1.30നുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
കർണാടകത്തിൽ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുകയാണെന്ന് ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്. കഴിഞ്ഞദിവസം തുടങ്ങുകയും പിന്നീട് നിർത്തിവെക്കേണ്ടി വരികയും ചെയ്ത നടപടിക്രമങ്ങളിലേക്കാണ് ഇപ്പോൾ ചേർന്ന നിയമസഭാ സമ്മേളനം പോകുന്നത്. വിശ്വാസപ്രമേയത്തിൽ ചർച്ചയിലേക്കാണ് സ്പീക്കർ കടന്നിരിക്കുന്നത്. ഇന്ന് പ്രമേയം അവതരിപ്പിക്കപ്പെടില്ലെന്നാണ് കരുതേണ്ടത്.
സംസ്ഥാന സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും ഉടൻ വിശ്വാസപ്രമേയം പരിഗണനയ്ക്കെടുക്കണമെന്നുമുള്ള ഗവർണറുടെ കത്തിനെ സഭാധ്യക്ഷൻ പൂർണമായും തള്ളിക്കളഞ്ഞു. വിശ്വാസപ്രമേയത്തിൽ ഇന്ന് ചർച്ച തുടങ്ങാനാണ് സ്പീക്കർ തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു മുമ്പ് വിശ്വാസം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോട് നേരത്തെ തന്നെ കോൺഗ്രസ് ഇടഞ്ഞിരുന്നു. സഭാനടപടികളിന്മേൽ സ്പീക്കറെ മറികടക്കാൻ ഗവർണർക്ക് സാധിക്കില്ലെന്ന നിലപാടിലാണ് സഖ്യ സർക്കാർ.
കഴിഞ്ഞദിവസം സിദ്ധരാമയ്യ അവതരിപ്പിച്ച ക്രമപ്രശ്നത്തിന്മേൽ തട്ടി സഭാനടപടികൾ മുമ്പോട്ടു നീങ്ങാതെ അവസാനിച്ചിരുന്നു. സുപ്രീംകോടതി സഭയിലെ കക്ഷികളുടെ വിപ്പ് നൽകാനുള്ള അവകാശത്തിൽ ഇടപെടുന്നുവെന്ന ആരോപണമുന്നയിക്കുന്നതായിരുന്നു ക്രമപ്രശ്നം.
1.30നുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് എംഎൽഎമാർ തന്നെ വന്നു കണ്ടതായും രാജി സമർപ്പിച്ചതായും ഗവർണർ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സഭ വിളിച്ചുകൂട്ടി വിശ്വാസവോട്ട് തേടുന്നുവെന്നതിനാൽ താൻ ഇതുവരെ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. വോട്ടെടുപ്പ് ഇങ്ങനെ നീളുന്നത് ജനാധിപത്യ രീതികൾക്ക് നിരക്കുന്നതല്ലെന്ന് ഗവർണർ പറഞ്ഞു. എന്നാൽ 18ന് നടന്ന സഭാസമ്മേളനത്തില്‍ വിശ്വാസവോട്ട് നടത്തണമെന്ന നിർദ്ദേശം സഭാധ്യക്ഷൻ കെആർ രമേഷ് കുമാർ അംഗീകരിച്ചിരുന്നില്ല.
അതെസമയം കഴിഞ്ഞദിവസം ബിജെപി അംഗങ്ങൾ സഭയിൽ തന്നെയാണ് കഴിച്ചു കൂട്ടിയത്. സഭാംഗങ്ങൾ സഭയിലുറങ്ങുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. രാജിവച്ച 16 പേരിൽ കോൺഗ്രസ് വിമതൻ രാമലിംഗ റെഡ്ഡി മാത്രം രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിമതര്‍ വിപ്പ് ലംഘിച്ചാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാണെന്ന് ഡികെ ശിവകുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.