UPDATES

ഇന്ത്യ

ജമ്മു കശ്മീരിൽ കോൺഗ്രസ്സ്-പിഡിപി-നാഷണൽ കോൺഫറൻസ് വിശാല സഖ്യ ശ്രമം: ബിജെപിയിതര കക്ഷികളുടെ സര്‍ക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങുന്നു

ദേശീയതലത്തില്‍ 2019 തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മഹാസഖ്യത്തിലേക്ക് മുതൽച്ചേർക്കുക എന്ന ലക്ഷ്യംകൂടി വെച്ച് കോൺഗ്രസ്സും ശക്തമായ ചരടുവലികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കോൺഗ്രസ്സ് പാർ‌ട്ടിയും, പ്രാദേശിക കക്ഷികളായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും നാഷണൽ കോൺഫറൻസും ചേർന്ന് സർക്കാർ രൂപീകരണത്തിന് ഗവര്‍ണറെ കാണാൻ തയ്യാറെടുക്കുന്നു. പിഡിപി-ബിജെപി സഖ്യത്തിന്റെ സർക്കാർ തകർന്നതിനെ തുടർന്ന് രാഷ്ട്രപതി ഭരണത്തിൻകീഴിലാണ് ജമ്മു കശ്മീർ.

ഊർജ്ജമായത് സജാദിന്റെ നീക്കങ്ങൾ

പിഡിപിയുടെ മുതിർന്ന നേതാവ് മുസാഫർ ഹുസ്സൈൻ ബെയ്ഗ് ആണ് കഴിഞ്ഞ ദിവസം പീപ്പിൾസ് കോൺഫറൻസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതു സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ജനങ്ങൾ ഒരു മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നും മൂന്നാംമുന്നണിക്ക് സാധ്യതയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മൂന്നാംമുന്നണിക്കുള്ള സാധ്യത ഉരുത്തിരിഞ്ഞുവന്നാൽ തങ്ങളത് ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപി സഖ്യകക്ഷിയായ പീപ്പിൾ കോൺഫറൻസ് നേതാവ് സജാദ് ലോണിനെ നേരിട്ട് അഭിസംബോധന ചെയ്തായിരുന്നു ബെയ്ഗിന്റെ പ്രസ്താവന. ഇതിന് ഊഷ്മളമായ മറുപടിയാണ് സജാദ് നൽകിയത്.

ഇതിനു പിന്നാലെയാണ് പിഡിപി എതിർനീക്കം തുടങ്ങിയത്. മുതിർന്ന പിഡിപി നേതാവ് അൽതാഫ് ബുഖാരി ഇന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി. ഗുപ്കാർ റോഡിലെ ഒമറിന്റെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു ശേഷം പുറത്തിറങ്ങിയ അൽതാഫ് മാധ്യമങ്ങളുമായി സംസാരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി സംരക്ഷിക്കാൻ വേണ്ടിയുള്ള ഒരു നീക്കമാണ് തങ്ങൾ നടത്തുന്നതെന്ന് അൽതാഫ് പറഞ്ഞു. 55 മുതൽ 60 വരെ എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ തനിമ ആക്രമിക്കപ്പെടുകയാണ്. ആർട്ടിക്കിൾ 370, 35A എന്നിവ അപകടത്തിലാണ്” -അദ്ദേഹം വ്യക്തമാക്കി.

ബദ്ധശത്രുക്കൾ പൊതുശത്രുവിനു വേണ്ടി ഒരുമിക്കുന്നു

ബദ്ധശത്രുക്കളായ പിഡിപിയും നാഷണൽ‌ കോൺഫറൻസും സഖ്യം ചേരാനുള്ള സാധ്യത കൂടുതൽ വ്യക്തതയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ദേശീയതലത്തില്‍ 2019 തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മഹാസഖ്യത്തിലേക്ക് മുതൽച്ചേർക്കുക എന്ന ലക്ഷ്യംകൂടി വെച്ച് കോൺഗ്രസ്സും ശക്തമായ ചരടുവലികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സുമായി ഇരു പാർട്ടികളും ചർച്ച നടത്തിവരികയാണ്. ചർച്ചകളുമായി മുമ്പോട്ടു പോകാൻ തനിക്ക് പാർട്ടിയുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് പിഡിപി നേതാവ് അൽതാഫ് ബുഖാരി മാധ്യമങ്ങളെ അറിയിച്ചത്.

സർക്കാർ രൂപീകരണത്തിന് ചർച്ചകൾ നടക്കുന്നുണ്ടെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്ന പേര് അൽതാഫ് ബുഖാരിയുടേതാണ്. എന്നാൽ ഇത്തരമൊരു കാര്യം നിലവിൽ ചർച്ചയിലില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദൈവം തന്നെ അത്തരമൊരു ചുമതല ഏൽപ്പിക്കുകയാണെങ്കിൽ ആഹ്ലാദത്തോടെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ആറുമാസമാണ്. ഇത് കശ്മീരിൽ അടുത്ത മാസത്തോടെ അവസാനിക്കും. 87 അംഗ ജമ്മു കശ്മീർ മന്ത്രിസഭയിൽ 29 നിയമസഭാംഗങ്ങളാണ് പിഡിപിക്കുള്ളത്. കോൺഗ്രസ്സിന് 12ഉം നാഷണൽ കോൺഫറൻസിന് 15ഉം അംഗങ്ങളുണ്ട്. സര്‍ക്കാർ രൂപീകരണത്തിന് 44 സീറ്റുകൾ ആവശ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍