UPDATES

ട്രെന്‍ഡിങ്ങ്

ഗാന്ധി കുടുംബത്തിനു പുറത്തായതിനാൽ നരസിംഹറാവുവിനെയും മൻമോഹൻ സിങ്ങിനെയും അവഗണിച്ച കോൺഗ്രസ് വാജ്പേയിയെ അംഗീകരിക്കാത്തതിൽ അത്ഭുതമില്ല: മോദി

തങ്ങളുടെ കുടുംബത്തിനു പുറത്തുള്ള ആരെയും അംഗീകരിക്കാതെ ദേശീയവികസനത്തിന്റെ എല്ലാ ക്രെഡിറ്റും തട്ടിയെടുത്താണ് ഗാന്ധി കുടുംബം ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്തതെന്ന് മോദി ആരോപിച്ചു.

ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചുള്ള പ്രസ്താവനയുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. നരസിംഹ റാവു, മൻമോഹൻ സിങ് തുടങ്ങിയ നേതാക്കളുടെ സംഭാവനകളെ കോൺഗ്രസ്സ് ഒരുകാലത്തും വിലമതിച്ചിട്ടില്ലെന്ന് മോദി ലോക്സഭയിൽ പറഞ്ഞു. രാഷ്ട്രപതി പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് മോദി ഈ ആരോപണമുന്നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലുടനീളം കോൺഗ്രസ്സിനെ കുടുംബാധിപത്യം സംബന്ധിച്ച ആരോപണങ്ങളിൽ തളച്ചിടുന്നതിൽ ബിജെപി വിജയിച്ചിരുന്നു.

നരസിംഹ റാവുവും മൻമോഹൻ സിങ്ങും പ്രധാനമന്ത്രിമാരെന്ന നിലയിൽ ചെയ്ത കാര്യങ്ങളെ കോൺഗ്രസ്സ് തിരിച്ചറിയുകയുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധി കുടുംബം ചെയ്ത കാര്യങ്ങൾ മാത്രമാണ് കോൺഗ്രസ്സ് തിരിച്ചറിയുന്നതെന്ന് മോദി പറഞ്ഞു. അടൽ ബിഹാരി വാജ്പേയിയുടെ സർക്കാർ നടത്തിയ നല്ല പ്രവൃത്തികളെ കോൺഗ്രസ്സുകാർ അംഗീകരിക്കാത്തതിൽ തനിക്ക് അത്ഭുതമില്ലാത്തതിനു കാരണം സ്വന്തം നേതാക്കളുടെ നല്ല പ്രവൃത്തികൾ പോലും അംഗീകരിക്കാത്തവരാണ് അവരെന്നതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു. പ്രണബ് മുഖർജിക്ക് ഭാരതരത്ന പുരസ്കാരം നൽകിയത് തങ്ങളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തങ്ങളുടെ കുടുംബത്തിനു പുറത്തുള്ള ആരെയും അംഗീകരിക്കാതെ ദേശീയവികസനത്തിന്റെ എല്ലാ ക്രെഡിറ്റും തട്ടിയെടുത്താണ് ഗാന്ധി കുടുംബം ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്തതെന്ന് മോദി ആരോപിച്ചു. ചിലയാളുകളുടെ പേരുകൾ മാത്രം മുന്നിൽ വരണമെന്നാഗ്രഹിക്കുന്നവരെപ്പോലെയല്ല തങ്ങള്‍ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ ഇന്ത്യൻ പൗരരും രാജ്യത്തിനായി പ്രവർത്തിക്കുന്നുണ്ട് എന്ന കാഴ്ചപ്പാടാണ് തങ്ങൾക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങൾക്കെതിരെ പ്രതിപക്ഷ നിരയിൽ നിന്നുയരുന്ന ആരോപണങ്ങളിൽ അടിയന്തിരാവസ്ഥാ കാലത്തെക്കുറിച്ചുള്ള പരാമർശം വരുന്നതും അദ്ദേഹം പ്രസംഗത്തിനിടെ എടുത്തിട്ടു. “ചിലയാളുകൾ ചർച്ചക്കിടയിൽ അടിയന്തിരാവസ്ഥയെക്കുറിച്ച് ഇടക്കിടെ പറയുന്നുണ്ട്. ആരാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്? ഞാൻ ചോദിക്കട്ടെ, ഇന്ന് ജൂണ്‍ 25 ആണ്. ആരാണ് അടിയന്തിരാവസ്ഥ നടപ്പാക്കിയത്? ആരാണ് ഭരണഘടനയുടെയും മാധ്യമങ്ങളുടെയും വേരറുക്കുകയും നീതിന്യായ വ്യവസ്ഥയെ വരുതിക്ക് നിർത്തുകയും ചെയ്തത്? ആ ഇരുണ്ട ദിനങ്ങൾ നമുക്ക് മറക്കാനാകില്ല,” മോദി പറഞ്ഞു.

താഴെത്തട്ടിലുള്ള ജനങ്ങളുമായി ആഴത്തിലുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞതു കൊണ്ടാണ് തങ്ങൾക്ക് വലിയ മാർജിനിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ്സ് മുകളിലേക്ക് വളരുന്തോറും താഴെത്തട്ടിലേക്കുള്ള വേരുകൾ അറുത്തുമാറ്റുകയായിരുന്നെന്നും മോദി വിശദീകരിച്ചു.

2ജി സ്പെക്ട്രം അഴിമതി നടത്തിയത് രാഹുലും സോണിയയുമാണെങ്കിൽ എന്തുകൊണ്ട് അവരെ ജയിലിലടയ്ക്കുന്നില്ലായെന്ന കോൺഗ്രസ് ലോക്സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ ചോദ്യത്തെയും മോദി നേരിട്ടു. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പിടിച്ച് ജയിലിലിടാൻ ഇത് അടിയന്തിരാവസ്ഥാ കാലമല്ലെന്നും ആരെ ജയിലിലടയ്ക്കണമെന്ന് കോടതി തീരുമാനിക്കുമെന്നും മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍