകളില്ലാത്ത വ്യാപാര ഇടപാടുകൾ മാത്രമാണ്.

ഈ പശ്ചാത്തലത്തിലാണ് കേരളത്തിനുള്ള വിദേശ സഹായ വാഗ്ദാനത്തിലെ സർക്കാർ നിലപാടിനെ മനസിലാക്കണ്ടത്.

ദുരന്തങ്ങൾക്ക് വിദേശ സഹായം സ്വീകരിക്കുന്നതിനോട്ട് എതിർപ്പിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഏതെങ്കിലും ഒരു വിദേശ ശക്തിയുടെ ശക്തിക്കോ പ്രത്യയശാസ്ത്രത്തിനോ കീഴ്പ്പെടുന്നതിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് ആശങ്കയുണ്ടായിരുന്നു. 2002-2003 ൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടാൻ തുടങ്ങിയപ്പോൾ വാജ്പേയി ഈ ഈ കാഴ്ച്ചപ്പാട് വ്യക്തമാക്കി. അതിനുശേഷം മൻമോഹൻ സിങ്ങും ഇതേ നയം കൂടുതൽ ശക്തമാക്കി.

വിദേശ സഹായം സ്വീകരിക്കേണ്ട എന്ന് വാജ്പേയി സർക്കാർ നിലപാടെടുക്കുന്ന കാലത്ത് ലോകം വ്യത്യസ്തമായിരുന്നു; ഇന്ത്യൻ സമ്പദ് വ്യവസ്ഥ 75 ബില്യൺ ഡോളർ വിദേശ നാണയ ശേഖരവുമായി ശക്തമായി നിൽക്കുന്ന സമയം. കാലാവസ്ഥ മാറ്റം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. ഇപ്പോഴുള്ള അത്രയും പ്രകൃതി ദുരന്തങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നുമില്ല.
വാസ്തവത്തിൽ 2016 ലെ ദേശീയ ദുരന്ത നിവാരണ പദ്ധതിയിൽ (NDMP) മോദി സർക്കാർ വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള വഴി പറയുന്നുണ്ട്; “ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാർ വിദേശ സഹായത്തിനുള്ള അഭ്യർത്ഥന നൽകില്ല. എന്നാൽ, ഏതെങ്കിലും രാജ്യത്തെ ദേശീയസർക്കാർ ദുരന്തബാധിതരോടുള്ള ഐക്യം പ്രഖ്യാപിച്ചു സൗഹൃദ സൂചകമായി സഹായം വാഗ്ദാനം ചെയ്‌താൽ കേന്ദ്ര സർക്കാർ ആ സഹായം സ്വീകരിക്കിച്ചേക്കാം.”

എന്നാൽ മോദി, വാജ്പേയീ കാലത്തെ ഒരു കൗശലമായി ഉപയോഗിക്കുകയാണ്. യു എ ഇ അടക്കമുള്ള വിദേശസഹായം തള്ളുന്നതിൽ മോദിയുടെ ലോകവീക്ഷണത്തിന്റെ പ്രതിബിംബക്കാഴ്ച്ചയുണ്ട്: ഞങ്ങൾക്ക് എല്ലാ വാണിജ്യ പണവും ഞങ്ങളുടെ രാഷ്ട്രീയ കക്ഷിക്കുള്ള വിദേശ പണവും വേണം. പക്ഷെ പൗരസമൂഹത്തെ ശക്തിപ്പെടുത്തുകയും അവർക്കു ആഗോള ഐക്യദാർഢ്യവും ലഭിക്കുകയും ചെയ്യുന്ന ഒന്നും ഞങ്ങൾക്ക് വേണ്ട.

കാരണം, വെറുപ്പിന്റെയും അന്യരോടുള്ള വിദ്വേഷത്തിന്റെയും വെറുപ്പിന്റെ വൈതാളികർക്കുള്ള പരസ്യമായ പിന്തുണയുടെയും അക്രമത്തിനുള്ള നിശബ്ദമായ പ്രോത്സാഹനത്തിന്റെയും അടിത്തറയിൽ കെട്ടിപ്പൊക്കിയ മോദിയുടെ രാഷ്ട്രീയത്തിന് അനുതാപവും സഹജീവി സഹായവും അതിന്റെ ഏറ്റവും വലിയ ശത്രുവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍