UPDATES

യുഎപിഎ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ അനുകൂലിച്ച് വോട്ട് ചെയ്ത് കോണ്‍ഗ്രസ്; ജനവഞ്ചനയെന്ന് സിപിഎം

സിപിഎം, സിപിഐ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ മാത്രമാണ് സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.

രാജ്യസഭയില്‍ യുഎപിഎ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത് കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ബില്‍ പാസാക്കി. വ്യക്തികളെ ഭീകരരാക്കി പ്രഖ്യാപിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കുന്ന വിവാദ ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്ന ബില്ലാണ് പാസാക്കിയത്.

സിപിഎം, സിപിഐ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ മാത്രമാണ് സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 42 പേരാണ് ബില്ലിനെ എതിര്‍ത്തത്. 1963ലാണ് ഭീകരവിരുദ്ധ നിയമം ആദ്യമായി കൊണ്ടുവരുന്നത്. പിന്നീട് രണ്ട് തവണ ഈ നിയമത്തിന് ഭേദഗതി കൊണ്ടുവന്നിരുന്നു. കോണ്‍ഗ്രസിന്റെ നിലപാട് ജനവഞ്ചനയാണ് എന്ന് സിപിഎം എംപി കെകെ രാഗേഷും കോണ്‍ഗ്രസ് നിലപാട് ദുരൂഹമെന്ന് സിപിഐ എംപി ബിനോയ് വിശ്വവും കുറ്റപ്പെടുത്തി. ബില്‍ ലോക്‌സഭ ജൂലായ് 24ന് പാസാക്കിയിരുന്നു.

ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ സഭയില്‍ കൊണ്ടുവന്നതിന് പിന്നാലെ കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ആരാണ് ഭീകരന്‍ എന്നത് സംബന്ധിച്ച നിര്‍വചനം ബില്ലില്‍ വ്യക്തമല്ല എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ നിങ്ങള്‍ ഭീകരരായി പ്രഖ്യാപിക്കും – കപില്‍ സിബല്‍ പറഞ്ഞു.

യുഎപിഎ ബില്ലുമായി ബന്ധമുള്ള വിവാദ എന്‍ഐഎ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ എന്‍ഐഎയ്ക്ക് അറസ്റ്റുകള്‍ക്ക് അനുമതി നല്‍കുന്നതുള്‍പ്പടെയുള്ള വിവാദ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്‍ഐഎ ഭേദഗതി ബില്‍. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രതിപക്ഷ കക്ഷികള്‍ എതിര്‍പ്പുയര്‍ത്തുന്ന വിവാദ ബില്ലുകള്‍ പ്രതിപക്ഷത്തെ പാര്‍ട്ടികളുടെ തന്നെ പിന്തുണയോടെ സര്‍ക്കാര്‍ പാസാക്കിയെടുക്കുകയാണ്. രാജ്യസഭയില്‍ മുത്തലാഖ് ബില്‍ അടക്കം പാസാക്കിയെടുക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മൂലം മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ ബില്ലുകള്‍ ഓരോന്നായി ചര്‍ച്ചയില്ലാതെയും സെലക്ട് കമ്മിറ്റിക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കോ വിടാതെയും പാസാക്കിയെടുക്കുകയാണ്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മുത്തലാഖ് ചൊല്ലി വിവാഹ മോചനം തേടുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന വിവാദ ബില്ലിനെ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു അടക്കം എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാതെ സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തുകയാണ് ചെയ്തത്. ഇതോടെ രാജ്യസഭയില്‍ ഇത് പാസാവുകയും രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കുകയും ചെയ്തു. വിവരാവകാശ കമ്മീഷന്റെ അധികാരം ദുര്‍ബലമാക്കുന്ന വിവരാവകാശ ഭേദഗതി ബില്ലും പാസാക്കിയെടുത്തത് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടൊണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍