UPDATES

ഗുജറാത്തില്‍ വിശാലസഖ്യത്തിന് കോണ്‍ഗ്രസ്; ത്രിമൂര്‍ത്തികളെ പാളയത്തിലെത്തിക്കാനും ശ്രമം

റിബല്‍ ജെ.ഡി-യു നേതാവും എം.എല്‍.എയുമായ ചോട്ടുഭായി വാസവയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ തുടങ്ങി വച്ചിട്ടുണ്ട്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യ രൂപീകരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. റിബല്‍ ജെ.ഡി-യു നേതാവും എം.എല്‍.എയുമായ ചോട്ടുഭായി വാസവയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ തുടങ്ങി വച്ചിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ കൂടി ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വാസവയുടെ നിര്‍ണായക വോട്ടിലാണ് അഹമ്മദ് പട്ടേല്‍ ഇത്തവണ രാജ്യസഭയിലേക്ക് വിജയിക്കുന്നത്. അഞ്ചുതവണ എം.എല്‍.എ ആയിട്ടുള്ള വാസവ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഗോത്രവര്‍ഗ നേതാവു കൂടിയാണ്. ബിഹാറില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യമുപേക്ഷിച്ച് നിതീഷ് കുമാര്‍ എന്‍.ഡി.എയ്‌ക്കൊപ്പം പോയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നു വിട്ടു നില്‍ക്കുന്ന ശരത് യാദവ് പക്ഷത്തിനൊപ്പമാണ് ഇപ്പോള്‍ വാസവ. ശരത് യാദവ് പക്ഷം ഈയിടെ വാസവയെ തങ്ങളുടെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.

തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ വാസവ അഹമ്മദ് പട്ടേലുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഗുജറാത്തിന്റെ ചുമതലയുള്ള അശോക് ഗെലോട്ട്, സംസ്ഥാന പി.സി.സി അധ്യക്ഷന്‍ ഭരത് സോളങ്കി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വാസവയുമായുള്ള സഖ്യം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരെ തങ്ങളുടെ ക്യാമ്പില്‍ എത്തിക്കാന്‍ കഴിയുമോ എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബി.ജെ.പിയെ ഏതു വിധത്തിലും തറപറ്റിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ ഈയിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പട്ടേല്‍ സമുദായത്തിന് സംവരണം അനുവദിക്കുന്നതു വരെ ബി.ജെ.പിയെ പിന്തുണയ്ക്കില്ലെന്നാണ് ഹാര്‍ദിക്കിന്റെ നിലപാട്.

ബി.ജെ.പി വിരുദ്ധ സഖ്യത്തിനു തന്നെയായിരിക്കും ജിഗ്‌നേഷ് മേവാനിയുടേയും ലക്ഷ്യമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഗുജറാത്തിലെ ഉനയില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സമരങ്ങളിലൂടെയാണ് ജിഗ്‌നേഷ് ദേശീയതലത്തിലേക്ക് ഉയരുന്നത്.

ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകനായ അല്‍പേഷ് താക്കൂര്‍ ഇതുവരെ തന്റെ രാഷ്ട്രീയാഭിമുഖ്യം വെളിപ്പെടുത്തിയിട്ടില്ല. ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള താക്കൂര്‍ തന്റെ നിലപാട് ഉടന്‍ വെളിപ്പെടുത്തുമെന്നാണ് പറയുന്നത്.

ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പട്ടേല്‍ വിഭാഗക്കാരാണ് ഏറ്റവും കൂടതലുള്ളതെങ്കിലും വിശാല സാധ്യതകള്‍ ലക്ഷ്യമിട്ട് സഹകരിക്കുന്നതിന് ഒരുക്കമാണെന്നാണ് ജിഗ്‌നേഷുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന നിലപാട്. ഹാര്‍ദിക് പട്ടേലും സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഈ മൂന്നു യുവ നേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും ഗുജറാത്തില്‍ നേരിടാന്‍ തയാറാകുമോ എന്നാണ് ഉയരുന്ന ചോദ്യം.

ഈ വര്‍ഷമൊടുവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കളും തുടര്‍ച്ചയായി സംസ്ഥാനം സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഗുജറാത്ത് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി മോദിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം അഴിച്ചു വിട്ടിരുന്നു. നവംബര്‍ ആദ്യം രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ഇതിനു ശേഷം അദ്ദേഹം വീണ്ടും ഗുജറാത്ത് സന്ദര്‍ശിക്കുമ്പോഴായിരിക്കും സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തീരുമാനത്തിലെത്തുക. തിങ്കളാഴ്ച ഗുജറാത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തു കൊണ്ട് മോദി പ്രധാനമായും ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനെയായിരുന്നു.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുമിച്ച് പ്രഖ്യാപിക്കുന്ന പതിവിനു വിരുദ്ധമായി ഇത്തവണ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ പദ്ധതികളാണ് ഈ ഘട്ടത്തില്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍