UPDATES

വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി വരുമോ? കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയുമില്ല

രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബംഗളൂരു സൗത്തില്‍ ബികെ ഹരിപ്രസാദ് ആണ് സ്ഥാനാര്‍ത്ഥി.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും വടകരയുമില്ല. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബംഗളൂരു സൗത്തില്‍ ബികെ ഹരിപ്രസാദ് ആണ് സ്ഥാനാര്‍ത്ഥി. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് മത്സരിക്കുന്നത്.

വയനാട് രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന സൂചന മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയിരുന്നു. രാഹുല്‍ ഇതില്‍ അനുകൂലമായ തീരുമാനമെടുത്തേക്കുമെന്ന സൂചനയാണ് ഉമ്മന്‍ ചാണ്ടിയും മറ്റും നല്‍കിയത്. ഇന്നലെ മുതല്‍ രാഹുലിന്റെ വയനാട് മത്സരം വലിയ ചര്‍ച്ചയാണ്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും വികാരം മാനിക്കുന്നതായും സ്‌നേഹ ബഹുമാനങ്ങളില്‍ സന്തോഷമുണ്ടെന്നും ഇത് ഗൗരവമായി പരിഗണിക്കുന്നുണ്ട് എന്നുമാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല പറഞ്ഞത്.

അതേസമയം ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കളുടെ വാദം തള്ളുകയാണ് പ്രവര്‍ത്തകസമിതി അംഗം പിസി ചാക്കോ ചെയ്തത്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാം എന്ന് പറഞ്ഞു എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വസ്തുതാവിരുദ്ധമാണ് എന്നാണ് പിസി ചാക്കോ പറഞ്ഞത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും പടലപ്പിണക്കങ്ങളുമാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ ഗാന്ധി പരിഗണിക്കുന്നതായും അതേസമയം വയനാടിന്റെ കാര്യം കോണ്‍ഗ്രസ് നേതാക്കളൊന്നും പറയുന്നില്ലെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

വടകരയില്‍ കെ മുരളീധരന്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അതേസമയം വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും എന്ന് കരുതപ്പെടുന്ന ടി സിദ്ദിഖ് രാഹുല്‍ ഗാന്ധി വരുന്ന സാഹചര്യത്തില്‍ താന്‍ മത്സര രംഗത്ത് നിന്ന് പിന്മാറുന്നതായി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതുകക്ഷികളും വിമര്‍ശകരും ചൂണ്ടിക്കാട്ടിയിരുന്നു. നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വയനാട്, വടകര സീറ്റുകള്‍ സംബന്ധിച്ചും രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്ന കാര്യം സംബന്ധിച്ചും തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയും ഇന്ന് പുറത്തിറങ്ങിയെങ്കിലും ഇതിലും വയനാടും വടകരയുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍