UPDATES

വാര്‍ത്തകള്‍

ഹിന്ദുക്കളെ പേടിച്ച് രാഹുൽ ഗാന്ധി ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന് നരേന്ദ്രമോദി

ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന വ്യാപകമായ ആവശ്യത്തെ മുൻനിർത്തിയാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നതെന്നാണ് കോൺഗ്രസ്സിന്റെ വിശദീകരണം.

ഹിന്ദു മേഖലയിൽ നിന്നും രാഹുൽ ഗാന്ധി ഒളിച്ചോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിക്ക് ഹിന്ദുക്കളെ പേടിയാണെന്നും മോദി പരിഹസിച്ചു. വയനാട് മുസ്ലിം മണ്ഡലമാണെന്നും പാകിസ്താൻ അനുകൂലികളാണ് അവിടെയുള്ളതെന്നുമുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാണ്. ഇതിനു പിന്നാലെയാണ് മോദിയുടെ പ്രസ്താവന.

ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സീറ്റിൽ മത്സരിക്കാൻ രാഹുലിന് ധൈര്യമില്ലെന്ന് മഹാരാഷ്ട്രയിലെ വാർധയിൽ സംസാരിക്കവെ മോദി പറഞ്ഞു. ഇക്കാരണത്താലാണ് ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള ഒരു മണ്ഡലത്തിലേക്ക് രാഹുൽ പോയിരിക്കുന്നത്. അമേത്തിയെക്കൂടാതെ കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട് രാഹുൽ ഗാന്ധിയെന്നത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസ്താവന. എന്തുകൊണ്ടാണ് രാഹുൽ ബിജെപിക്ക് ശക്തി കുറഞ്ഞ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നതെന്നത് ദേശീയമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

‘ഹിന്ദു ഭീകരത’ എന്ന വാക്ക് സൃഷ്ടിച്ചത് കോൺഗ്രസ്സാണെന്ന് മോദി ആരോപിച്ചു. 5000 വർഷം പഴക്കമുള്ള ഹിന്ദു സംസ്കാരത്തെ അപമാനിക്കുകയാണ് ഇതുവഴി കോൺഗ്രസ്സ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം വയനാട് ലോകസഭാ മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടുകൾ കൂടുതലാണെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് വസ്തുതകൾ പിന്തുണ നല്‍കുന്നില്ല. മതം തിരിച്ച് കണക്കെടുക്കുകയാണെങ്കിൽ 49.48% ശതമാനം ഹിന്ദു വോട്ടുകളാണ് വയനാട്ടിലുള്ളത്. മുസ്ലിങ്ങളുടെ വോട്ട് 28.65 ശതമാനമാണ്. ക്രിസ്ത്യൻ വോട്ടുകൾ 21.34 ശതമാനമാണ്. മറ്റ് മതക്കാര്‍ 0.53 ശതമാനമാണുള്ളത്.

ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന വ്യാപകമായ ആവശ്യത്തെ മുൻനിർത്തിയാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നതെന്നാണ് കോൺഗ്രസ്സിന്റെ വിശദീകരണം. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയുടെ സാമീപ്യവും ഈ മണ്ഡലത്തിലേക്ക് രാഹുൽ വരുന്നതിന് കാരണമായെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണി പറയുകയുണ്ടായി.

ബിജെപിക്ക് ശക്തിയില്ലാത്ത ഒരു സംസ്ഥാനത്ത് വന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോൾ അത് രാജ്യത്തിന് എന്ത് സന്ദേശമാണ് രാജ്യത്തിന് നൽകുകയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും ചോദ്യമുന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍