UPDATES

ഇനി സ്വകാര്യത വേണ്ടെന്ന് കേന്ദ്രം; എല്ലാവരുടേയും കംപ്യൂട്ടറുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും

പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യ പ്രവര്‍ത്തകരുമടക്കം മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

രാജ്യത്ത് ഏത് സ്വകാര്യ കംപ്യൂട്ടറും പരിശോധിക്കാന്‍ ഡല്‍ഹി പൊലീസ് അടക്കം വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വലിയ വിവാദമായിരിക്കുയാണ്. പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യ പ്രവര്‍ത്തകരുമടക്കം മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഐബി (ഇന്റലിജന്‍സ് ബ്യൂറോ), നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി), ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ്, സിബിഐ, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാനുള്ള അംഗീകാരം നല്‍കിയത് സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. നേരത്തെ ഏതെങ്കിലും കേസിലെ പ്രതികളേയോ രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളുമായി ബന്ധപ്പെട്ടോ കോടതികളുടെ മുന്‍കൂര്‍ അനുമതി പ്രകാരം ഇത്തരം പരിശോധനകള്‍ നടത്താമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഇനി ഈ അനുമതി ആവശ്യമില്ല. ആഭ്യന്തര സെക്രട്ടറിയാണ് തീരുമാനമെടുക്കേണ്ടത്.

കംപ്യൂട്ടര്‍ പരിശോധന – വിവരങ്ങള്‍

2009ലെ ഐടി ചട്ടങ്ങളിലെ റൂള്‍ നാലും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും 2000ലെ ഐടി ആക്ടിലെ സെക്ഷന്‍ 69ഉം പ്രകാരം ഏത് കംപ്യൂട്ടറിലേയും രേഖകള്‍ പരിശോധിക്കാം.

2018 ഡിസംബര്‍ 20ന്റെ സ്റ്റാറ്റിയൂട്ടറി ഓര്‍ഡര്‍ 2009ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ഐഎസ്പികള്‍ക്കും (ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ്) ടി എസ് പികള്‍ക്കും (ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ്) ഇന്റര്‍മീഡിയറികള്‍ക്കും ഏജന്‍സികള്‍ക്കും വിവരങ്ങള്‍ പരിശോധിക്കാന്‍ അനുമതി.

സുരക്ഷാ, നിയമ ഏജന്‍സികള്‍ക്ക് പുതിയ അധികാരങ്ങളില്ല.

പരിശോധന, നിരീക്ഷണം തുടങ്ങിയവയ്‌ക്കെല്ലാം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വേണം. 2009ലെ ഐടി ചട്ട പ്രകാരം സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്കും ഈ അധികാരം ലഭിക്കും.

ഐടി ചട്ടങ്ങളിലെ റൂള്‍ 22 പ്രകാരം ഇത്തരം പരിശോധനകളും നിരീക്ഷണങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ റിവ്യു കമ്മിറ്റിയുടെ മുന്നില്‍ വയ്ക്കണം. രണ്ട് മാസം കൂടുമ്പോള്‍ കേസുകള്‍ കമ്മിറ്റി വിലയിരുത്തും. സംസ്ഥാനങ്ങളില്‍ ഇത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരിക്കും വിലയിരുത്തുക.

ഏത് കംപ്യൂട്ടര്‍ വിവരം സംബന്ധിച്ചുമുള്ള പരിശോധന, നിരീക്ഷണം, ഡിക്രിപ്ഷന്‍ എന്ന് നിയമപ്രകാരം ഉറപ്പുവരുത്തുക.

പരിശോധനയും നിരീക്ഷണവും നടത്താന്‍ അധികാരമുള്ള ഏജന്‍സികള്‍ സംബന്ധിച്ച വിവരങ്ങള്‍, അധികാരമില്ലാത്ത ഏജന്‍സികളെ, വ്യക്തികളെ ഇതില്‍ നിന്ന് തടയല്‍.

മോദി സര്‍ക്കാരില്‍ നിന്ന് സ്റ്റാക്കര്‍ (വേട്ടക്കാരന്‍) സര്‍ക്കാരായിരിക്കുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2009ല്‍ യുപിഎ കാലത്തെ ചട്ട പ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും പ്രതിപക്ഷം അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലി വാദിച്ചു. രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. ഊതിപ്പെരുപ്പിച്ച് ഇല്ലാത്ത പ്രശ്‌നമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് എന്ന് ജയ്റ്റ്‌ലി ആരോപിച്ചു.

എന്തുകൊണ്ടാണ് എല്ലാ ഇന്ത്യക്കാരേയും ക്രിമിനലുകളായി കാണുന്നത് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. ടെലിഫോണ്‍ ടാപ്പിംഗ് ചട്ടങ്ങള്‍, സുപ്രീം കോടതിയുടെ സ്വകാര്യത വിധി, ആധാര്‍ വിധി ഇതിനെല്ലാം വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ് സര്‍ക്കാര്‍ ഉത്തരവെന്ന് യെച്ചൂരി പറഞ്ഞു.

ദേശീയ സുരക്ഷാ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയത് എന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 2009ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരമാണിത്. ഓരോ പരിശോധനയും ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനവും അംഗീകാരവും പ്രകാരം മാത്രമേ നടക്കൂ എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

അതേസമയം ഭരണകൂടം വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് നുഴഞ്ഞുകയറുന്ന സര്‍വൈലന്‍സ് സ്‌റ്റേറ്റ് ആക്കി ഇന്ത്യയെ മാറ്റാനുള്ള നീക്കവും അടിയന്തരാവസ്ഥ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതുമാണെന്ന് ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് ആരോപിച്ചു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിലുള്ള ഭരണഘടനാവിരുദ്ധവും നേരിട്ടുള്ളതുമായ ആക്രമണമാണ്. ഇത് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ജഡ്ജിമാരും പാര്‍ലമെന്റ് അംഗങ്ങളും സാധാരണക്കാരുമെല്ലാം ഈ സ്‌നൂപ്പിംഗിന് വിധേയരാകേണ്ടി വരും. നിലവില്‍ ടെലഗ്രാഫ് ആക്ട് പ്രകാരം സര്‍ക്കാര്‍ നിരീക്ഷണത്തിന് അനുമതി നല്‍കുന്നുണ്ട്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിലും ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങളിലുമുള്ള കടന്നുകയറ്റമാണ്. ഡാറ്റ ആക്‌സസിന് അനുമതി നിഷേധിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. 2017ലെ സുപ്രീം കോടതിയുടെ സ്വകാര്യത വിധിക്ക് വിരുദ്ധമാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് എന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍