UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധികാരങ്ങൾ കവരാൻ നീക്കമെന്ന് കോൺഗ്രസ്സ്; സാമ്പത്തികപ്രതിസന്ധിക്ക് കാരണം ആർബിഐ എന്ന് കേന്ദ്രം

2008 മുതൽ 2014 വരെ ആർബിഐ നടപ്പാക്കിയ നയങ്ങളാണ് ഇപ്പോൾ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന വാദമാണ് അരുണ്‍ ജെയ്റ്റ്‌ലി ഉന്നയിക്കുന്നത്.

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വയംഭരണ സംവിധാനം തകർക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. ആർബിഐയുടെ ഭരണസംവിധാനത്തിൽ ഇടപെടാൻ ചരിത്രത്തിലിന്നുവരെ നടന്നിട്ടില്ലാത്ത പ്രയോഗങ്ങൾക്ക് കേന്ദ്രം തയ്യാറാകുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സ് രംഗത്തു വന്നിരിക്കുന്നത്. കേന്ദ്ര ബാങ്ക് സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതും ആയിരിക്കണമെന്ന് കോൺഗ്രസ്സ് നേതാവ് ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.

പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാനുള്ള അധികാരം ആർബിഐയിൽ നിക്ഷിപ്തമായിരിക്കണമെന്ന് ആനന്ദ് ശർമ പറഞ്ഞു. റിസർവ്വ് ബാങ്കിന്റെ അധികാരപരിധിയിൽ കടന്നുകയറുകയും സാമ്പത്തികനയങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്ന നീക്കമാണ്. സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ബോഡിക്ക് അധികാരങ്ങളെല്ലാം കൈമാറ്റം ചെയ്യുന്നത് സാമ്പത്തിക വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ആനന്ദ് ശർമ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം ആർബിഐക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ബാങ്കുകളിൽ കിട്ടാക്കടങ്ങൾ പെരുകുന്നതിനു കാരണം ആർബിഐയുടെ നയങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ‘പൊതുജനതാൽപര്യാർത്ഥം’ ആർബിഐയുമായി സർക്കാർ ചില ചർച്ചകൾ നടത്തിവരുന്നതായി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കി. ആർബിഐ നിയമത്തിന്റെ ഏഴാം വകുപ്പാണ് ‘പൊതുജനതാൽപര്യാർത്ഥം’ എന്ന പ്രയോഗത്തിലൂടെ ജെയ്റ്റ്‌ലി സൂചിപ്പിച്ചത്. കേന്ദ്ര ബാങ്കിന് ‘പൊതുജനതാൽപര്യാർത്ഥം’ നിർദ്ദേശങ്ങൾ നൽകുവാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഏഴാംവകുപ്പ് പറയുന്നുണ്ട്. ചരിത്രത്തിലിന്നു വരെ ഒരു സര്‍ക്കാരും ഈ വ്യവസ്ഥ ഉപയോഗിച്ച് റിസർവ്വ് ബാങ്കിന്റെ അധികാരങ്ങളിൽ ഇടപെട്ടിട്ടില്ല.

ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളെ വിമർശിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് അരുൺ ജെയ്റ്റ്‍ലി കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യത്തെ മാനിക്കാത്ത സർക്കാർ സാമ്പത്തികവിപണിയിൽ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ആചാര്യ മുന്നറിയിപ്പ് നൽകി. ആർബിഐയുടെ സ്വാതന്ത്ര്യത്തിന് തടയിടുന്ന ഏത് സർക്കാരും ‘സെൽഫ് ഗോൾ’ അടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2008 മുതൽ 2014 വരെ ആർബിഐ നടപ്പാക്കിയ നയങ്ങളാണ് ഇപ്പോൾ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന വാദമാണ് അരുണ്‍ ജെയ്റ്റ്‌ലി ഉന്നയിക്കുന്നത്. 2019 ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

ആർബിഐയുടെ അധികാരങ്ങളിൽ അവിഹിതമായി ഇടപെടുന്ന രീതി മോദി സർക്കാർ അധികാരത്തിലേറിയ കാലം മുതൽ തുടങ്ങിയതാണെന്ന് കോൺഗ്രസ്സ് വിമർശിക്കുന്നു. ഇതിനുദാഹരണമായി ആനന്ദ് ശർമ ചൂണ്ടിക്കാട്ടിയത് 2016 നവംബർ എട്ടിന് നടന്ന നോട്ടു നിരോധനമാണ്.

സിബിഐക്ക് പിന്നാലെ റിസര്‍വ് ബാങ്ക് Vs മോദി സര്‍ക്കാര്‍; ആശങ്കയോടെ ബാങ്കിംഗ് മേഖല

“അച്ഛേ ദിന്‍ കോടിപതി”: മോദി സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകള്‍ എഴുതിത്തള്ളിയത്‌ 3,16,500,000,0000 രൂപ

റാഫേൽ ഇടപാട്: പൊളിഞ്ഞുവീഴുന്ന കള്ളങ്ങൾ

അംബാനിയുടെ കമ്പനിയെ കരാറിന്റെ ഭാഗമാക്കിയത് മെയ്ക്ക് ഇൻ ഇന്ത്യയുടെ പേരിൽ; മിനുട്സ് രേഖകൾ പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍