UPDATES

ജമ്മു കാശ്മീരില്‍ പിഡിപിക്ക് പിന്തുണയില്ലെന്ന് കോണ്‍ഗ്രസ്; ഉടന്‍ തിരഞ്ഞെടുപ്പ് വേണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

പിഡിപിയുമായി ഒരു ധാരണയും സാധ്യമല്ലെന്നും ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. സാഹചര്യമനുസരിച്ച് നേരത്തെ തിരഞ്ഞെടുപ്പ് നടത്തണോ എന്ന് ഗവര്‍ണര്‍ ആലോചിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്ന നിലപാട്.

ജമ്മു കാശ്മീരില്‍ പിഡിപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണക്കേണ്ടതില്ലെന്നാണ് ഇന്ന് ന്യൂഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പോളിസി പ്ലാനിംഗ് ഗ്രൂപ്പ് യോഗം തീരുമാനിച്ചിരിക്കുന്നത്. നാളെ ശ്രീനഗറില്‍ ചേരുന്ന പാര്‍ട്ടി എംഎല്‍എമാരുടേയും എംഎല്‍സിമാരുടേയും മുന്‍ എംഎല്‍എമാരുടേയും യോഗം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും. സാഹചര്യമനുസരിച്ച് നേരത്തെ തിരഞ്ഞെടുപ്പ് നടത്തണോ എന്ന് ഗവര്‍ണര്‍ ആലോചിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്ന നിലപാട്. ജൂണ്‍ 19ന് ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മെഹബൂബ മുഫ്തിയും പിഡിപി മന്ത്രിമാരും രാജി വയ്ക്കുകയായിരുന്നു. മൂന്ന് വര്‍ഷമായി സംസ്ഥാനത്ത് ഭരണം നടത്തിയിരുന്ന സഖ്യം തകരുകയും ചെയ്തു.

ജമ്മു കാശ്മീരില്‍ പിഡിപിയെ പിന്തുണക്കില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിഎ മിര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല. പിഡിപിയടക്കം ഒരു പാര്‍ട്ടിയേയും കോണ്‍ഗ്രസ് പിന്തുണക്കില്ലെന്നും ജിഎ മിര്‍ വ്യക്തമാക്കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ജിഎ മിര്‍ ഇക്കാര്യം പറഞ്ഞത്. 2014 ഡിസംബറിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തൂക്ക് സഭ നിലവില്‍ വന്നപ്പോള്‍ തങ്ങള്‍ പിഡിപിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ പിഡിപി അത് നിരസിച്ച് ബിജെപിയെ ഒപ്പം കൂട്ടിയതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടാക്കി സംസ്ഥാനത്തെ നശിപ്പിക്കുകയാണ് പിഡിപി ചെയ്തതെന്ന് ജിഎ മിര്‍ കുറ്റപ്പെടുത്തി. പിഡിപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകളും അഭ്യൂഹങ്ങളും പുറത്തുവരുന്ന സാഹചര്യത്തിലാണ് വിശദീകരണം.

നിലവില്‍ ജമ്മുകാശ്മീര്‍ നിയമസഭയിലെ കക്ഷി നില ഇങ്ങനെയാണ് – പിഡിപി – 28, ബിജെപി – 25, നാഷണല്‍ കോണ്‍ഫറന്‍സ് – 15, കോണ്‍ഗ്രസ് – 12, പീപ്പിള്‍സ് കോണ്‍ഫറന്‍സ് – 2, സിപിഎം – 1, സ്വതന്ത്രര്‍ – അഞ്ച്. മെഹബൂബ മുഫ്തി, ന്യൂഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനെ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ജിഎ മിര്‍ നിഷേധിച്ചു. വിദേശസന്ദര്‍ശനം കഴിഞ്ഞ് ആസാദ് മടങ്ങിയെത്തുന്നതേ ഉള്ളൂ എന്നാണ് ഇന്നലെ രാത്രി മിര്‍ പറഞ്ഞത്.

അതേസമയം നാളത്തെ ശ്രീനഗര്‍ യോഗത്തിലും പിഡിപിയുമായി സഖ്യം എന്ന ആവശ്യം ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നത്. ഗുലാം നബി ആസാദും ജമ്മു കാശ്മീരിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അംബിക സോണിയും യോഗത്തില്‍ പങ്കെടുക്തും. ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രപതി ഭരണത്തിന്റെ സാധ്യതകള്‍ സംസ്ഥാനത്ത് ബിജെപി മുതലെടുക്കുമെന്ന ആശങ്ക പിഡിപിയ്ക്കും കോണ്‍ഗ്രസിനുമുണ്ട. എന്‍എന്‍ വോറയ്ക്ക് പകരം ബിജെപിയുടെ അജണ്ടകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗവര്‍ണറെ കൊണ്ടുവരുമെന്നാണ് ഇരു കക്ഷികളുടേയും ആശങ്കകളിലൊന്ന്.

ഇതുകൂടാതെ പിഡിപിക്കകത്തെ ഭിന്നതകള്‍ മുതലെടുക്കാനും അസംതൃപ്തരായവരെ തങ്ങളുടെ ക്യാമ്പിലേയ്ക്ക് കൊണ്ടുവരാനും ബിജെപി ശ്രമിക്കുന്നുണ്ട്. കാശ്മീരിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജ്ജാദ് ലോണുമായും സ്വതന്ത്ര എംഎല്‍എ എഞ്ചിനിയര്‍ റാഷിദുമായും പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ദാദ്രിയിലെ ആള്‍ക്കൂട്ട കൊലയടക്കം ബീഫിന്റേയും ഗോവധത്തിന്റേയും പേര് പറഞ്ഞ് സംഘപരിവാര്‍ ക്രിമിനലുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമമഴിച്ചുവിടുന്ന സമയത്ത് എഞ്ചിനിയര്‍ റാഷിദ് ബീഫ് ഫെസ്റ്റിവല്‍ നടത്തി പ്രതിഷേധിച്ചിരുന്നു.  സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഉദ്ദേശമില്ലെന്ന് ബിജെപി പറയുമ്പോളും ചര്‍ച്ചകള്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് പിഡിപി സഖ്യത്തെ പറ്റി കോണ്‍ഗ്രസ് ആലോചിക്കുന്നത്.

അതേസമയം പിഡിപിയും കോണ്‍ഗ്രസും ചേര്‍ന്നാലും 40 പേരേ ആവൂ. രണ്ട് നോമിനേറ്റ് അംഗങ്ങളെ ഒഴിവാക്കിയാല്‍ 87 അംഗങ്ങളുള്ള നിയമസഭയില്‍ 44 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മൂന്ന് സ്വതന്ത്രന്മാരുടെയും മറ്റൊരു അംഗത്തിന്റേയും പിന്തുണയുണ്ടെങ്കില്‍ പിഡിപിക്കും കോണ്‍ഗ്രസിനും സര്‍ക്കാരുണ്ടാക്കും. സജ്ജാദ് ലോണിന്റെ പീപ്പിള്‍സ് കോണ്‍ഫറന്‍സിന് രണ്ട് സീറ്റുണ്ട്. സിപിഎമ്മിനും ജമ്മു കാശ്്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫോറത്തിനും ഒന്ന് വീതം എംഎല്‍എമാരുണ്ട്. ഇവരുടെ പിന്തുണയും ഇവര്‍ക്ക് തേടാം. അല്ലെങ്കില്‍ 15 സീറ്റുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പിന്തുണച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകും. അതേസമയം പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ചേര്‍ന്നുള്ള സര്‍ക്കാര്‍ കാശ്മീരില്‍ അസാധ്യമായിരിക്കും. ബിജെപിക്ക് പ്രധാന പ്രതിപക്ഷമായി പ്രതിഷ്ഠിക്കാനുള്ള അവസരം ഇരു പാര്‍ട്ടികളും ചെയ്തുകൊടുക്കുമെന്ന് കരുതാനാകില്ല. അങ്ങനെ വരുമ്പോള്‍ പിഡിപിയുമായി കൂട്ടുകൂടണമെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഉപേക്ഷിക്കേണ്ടി വരും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയുമായി നില്‍ക്കുന്ന ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിനെ വിട്ട് പിഡിപിയുമായി ചേരാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്ന ചോദ്യമുണ്ട്.

അതേസമയം കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊക്കെ ‘വെറും പട്ടം പറത്തലാ’ണെന്നായിരുന്നു പിഡിപി നേതാവും മുന്‍ മന്ത്രിയുമായ നയീം അക്തറിന്റെ മറുപടി. ഉടന്‍ തിരഞ്ഞെടുപ്പ് വരുന്നതിനായാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും നയീം അക്തര്‍ പറയുന്നു. കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ നയീം അക്തര്‍ പൂര്‍ണമായും തള്ളി. പിഡിപിയുമായി ഒരു ധാരണയും സാധ്യമല്ലെന്നും ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍