UPDATES

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം ഉലയുന്നു? 12 ലോക്‌സഭ സീറ്റ് ആവശ്യപ്പെട്ട് ദേവഗൗഡ

ദേവഗൗഡയുടെ ഉറച്ച നിലപാട് കോണ്‍ഗ്രസിന് തലവേദനയായേക്കും. ബിജെപിക്കെതിരെ തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന് ജെഡിഎസ് താല്‍പര്യപ്പെടുന്നില്ല എന്ന് കോണ്‍ഗ്രസിലെ പല നേതാക്കളും പറയുന്നുണ്ട്.

കര്‍ണാടകയില്‍ സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും തമ്മിലുള്ള അതൃപ്തി പുകയുന്നതായി റിപ്പോര്‍ട്ട്. 12 ലോക്‌സഭ സീറ്റുകളാണ് ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തിലാണ് ദേവഗൗഡ ഇക്കാര്യം ആവശ്യപ്പെടുന്നത്. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ട് മതി സഖ്യം തുടരണോ എന്ന കാര്യം ആലോചിക്കുന്നത് എന്ന് ദേവഗൗഡ പറയുന്നതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാണ്ഡ്യ, ഹാസന്‍, മൈസൂരു-കൊഡഗ്, ബംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര, ശിവമൊഗ്ഗ (ഷിമോഗ), തുമാകുരു, ഉഡുപ്പി – ചിക്കമംഗളൂരു, ചിരദുര്‍ഗ, റായ്ച്ചൂര്‍, ബിദാര്‍ എന്നീ സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെഡിഎസിന്റെ ആവശ്യം. ഇതില്‍ പലതും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്. 28 ലോക്‌സഭ സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. അതേസമയം കര്‍ണാക നേതാക്കളുമായി ആലോചിച്ച ശേഷമേ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ദേവഗൗഡയുടെ ഉറച്ച നിലപാട് കോണ്‍ഗ്രസിന് തലവേദനയായേക്കും. ബിജെപിക്കെതിരെ തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന് ജെഡിഎസ് താല്‍പര്യപ്പെടുന്നില്ല എന്ന് കോണ്‍ഗ്രസിലെ പല നേതാക്കളും പറയുന്നുണ്ട്. ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ക്ഷീണിക്കുന്നതില്‍ ജെഡിഎസിന് താല്‍പര്യമുണ്ട് എന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. റായ്ച്ചൂരും ബിദാറും കോലാറും ഓള്‍ഡ് മൈസൂരുവുമെല്ലാം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്. പല തവണ ഈ മേഖലകളിലെ സീറ്റുകളില്‍ ജയിച്ച എംപിമാര്‍ ജെഡിഎസിന് ഈ സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിന് അനുകൂലമല്ല. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കിയേക്കും.

ദേവഗൗഡയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ സംസ്ഥാനത്ത് സൗഹൃദ മത്സരമുണ്ടാകുമെന്നാണ് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച് വിശ്വനാഥ് ന്യൂസ് മിനുട്ടിനോട് പറഞ്ഞത്. അതേസമയം കോണ്‍ഗ്രസിനകത്തും പ്രശ്‌നങ്ങളുണ്ട്. മുന്‍ മുനിസിപ്പാലിറ്റി മന്ത്രി രമേഷ് ജര്‍കിഹോളി എവിടെയാണ് എന്ന് വിവരമില്ല. രമേഷ് ജര്‍കിഹോളി എവിടെയാണെന്ന് ആര്‍ക്കുമറിയില്ല, തനിക്കുമറിയില്ല എന്നാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. ബിജെപി വീണ്ടും തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നു എന്ന ട്വീറ്റും പിന്നാലെ വന്നു. ബിജെപി കുതിരക്കച്ചവടത്തിലൂടെ സഖ്യം തകര്‍ക്കാന്‍ നോക്കുകയാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 25 മുതല്‍ 30 കോടി രൂപ വരെയാണ് ബിജെപിയുടെ ഓഫര്‍ എന്ന് സിദ്ധരാമയ്യ പറയുന്നു. രമേഷ് ജര്‍കിഹോളിക്ക് ബിജെപി ലോക്‌സഭ സീറ്റ് വാഗ്ദാനം ചെയ്‌തെന്ന അഭ്യൂഹം ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍