UPDATES

ആപ്പ് കൂടെയില്ല, ഷീലാ ദീക്ഷിത്തും മക്കാനും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

ആറ് സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം സംബന്ധിച്ച് ആഴ്ചകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദിക്ഷിത്ത്, മുന്‍ അധ്യക്ഷന്‍ അജയ് മക്കാന്‍ എന്നിവര്‍ പട്ടികയിലുണ്ട്.

ഏഴ് സീറ്റുകളില്‍ ആറിടത്തെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആം ആദ്മി പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്നത് സംബന്ധിച്ച് ആഴ്ചകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായി. നോര്‍ത്ത് ഈസ്റ്റില്‍നിന്നാണ് ഷീലാ ദീക്ഷിത്ത് ജനവിധി തേടുക. അജയ് മക്കാന്‍ ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും.

ചാന്ദ്‌നി ചൗക്കില്‍ നിന്ന് ജെപി അഗര്‍വാളും ഈസ്റ്റ് ഡല്‍ഹിയില്‍നിന്ന് അരവിന്ദര്‍ സിംങ് ലൗവ്‌ലിയും മല്‍സരിക്കും. മഹബാല്‍ മിശ്രയാണ് പശ്ചിമ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി. സംവരണ മണ്ഡലമായ നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജേഷ് ലോലിതയും ജനവിധി തേടും. സൗത്ത് ഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തെ സംബന്ധിച്ച് തുറന്ന സമീപനമാണെന്നും എന്നാല്‍ കെജ്‌റിവാള്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സമീപനമാണ് സഖ്യസാധ്യത ഇല്ലാതാക്കിയതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്.

2014 ലെ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും ബിജെപിയ്ക്കായിരുന്നു വിജയം. ഇതിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റുകളില്‍ 67 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍