UPDATES

മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; ബി ജെ പിയെ തോല്‍പ്പിക്കാന്‍ ‘ഗുജറാത്ത് മോഡലു’മായി കോണ്‍ഗ്രസ്

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പൌരസമൂഹ സംഘടനകളുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്സ് നീക്കം

ബഹുജന നേതാക്കളും പൌരസമൂഹ സംഘടനകളുമായുള്ള സഖ്യം ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കുന്നതിന്റെ തൊട്ടരികില്‍ എത്തിയതിന്റെ പശ്ചാത്തലത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ മൂന്നു സംസ്ഥാനങ്ങളിലും സമാനമായ തന്ത്രം പയറ്റാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസെന്ന് സ്ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തിലെപോലെ ഈ സംസ്ഥാനങ്ങളിലും പൌരസമൂഹ സംഘടനകള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന നിശബ്ദമായ പിന്തുണ, ഈ വര്‍ഷാവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പരസ്യമായ സഖ്യത്തിലെത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയങ്ങള്‍ അടയാളപ്പെടുത്താനും പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് സമിതി പൌരാസമൂഹ സംഘടനകളുടെ പ്രതിനിധികളുമായി ജൂണ്‍ 22-നു ഭോപ്പാലില്‍ യോഗം ചേരുന്നുണ്ട്.

സര്‍ക്കാരേതര സന്നദ്ധ സംഘടനകളുടെ ഒരു കൂട്ടായ്മയായ ഏകത പരിഷദ് പോലുള്ള, ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന പല സംഘങ്ങളുമായും കോണ്‍ഗ്രസ് നിരന്തര സമ്പര്‍ക്കത്തിലാണ്. ഏകത പരിഷദ് സ്ഥാപകന്‍ പി വി രാജഗോപാല്‍ മെയ് മാസത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഛത്തീസ്ഗഡില്‍ വേദി പങ്കിട്ടിരുന്നു.

ആദിവാസികള്‍, ഗോത്രവര്‍ഗക്കാര്‍, ദളിതര്‍, ഭൂരഹിത കര്‍ഷകര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആവശ്യങ്ങളടങ്ങിയ ഒരു പട്ടിക കോണ്‍ഗ്രസുമായുള്ള ഈ യോഗത്തില്‍ അവതരിപ്പിക്കുമെന്ന്, ജല, ഭക്ഷ്യ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ജല്‍-ജന്‍ ജോഡോ അഭിയാന്‍ ദേശീയ കണ്‍വീനര്‍ സഞ്ജയ് സിങ് പറഞ്ഞു. “ഞങ്ങളീ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന്റെ മുന്നില്‍ അവതരിപ്പിക്കും, അവരത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്,” സിങ് പറഞ്ഞു. “സാധ്യമായിടത്തെല്ലാം സംയുക്ത പരിപാടികള്‍ സംഘടിപ്പിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.”

പാര്‍ടിയുടെ അറിവോടെയാണ് ഈ ആവശ്യങ്ങള്‍ തയ്യാറാക്കിയതെന്നും സര്‍ക്കാരേതര സന്നദ്ധ സംഘടനകളുമായുള്ള അനൌദ്യോഗിക ചര്‍ച്ചകളുടെ ഫലമാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞു മധ്യപ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മോഹന്‍ പ്രകാശ് രണ്ടു വര്‍ഷം മുമ്പ് പൌരസമൂഹ സംഘടനകളെ സമീപിച്ചതു മുതല്‍ ഈ ദിശയിലേക്കുള്ള നീക്കം തുടങ്ങിയതായി സിങ് പറഞ്ഞു. പല ചര്‍ച്ചകളും നടക്കുകയും കഴിഞ്ഞ വര്‍ഷം ഇരുവരും ശിവപുരിയിലെ ഒരു യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. മോഹന്‍ പ്രകാശിന് പകരം വന്ന ദീപക് ബബാര്യയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കമല്‍ നാഥും ഈ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.

ഗുജറാത്ത് മാതൃക

ആഭ്യന്തര തര്‍ക്കങ്ങളാല്‍ സംസ്ഥാന ഘടകം ദുര്‍ബലമായതും മൂന്നു തവണ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ശിവരാജ് സിങ് ചൌഹാന്‍ സര്‍ക്കാരിനെ മാറ്റാന്‍ ഒറ്റയ്ക്ക് ശേഷിയില്ല എന്നു വന്നതുമാണ് മധ്യപ്രദേശില്‍ ഇത്തരമൊരു സഖ്യത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഉദാഹരണത്തിന്, മന്‍സോറില്‍ കര്‍ഷകരുടെ പ്രതിഷേധത്തെ കോണ്‍ഗ്രസിന് ഉപയോഗിക്കാനായത്, കഴിഞ്ഞ വര്ഷം പൊലീസ് വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ട കര്‍ഷക പ്രക്ഷോഭം നയിച്ച ശിവ് കുമാര്‍ ശര്‍മ കാകാജിയെപ്പോലുള്ള കര്‍ഷക നേതാക്കളും പൌരസമൂഹ സംഘടനകളും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്.

ഗുജറാത്തിലും ബഹുജനസമരങ്ങളെ വിജയകരമായി നയിച്ച യുവനേതാക്കളായ ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കുര്‍ എന്നിവര്‍ക്കൊപ്പം ചേരാന്‍ പാര്‍ടി തീരുമാനിക്കുകയായിരുന്നു. പട്ടേല്‍ പാട്ടിദാര്‍ സമുദായത്തിന്റെ സംവരണ സമരത്തിന്റെ നേതാവായിരുന്നെങ്കില്‍, താക്കൂര്‍ പിന്നാക്ക ജാതിക്കാരുടെ അവകാശങ്ങള്‍ക്കായാണ് സമരം ചെയ്തത്. ഉനയില്‍ ഗോസംരക്ഷണ സേനക്കാര്‍ ദളിത് യുവാക്കളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനുശേഷം പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്കി മേവാനി. കോണ്‍ഗ്രസ് ഈ സമരങ്ങള്‍ക്ക് പിന്തുണ നല്കി. കക്ഷിരാഷ്ട്രീയത്തിന് പുറത്തായാല്‍ ഈ സമരങ്ങള്‍ക്ക് കൂടുതല്‍ സ്വാധീനവും വിശ്വാസ്യതയും ലഭിക്കുമെന്ന് പാര്‍ടി കരുതി.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മൂന്നു നേതാക്കളെയും രാഹുല്‍ ഗാന്ധി തന്നെ സ്വീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് കക്ഷി കൂടുതല്‍ പരസ്യമായിത്തന്നെ ഇത് വ്യക്തമാക്കി. താക്കൂര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി ജെ പിക്കെതിരെ ശക്തമായ പ്രചാരണം നടത്തിക്കൊണ്ട് പട്ടേലും മേവാനിയും കോണ്‍ഗ്രസിനെ സഹായിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മേവാനി കോണ്‍ഗ്രസ് പിന്തുണയോടെ വിജയിക്കുകയും ചെയ്തു.

കോണ്‍ഗ്രസുമായുള്ള ഈ ബന്ധം വെച്ചു നോക്കുമ്പോള്‍, യുവാക്കളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മദ്യപ്രദേശില്‍ ഒരു മാസം നീളുന്ന യാത്ര നടത്താനുള്ള പട്ടിദാര്‍ നേതാവിന്റെ തീരുമാനത്തില്‍ അത്ര അത്ഭുതപ്പെടാനില്ല. താന്‍ ഒരു കക്ഷിക്കും വോട്ട് ചോദിക്കില്ലെന്നും എന്നാല്‍ വോട്ട് ചെയ്യുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥികള്‍ ചെയ്തത് എന്താണെന്ന് സൂക്ഷ്മമായി പരിശോധിക്കണമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി പട്ടീദാര്‍ വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമമാണ് പട്ടേലിന്റെ പരിപാടിയെന്ന് വ്യക്തമാണ്.

ചെറുത്തുനില്‍പ്പില്‍ നിന്നും പിന്തുണയിലേക്ക്

പൌരസമൂഹ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യം യോജിച്ചില്ല. തങ്ങളുടെ ശ്രമങ്ങളെ താഴ്ത്തിക്കെട്ടും എന്നായിരുണ് കാരണം. ഒരു രാഷ്ട്രീയകക്ഷിയെ ഒരു എന്‍ ജി ഒ ശൈലിയില്‍ കൊണ്ടുനടക്കുന്നു എന്ന ആക്ഷേപം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ സ്വകാര്യമായി രാഹുല്‍ ഗാന്ധിക്കെതിരെ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഗുജറാത്ത് അനുഭവത്തിന് ശേഷം-കോണ്‍ഗ്രസ് തങ്ങളുടെ സീറ്റുകള്‍ 77 ആയി ഉയര്‍ത്തുകയും ബി ജെ പിയെ രണ്ടാക്കത്തിലേക്ക്, 99, ചുരുക്കുകയും ചെയ്തു-പൌരസമൂഹ സംഘങ്ങളുമായുള്ള തങ്ങളുടെ ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ വലിയ സന്നദ്ധതയുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സഖ്യം ഭരണത്തിലിരുന്നപ്പോള്‍ ദേശീയ ഉപദേശക സമിതിയെ നയിച്ച അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇതിന് തുടക്കമിട്ടത്. സമിതിയിലെ അംഗങ്ങള്‍ ഏറിയ പങ്കും പൌരസമൂഹ പ്രതിനിധികളായിരുന്നു. ആ സര്‍ക്കാരിന്റെ പല പ്രധാന പദ്ധതികള്‍ക്കും-വിവരാവകാശം, ഭക്ഷ്യ അവകാശം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയില്‍ സമിതി വലിയ സംഭാവനകള്‍ നകി. 2009-ലെ തെരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിന് വലിയ നേട്ടങ്ങളാണ് സമ്മാനിച്ചത്. അവരുടെ ലോക്സഭാ സീറ്റുകളുടെ എണ്ണം 145-ല്‍ നിന്നും 206 ആയി.

തങ്ങളുടെ സ്വതന്ത്ര സ്വത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സാധാരണ ഗതിയില്‍ പൌരസമൂഹ സംഘടനകള്‍ ഒരു രാഷ്ട്രീയകക്ഷിയുമായി ഒപ്പം ചേരാറില്ലെങ്കിലും ബി ജെ പി സര്‍ക്കാരിന്റെ തങ്ങളുടെ നേര്‍ക്കുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ അവരെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. മധ്യപ്രദേശ് കേന്ദ്രമായ ഒരു സംഘടനയുടെ പ്രതിനിധി പറഞ്ഞതുപോലെ, “ഇത്തവണ വെള്ളം മൂക്കിന് മുകളില്‍ പോയിരിക്കുന്നു.” വാസ്തവത്തില്‍ ഏറെക്കാലമായി വെള്ളം നമ്മുടെ തലയ്ക്കും മേലെയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍