UPDATES

ട്രെന്‍ഡിങ്ങ്

കോൺഗ്രസിന്റെ ‘സൈനികദളം’ വീണ്ടും; ആർഎസ്എസിനെ നേരിടാൻ കേഡർമാരെ പരിശീലിപ്പിക്കും; ‘ദേശീയത’യെ തിരിച്ചുപിടിക്കും!

ബ്രിട്ടിഷ് സർക്കാർ ഈ സൈനിക സ്വഭാവമുള്ള സംഘടനയെ 1932ൽ നിരോധിക്കുകയുണ്ടായി.

സേവാദൾ എന്ന പേര് ഈയടുത്ത കാലത്ത് ഉയർന്നു കേട്ടതിനു കാരണമായത് സംഘപരിവാറാണ്. ആർഎസ്എസ് പരിപാടിയിൽ നെഹ്റുവും മറ്റ് കോൺ‌ഗ്രസ്സ് നേതാക്കളും പങ്കെടുത്തിട്ടുണ്ടെന്ന് പ്രചരിപ്പിക്കാൻ സംഘപരിവാറുകാർ ഉപയോഗിച്ചിരുന്നത് നെഹ്റു സേവാദൾ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളായിരുന്നു. ഇത്തരം ദുർവ്യാഖ്യാനങ്ങളെ പൊളിക്കുന്നതാണ് പ്രതിപക്ഷം ഒന്നടങ്കം സോഷ്യൽ മീഡിയയിൽ ഇന്ന് ചെയ്തു കൊണ്ടിരിക്കുന്ന പ്രധാന ജോലി എന്നതിനാൽ തന്നെ സംഭവം വൈറലായി. കോൺഗ്രസ്സുകാരിൽപ്പോലും സേവാദൾ എന്ന് കേൾക്കാത്തവരുണ്ടായിരുന്നു എന്ന് കോൺഗ്രസ്സിന് അപ്പോഴാണ് ബോധ്യപ്പെട്ടത്.

സേവാദളിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി എല്ലാ പ്രധാന നഗരങ്ങളിലും പതാക ഉയർത്തൽ പരിപാടികൾ സംഘടിപ്പിക്കും. മാസത്തിൽ ഒരു തവണയെങ്കിലും ഇത് നടക്കും. ആയിരം നഗരങ്ങളിലാണ് ഈ പരിപാടി തുടക്കത്തിൽ നടക്കുക.

ദേശീയതയ്ക്ക് ആർഎസ്എസ് നൽകിയ ‘വർഗീയ വ്യാഖ്യാന’മാണ് കോൺഗ്രസ്സ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ വ്യാഖ്യാനം കോൺഗ്രസ്സിനെ വലിയതോതിൽ അപകടത്തിലാക്കിയിട്ടുണ്ട്. കോൺഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് അണികളും നേതാക്കളും നീങ്ങുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ദേശീയത എന്ന പ്രയോഗത്തിന്റെ വ്യാഖ്യാനത്തിൽ കോൺഗ്രസ്സിനുണ്ടായിരുന്ന പിടിപാട് നഷ്ടപ്പെട്ടതാണ്.

ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജി സംസാരിച്ചതും ഇതേ വിഷയമാണ്. ദേശീയത, ദേശസ്നേഹം എന്നിവയുടെ ശരിയായ അർത്ഥം ഇന്നതാണെന്ന് പറയുന്നതിലാണ് പ്രണബ് പ്രത്യേകം ശ്രദ്ധ വെച്ചത്. ദേശീയതയെ സംബന്ധിച്ച സംവാദങ്ങളിൽ കോൺഗ്രസ്സിന്റെ സ്വാതന്ത്ര്യകാല ചിന്തകൾക്ക് ഇടം കിട്ടേണ്ടതിന്റെ പ്രാധാന്യമാണ് പ്രണബ് തന്റെ പ്രസംഗത്തിലൂടെ സൂചിപ്പിക്കാൻ ശ്രമിച്ചത്.

മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്റു തുടങ്ങിയവരുടെ ചിന്തകളെ ചർച്ചയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സേവാദൾ അധ്വാനിക്കും. രാഹുൽ‌ ഗാന്ധിയുടെ കൂടി ഇടപെടലിലൂടെയാണ് സേവാദൾ വീണ്ടും മുൻനിരയിലേക്ക് വരുന്നത്.

കോൺഗ്രസ്സിനെ ആശയപരമായി പുതുക്കുന്നതിലും സേവാദൾ ശ്രദ്ധ വെക്കും. ഇതിന്റെ പദ്ധതി തയ്യാറാക്കപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇന്ന് കോണ്‍ഗ്രസിന്റെ ഒബിസി ഡിപ്പാര്‍ട്ട്മെന്റിന്റെ ദേശീയ കണ്‍വെന്‍ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യുന്നത്. ഒരു പക്ഷെ ഇന്നു തന്നെ ഈ സേവാദള്‍ ആശയ രൂപരേഖ അവതരിപ്പിക്കപ്പെട്ടേക്കും.

സേവാദളിന്റെ നേത‍ൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർക്കായി പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെമ്പാടും ഇത് സംഘടിപ്പിക്കപ്പെടും. ആദ്യത്തെ ക്യാമ്പ് നടക്കുക മണിപ്പൂരിലാണ്.

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

ആർഎസ്എസ്സിനുള്ളതു പോലുള്ള കേഡർ സംവിധാനത്തോട് സേവാദളിന് സാമ്യമുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള കോൺഗ്രസ്സ് നേതാക്കളുടെ നേതൃത്വത്തിലാണ് സേവാദൾ രൂപം കൊണ്ടത്. ആര്‍എസ്എസിന്റെ ‘ധ്വജ വന്ദനം’ പോലുള്ള പതാകാവന്ദന പരിപാടികളും സേവാദൾ പ്രവർത്തനത്തിന്റെ ഭാഗമാണ്.

മതേതരത്വം, ജനാധിപത്യം, സഹിഷ്ണുത തുടങ്ങിയ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയത സംബന്ധിച്ച ചർച്ചകൾ തുടങ്ങി വെക്കും. നിലവിൽ 700 ജില്ലകളിലും നഗരങ്ങളിലും സേവാദൾ യൂണിറ്റുണ്ട്. ഓരോന്നിലും 20 മുതൽ 200 വരെ വളണ്ടിയർമാരുണ്ട്.

ദേശീയപതാക ഉയർത്താനുള്ള അവകാശത്തിനു വേണ്ടി കോൺഗ്രസ് സ്വാതന്ത്ര്യസമരകാലത്ത് നടത്തിയ ഒരു സമരത്തിന്റെ ഭാഗമായാണ് സേവാദൾ രൂപപ്പെട്ടത്. പതാക സത്യാഗ്രഹം എന്നറിയപ്പെടുന്ന ഈ സത്യാഗ്രഹം നാഗ്പൂരില്‍ 1923ലാണ് സംഘടിപ്പിക്കപ്പെട്ടത്. ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്രപാൽ, ലാലാ ലജ്പത് റായ് എന്നീ തീവ്രമനോഭാവമുള്ളവരായിരുന്നു ഇതിന്റെ പിന്നിൽ.

നാഗ്പൂരിലെ പതാക സത്യാഗ്രഹത്തിൽ പങ്കെടുത്തവർ അറസ്റ്റിലായി. മാപ്പെഴുതിക്കൊടുത്താൽ പുറത്തിറങ്ങാമായിരുന്നിട്ടും അവരാരും അതിന് തുനിഞ്ഞില്ല. ഈ വിട്ടുവീഴ്ചയില്ലായ്മ കോൺഗ്രസ്സിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വലിയ മതിപ്പ് രാജ്യത്തുണ്ടാക്കി. കോൺഗ്രസ്സിന്റെ കാക്കിനാഡ സമ്മേളനത്തിൽ, 1923ൽ സേവാദള്‍ രൂപീകരണത്തിന് അനുമതിയായി. ഹിന്ദുസ്ഥാനി സേവാ മണ്ഡൽ എന്ന പേരിൽ 1924 ജനുവരി 1ന് സേവാദൾ രൂപം കൊണ്ടു.

ജവാഹർലാൽ നെഹ്റുവായിരുന്നു ആദ്യത്തെ സേവാദൾ പ്രസിഡണ്ട്. കോൺഗ്രസ്സ് വർ‌ക്കിങ് കമ്മിറ്റിക്ക് കീഴിൽ നേരിട്ട് വരുന്ന രീതിയിലായിരുന്നു സംഘടനയുടെ ചട്ടക്കൂട്.

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

എന്നാല്‍, കോൺഗ്രസ്സിന്റെ അഹിംസാ സിദ്ധാന്തത്തോട് യോജിക്കാത്ത തരത്തിലുള്ള പ്രവർത്തനങ്ങളാണ് സേവാ ദളിന്റേതെന്ന് തുടക്കം മുതലേ വിമർശനമുണ്ട്. സൈനിക സ്വഭാവമുള്ള ഒരു സംഘടന കോൺഗ്രസ്സിന് ആവശ്യമാണോ എന്ന ചോദ്യം നിലവിലുണ്ടായിരുന്നു. എന്നാൽ, ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി രാജ്യമെങ്ങും പ്രചണ്ഡമായ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ സേവാദളിന്റെ ആവശ്യകതയുണ്ടെന്ന് കോൺഗ്രസ്സ് തിരിച്ചറിഞ്ഞിരിക്കുകയാണ്.

ബ്രിട്ടിഷ് സർക്കാർ ഈ സൈനിക സ്വഭാവമുള്ള സംഘടനയെ 1932ൽ നിരോധിക്കുകയുണ്ടായി. പശ്ചിമബംഗാൾ സർക്കാർ‌ 1948ൽ‌ സേവാദളിനെ നിരോധിച്ചു. രണ്ട് നിരോധനങ്ങളും ജവാഹർലാൽ നെഹ്റു എടുത്തുമാറ്റി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

‘മോദിക്ക്‌ നെഹ്രു ആരുമല്ലായിരിക്കും; പക്ഷെ, ഇന്ത്യയ്ക്ക് തലയുയർത്തി പറയാൻ ഒറ്റ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ’

നെഹ്രു ഇപ്പോഴും സംഘപരിവാറിനോട് കലഹിച്ചു കൊണ്ടിരിക്കുന്നു: 54-ാം ചരമദിനത്തില്‍ നെഹ്രുവിനെ വായിക്കുമ്പോള്‍

‘അഹിന്ദു’വായ രാഹുലിനും ‘ഹിന്ദുവിരുദ്ധ’നായ നെഹ്രുവിനും ഇന്ത്യയില്‍ എന്ത് കാര്യം: മോദി ചോദിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍