UPDATES

രാജി പിന്‍വലിക്കാന്‍ രാഹുല്‍ സമ്മതിക്കുന്നില്ല, കോണ്‍ഗ്രസ് നേതൃപ്രതിസന്ധിയെന്ന് കെസി വേണുഗോപാല്‍

രാഹുല്‍ തീരുമാനം മാറ്റാത്ത സാചര്യത്തില്‍ പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടുകയാണ് എന്ന് വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം മാറ്റാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകാത്തത് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ളതായി സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷതായിരുന്നില്ല വലിയ പരാജയമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ തീരുമാനം മാറ്റാത്ത സാചര്യത്തില്‍ പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ടുകയാണ് എന്ന് വേണുഗോപാല്‍ പറഞ്ഞു.

മുഴുവന്‍ സമയവും കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനായി നീക്കി വയ്ക്കാം, എന്നാല്‍ പ്രസിഡന്റാകാന്‍ തയ്യാറല്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാട്. പാര്‍ട്ടി പ്രസിഡന്റായി തുടരണം എന്ന ലോക്‌സഭ എംപിമാരുടെ ആവശ്യവും രാഹുല്‍ ബുധനാഴ്ച തള്ളി. പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു. ഈ ചര്‍ച്ചയിലാണ് എംപിമാര്‍ ആവശ്യം ഉന്നയിച്ചത്.

തിരുച്ചിറപ്പള്ളി എംപി സുബ്ബുരാമന്‍ തിരുനാവുക്കരശര്‍ ആണ് ആദ്യം ആവശ്യം ഉയര്‍ത്തിയത്. ഇതിനെ പിന്തുണച്ച് ശശി തരൂരും മനീഷ് തിവാരിയും രംഗത്തെത്തിയ എംപിമാരെല്ലാം ഈ ആവശ്യം ഉയര്‍ത്തി. എന്നാല്‍ രാഹുല്‍ ഇതിനോട് ആദ്യം പ്രതികരിച്ചില്ലെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് രാഹുല്‍ ഇതേക്കുറിച്ച് പറഞ്ഞത് 24 മണിക്കൂറും കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് എന്നും എന്നാല്‍ അത് പാര്‍ട്ടി പ്രസിഡന്റായിട്ട് ആയിരിക്കില്ല എന്നുമാണ്.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തുന്നതിന് മുമ്പായാണ് രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വീണ്ടും ശ്രമം നടക്കുന്നത്. രാജി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് 12 തുഗ്ലക് ലേനിലെ രാഹുലിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ഇന്നലെ രാഹുല്‍ എന്‍സിപി എംപിയും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയെ കണ്ടിരുന്നു. ഇരു നേതാക്കളും നിയസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തി. മേയ് 25ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാജി വയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തില്‍ പൊട്ടിത്തെറിച്ചിരുന്നു.

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വര തുടരാമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. പുനസംഘടനയുടെ ഭാഗമായി കര്‍ണാടക, ഉത്തര്‍പ്രദേശ് പിസിസികള്‍ പിരിച്ചുവിട്ടിരുന്നു. കര്‍ണാടകയില്‍ പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവിനെ മാറ്റാതെയാണ് പിസിസി പിരിച്ചുവിട്ടത്. അതേസമയം യുപി പിസിസി പ്രസിഡന്റ് രാജ് ബബ്ബറും പഞ്ചാബ് പിസിസി പ്രസിഡന്റ് സുനില്‍ ഝാക്കറും നേരത്തെ തന്നെ രാജി വച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍