UPDATES

ട്രെന്‍ഡിങ്ങ്

ഡൽഹിയിൽ മഹാസഖ്യമില്ല; പ്രതിപക്ഷ ഐക്യം ദുർബലപ്പെടുത്തുകയാണ് കോൺഗ്രസ്സെന്ന് കെജ്രിവാൾ

പാകിസ്താൻ കഴിഞ്ഞ 70 വർഷത്തോളം ശ്രമിച്ചിട്ടും സാധിക്കാത്ത കാര്യമാണ് നരേന്ദ്രമോദി സാധിച്ചിരിക്കുന്നതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ തങ്ങളുമായി സഖ്യം ചേരാൻ കോൺഗ്രസ്സ് വിസമ്മതിച്ചതായി സംസ്ഥാന മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അർവിന്ദ് കെജ്രിവാൾ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കെജ്രിവാൾ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ തെരഞ്ഞെടുപ്പിൽ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതായി കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ഈ നിലപാടിലേക്ക് ആംആദ്മി എത്തിയിരിക്കുന്നത്.

കുറച്ചു നാളുകൾക്കു മുമ്പു തന്നെ ഈവിഷയത്തിൽ കെജ്രിവാൾ സൂചനകൾ നൽകിയിരുന്നു. സഖ്യ ചർച്ചകൾക്കായി കോൺഗ്രസ്സിനെ ക്ഷണിച്ച് താൻ വലഞ്ഞു എന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. എന്നാല്‍ ഇത്തരം ആശയവിനിമയങ്ങളൊന്നും ഇരുപാർട്ടികളും തമ്മിൽ നടന്നിട്ടില്ലെന്നായിരുന്നു ഷീലാ ദീക്ഷിതിന്റെ നിലപാട്.

പാകിസ്താൻ കഴിഞ്ഞ 70 വർഷത്തോളം ശ്രമിച്ചിട്ടും സാധിക്കാത്ത കാര്യമാണ് നരേന്ദ്രമോദി സാധിച്ചിരിക്കുന്നതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. രാജ്യത്തെ മോദി ഭിന്നിപ്പിച്ചു. സാമ്പത്തികവ്യവസ്ഥയെ നശിപ്പിച്ചു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം ബിജെപിയാണെന്നും അധികാരത്തിൽ നിന്നും മോദിയെ നീക്കുക എന്നതാണ് ഏറ്റവും പ്രധാന കർത്തവ്യമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ തന്നെയാണ് കോൺഗ്രസ്സുമായി സഖ്യം ചേരാൻ തങ്ങളാഗ്രഹിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.

മഹാസഖ്യവുമായി ബന്ധപ്പെട്ട് നിരവധി കൂടിച്ചേരലുകളിൽ എഎപിയും കോൺഗ്രസ്സും ഒരുമിച്ച് പങ്കെടുക്കുകയുണ്ടായി. എന്നാൽ ഡൽഹിയിൽ കെജ്രിവാൾ സംഘടിപ്പിച്ച സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ്സിൽ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. കോൺഗ്രസ്സിന് ആംആദ്മിയോടൊപ്പം സഖ്യം ചേരാനുള്ള പ്രയാസം സംസ്ഥാന ഘടകത്തിന്റെ എതിർപ്പാണെന്ന് അഭിമുഖത്തില്‍ കെജ്രിവാൾ ആരോപിച്ചു.

പല സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ്സ് തീരുമാനിച്ചിരിക്കുന്നത്. മഹാസഖ്യത്തിനു വേണ്ടി വാദിക്കുകയും അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ഒരേസമയം ചെയ്തുവരികയാണ് കോൺഗ്രസ്സെന്ന് കെജ്രിവാൾ പറഞ്ഞു. ഉത്തർപ്രദേശിൽ മഹാസഖ്യത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് കോൺഗ്രസ്സിന്റേത്. പശ്ചിമ ബംഗാളിലും ഡൽഹിയിലും കോൺഗ്രസ്സ് മഹാസഖ്യത്തോട് പുറന്തിരിഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആംആദ്മി പാർട്ടിയാണ് ഡൽഹിയിൽ കോൺഗ്രസ്സിന്റെ പ്രധാന എതിരാളി. കോൺഗ്രസ്സിന്റെ അഴിമതിയെ എതിർത്തു കൊണ്ടാണ് ആംആദ്മി പാർട്ടി രൂപം കൊള്ളുകയും അധികാരത്തിലെത്തുകയും ചെയ്തത്. രാജ്യമൊട്ടുക്കുമുള്ള പ്രാദേശിക പാർട്ടികളെ ചേർ‌ത്ത് മഹാഗഢ്ബന്ധൻ‌ രൂപീകരിക്കാൻ കോൺഗ്രസ്സ് മുൻകൈയെടുത്തപ്പോൾ ആംആദ്മി പാർട്ടിയും അതിനൊപ്പം ചേരുകയായിരുന്നു. കോൺഗ്രസ്സുമായി പശ്ചിമബംഗാളിൽ സഖ്യം ചേരുന്നതിൽ എതിർപ്പുന്നയിച്ച സിപിഎം കേരളഘടകത്തിനെതിരെ പ്രചാരണങ്ങൾ സംഘടിപ്പിച്ചിരുന്നു കോൺഗ്രസ്സ് നേരത്തെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍