UPDATES

ഉന്നാവോ ബലാൽസംഗക്കേസ് പ്രതിക്ക് സസ്പെൻഷനോ പുറത്താക്കലോ? ഉരുണ്ടു കളിച്ച് ബിജെപി

കേന്ദ്രം പുറത്താക്കിയത് താൻ അറിഞ്ഞില്ലെന്ന് യുപി സംസ്ഥാന അധ്യക്ഷൻ

ഉന്നാവോ ബലാല്‍സംഗക്കേസിലെ മുഖ്യപ്രതിയും ബിജെപി എംഎൽഎയുമായ കുൽദീപ് സെൻഗറെ ബിജെപി പുറത്താക്കിയെന്ന വാർത്ത തെറ്റെന്ന് ചൂണ്ടിക്കാട്ടി ചില റിപ്പോർട്ടുകൾ വരുന്നു. ഇന്ന് രാവിലെയാണ് ബലാൽസംഗം നടന്ന് രണ്ട് വര്‍ഷത്തിനു ശേഷം സെൻഗറെ പാർട്ടി പുറത്താക്കിയെന്ന വാർത്ത ദേശീയമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. എഎൻഐ പോലുള്ള വാർത്താ ഏജൻസികളെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോർട്ടുകൾ. എന്നാല്‍ സത്യാവസ്ഥ ഇതല്ലെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സെൻഗറെ പുറത്താക്കിയിട്ടില്ലെന്നും സസ്പെൻഡ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും യുപി ബിജെപി പ്രസിഡണ്ട് സ്വതന്ത്രദേവ് സിങ് പറയുന്നതിന്റെ വീഡിയോ സഹിതമാണ് പുതിയ വാർത്തകൾ വരുന്നത്. പുറത്താക്കിയിട്ടില്ലെന്ന പ്രസ്താവന നടത്തിയതിനു പിന്നാലെത്തന്നെ അതിൽ തിരുത്ത് വരുത്തിയുള്ള പ്രസ്താവനയും ഇദ്ദേഹം നടത്തി.

കുൽദീപ് സെൻഗറിനെ കേന്ദ്രനേതൃത്വം പുറത്താക്കിയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും അതിനാലാണ് സസ്പെൻഷൻ മാത്രമേയുള്ളൂവെന്ന് പറഞ്ഞതെന്നും സ്വതന്ത്രദേവ് വിശദീകരിച്ചു. ആരെയും പുറത്താക്കാൻ സംസ്ഥാന പ്രസിഡണ്ടിന് അധികാരമില്ലെന്ന വാദവും സ്വതന്ത്രദേവ് ഉന്നയിച്ചു.

വളരെ നേരത്തെ തന്നെ കുൽദീപ് സെൻഗറിനെ പുറത്താക്കിയതാണെന്നും അതിൽ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നുമാണ് സ്വതന്ത്രദേവ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ രാവിലെ മുതൽ ഇംഗ്ലീഷ് മാധ്യമങ്ങൾ സെന്‍ഗറിനെ പുറത്താക്കിയെന്ന വാർത്ത നൽകിക്കൊണ്ടുമിരുന്നു. ആശയക്കുഴപ്പം വർധിച്ചപ്പോഴാണ് വീണ്ടും യുപി ബിജെപി അധ്യക്ഷന്റെ പ്രസ്താവന വന്നിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം സെന്‍ഗറെ പാര്‍ട്ടിയില്‍ നിന്ന സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി അറിയിച്ചിരുന്നെങ്കിലും തീരുമാനം സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ഉന്നാവോ കേസുകളുടെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേയ്ക്ക് മാറ്റുകയും കോടതി മേല്‍നോട്ടത്തില്‍ റോഡ് അപകടം കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപിയുടെ നടപടി. നാല് കേസുകളുടെ വിചാരണയാണ് യുപിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറ്റിയത്. ഈ ആവശ്യം ഇരയായ പെണ്‍കുട്ടിയുടെ അമ്മ സുപ്രീം കോടതിയോട് ഉന്നയിച്ചിരുന്നു.

കുല്‍ദീപ് സിംഗ് സെന്‍ഗറെ ബിജെപിയും യോഗി ആദിത്യനാഥ് സര്‍ക്കാരും സംരക്ഷിക്കുകയാണ് എന്ന പരാതി രണ്ട് വര്‍ഷമായുണ്ട്. 2018 ഏപ്രിലിലാണ് കുല്‍ദീപ് സിംഗ് സെന്‍ഗറിനെ അറസ്റ്റ് ചെയുന്നത്. കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ജയിലില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് റോഡ് അപകടം ആസൂത്രണം ചെയ്യപ്പെട്ടത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

അതെസമയം ഉന്നാവോ കെസിലെ ഇരയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നാവോ ബലാത്സംഗകേസുമായി ബന്ധപ്പെട്ട വധശ്രമ കേസുകളുടെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേയ്ക്ക് മാറ്റാനും അന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും വ്യക്തമാക്കയതിന് പിന്നാലെ ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നിർദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍