UPDATES

ജനങ്ങളുടെ കൈയില്‍ പണമില്ല; സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തോടെയെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍

ഉപഭോക്തൃ വിപണി ഇടിഞ്ഞതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്

രാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം നോട്ട് നിരോധനത്തോടെയാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍. ഉപഭോക്തൃ വിപണി ഇടിഞ്ഞതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിനു ശേഷം ഉപഭോക്തൃ ചരക്കുത്പാദനവുമായി ബന്ധപ്പെട്ട മേഖലയില്‍ ബാങ്കുകള്‍ നല്‍കുന്ന ഈടില്‍ വന്‍ ഇടിവുണ്ടായതയാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഡക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2017 മാര്‍ച്ച് അവസാന സമയത്ത് ചരക്കുത്പാദന മേഖലയില്‍ ബാങ്കുകള്‍ നല്‍കുന്ന ഈട് (Gross Bank Exposure) 20,791 കോടി രൂപയായി രേഖപ്പെടുത്തിയിരുന്നു. ഇതിന് മുമ്പുള്ള ആറു വര്‍ഷം ഈ മേഖലയില്‍ സ്ഥിരമായ വളര്‍ച്ചയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ വിപണിയെ ബാധിച്ചു തുടങ്ങിയതോടെ ഇതില്‍ 73 ശതമാനം ഇടിവുണ്ടായി ഇപ്പോള്‍ 5,623 കോടിയില്‍ എത്തിയിരിക്കുന്നു എന്നാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷം ഈ ബാങ്ക് വായ്പ/ഈടില്‍ 5.2 ശതമാനം കുറവ് രേഖപ്പെടുത്തപ്പെട്ടു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തുകയുടെ 68 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷവും 10.7 ശതമാനം കുറവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ പറയുന്നു.

“വരുമാനവുമായി ബന്ധപ്പെട്ടാണ് ഇത് നിലനില്‍ക്കുന്നത്. നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളുടെ വായ്പാ ഈട് നല്‍കുന്ന വ്യവസ്ഥ രണ്ടു തരത്തില്‍ ബാധിക്കപ്പെട്ടു. അതാണ് കുറവ് വരാന്‍ കാരണം. അതിലൊന്ന് ചെറുകിട വ്യവസായ മേഖലയില്‍ അനുഭവപ്പെട്ട പണത്തിന്റെ ക്ഷാമം കാരണം തൊഴിലുകള്‍ ഇല്ലാതാവുകയും തൊഴിലാളികള്‍ ഇല്ലാതാവുകയും തുടര്‍ന്ന് ഇവ അടച്ചു പൂട്ടുകയും ചെയ്തു. മറ്റൊന്ന് ജനങ്ങളുടെ കൈയില്‍ പണമില്ലാതെ വന്നതാണ്. തൊഴിലില്ലായ്മയക്കും വരുമാനക്കുറവിനുമൊപ്പം ഇത് സംഭവിച്ചതാണ് ഈ ഈട് നല്‍കല്‍ കുറയാന്‍ കാരണമായത്”, 14-ാം ധനകാര്യ കമ്മീഷന്‍ അംഗം ഗോവിന്ദ് റാവു ഡക്കാന്‍ ഹെരാള്‍ഡിനോട് പറഞ്ഞു.

ഉപഭോക്തൃ ചരക്ക് ഉത്പാദന മേഖലയില്‍ മാത്രമല്ല, മിക്ക വ്യവസായങ്ങളിലും ബാങ്കുകള്‍ ഇത്തരത്തില്‍ ഈട് നല്‍കുന്നത് മൂന്നു ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍. സേവന മേഖലയില്‍ ഇത് 4.3 ശതമാനമാണ്. ഷിപ്പിംഗ് മേഖലയെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. 24.1 ശതമാനം കുറവാണ് ഇതില്‍ ഉണ്ടായത്. എന്നാല്‍ ഭവന വായ്പകളില്‍ 3.4 ശതമാനം വര്‍ധനവുണ്ടായതോടെ ബാങ്കുകള്‍ നല്‍കുന്ന ഈടിലും വളര്‍ച്ചയുണ്ടായിട്ടുണ്ട്-2.5 ശതമാനം.

നോട്ട് നിരോധന സമയത്ത് ഇത് എങ്ങനെ ചെറുകിട ഉത്പാദന മേഖലകളെ ബാധിക്കുമെന്ന കണക്ക് സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും ഗോവിന്ദ് റാവു ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്താണ് ബാങ്ക് ലോണ്‍ എക്സ്പോഷര്‍ കുറയുക എന്ന് പറഞ്ഞാല്‍

ഏതൊരു വ്യവസായത്തിലും ബാങ്കുകളുടെ ഈട്/ഗ്യാരണ്ടി ആവശ്യമുണ്ട്. ഉത്പാദകന്‍ മറ്റൊരാള്‍ക്ക് ചരക്കുകള്‍ നല്‍കുമ്പോള്‍ വാങ്ങുന്നയാള്‍ ഉടനടി പണം നല്‍കുന്നതിനു പകരം ബാങ്ക് ഗ്യാരണ്ടിയാണ് പലപ്പോഴും നല്‍കുക. ഇത് വാങ്ങുന്നയാളുടെ ആസ്തിയുടെ അടിസ്ഥാനത്തിലായിരിക്കും. തുടര്‍ന്ന് ഇങ്ങനെ ഈട് അനുവദിക്കപ്പെട്ടയാള്‍ തന്റെ ചരക്കുകള്‍ വിറ്റഴിക്കുകയും പണം നല്‍കുകയും ചെയ്യും. എന്നാല്‍ നോട്ടുനിരോധനത്തിന് ശേഷം നിലവിൽ വായ്പ ഉള്ള കമ്പനികൾക്ക് അനുവദിച്ച തുക കൂട്ടിക്കൊടുക്കാനും പുതിയ വായ്പകള്‍ അനുവദിക്കാനും ബാങ്കുകൾ മടിക്കുന്നു എന്നാണ് ബാങ്ക് ലോണ്‍ എക്സ്പോഷര്‍ കുറയുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അങ്ങനെ വരുമ്പോൾ ഉപഭോക്തൃ സാധനങ്ങൾ (consumer goods) നിർമ്മിക്കുന്ന കമ്പനികൾക്ക് ഉത്പാദനം കൂട്ടാനും പുതിയ ബിസിനസ് മേഖലകളിലേക്ക് വളരാനും സാധിക്കാതെ വരും. ഇത് അവരുടെ ലാഭവിഹിതത്തെ കാര്യമായി ബാധിക്കുകയും ചില കമ്പനികൾ നഷ്ടത്തിൽ പോകാൻ ഇട വരികയും ചെയ്യും.

ഉദാഹരണത്തിന്, അരിപ്പൊടി ഉണ്ടാക്കുന്ന ഒരു കമ്പനി തുടങ്ങുന്ന ആൾ ലക്ഷ്യം വയ്ക്കുന്നത്, കാലാകാലം അരിപ്പൊടി മാത്രം വിൽക്കുന്ന കമ്പനിയായി തുടരുക എന്നതല്ല, മറിച്ച് ഒന്നോ രണ്ടോ വർഷത്തിനകം അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിസ്കറ്റോ, പുട്ടുപൊടിയോ കൂടി വിപണിയിൽ എത്തിക്കുക എന്നതാണ്. അരിപ്പൊടി ഒരു കൺസ്യൂമർ ഗുഡ് അല്ല, മറിച്ച് അത് ബിസ്കറ്റോ പുട്ടു പൊടിയോ ഉണ്ടാക്കാനുള്ള അസംസ്കൃത ചേരുവയാണ്. പുതിയ ബാങ്ക് ലോണുകൾ കിട്ടാതെ പോയാൽ, അത് ആദ്യം ബാധിക്കുക കൺസ്യൂമർ ഗുഡ്സിന്റെ ഉത്പാദനത്തെയാണ്.

കൺസ്യൂമർ ഗുഡ്സ് മേഖലയിൽ ബാങ്കുകൾ ലോൺ കുറയ്ക്കുന്നു എന്നു പറഞ്ഞാൽ, ആളുകളുടെ ഉപഭോഗം കുറയുന്നു എന്നാണ്. ഉപഭോഗം കുറയുന്നു എങ്കിൽ ആദ്യത്തെ കാരണം, ഉപയോഗിക്കുന്നവരുടെ കൈയ്യിൽ പൈസ ഇല്ലാതാവുന്നു എന്നതാണ്. അതായത്, ഇന്നലെ വരെ മാർക്കറ്റിൽ നിന്നും പുട്ടുപൊടി വാങ്ങിച്ച് ഉപയോഗിച്ചിരുന്ന ആൾ, അതിനു പകരം വീട്ടിൽ തന്നെ അരി നനച്ചെടുത്ത് പൊടിയുണ്ടാക്കാം എന്ന് തീരുമാനിക്കും. സാമ്പത്തിക മാന്ദ്യം ആദ്യം ബാധിക്കുക ഉപഭോഗത്തെയാണ്. അത് തിരിച്ചറിയുന്നതു കൊണ്ട് കൂടിയാണ് ബാങ്കുകൾ പുതിയ ലോണുകൾ ആ മേഖലയിൽ അനുവദിക്കാത്തത്.

കൺസ്യൂമർ ഗുഡ്സിന്റെ നിർമ്മാണം കുറഞ്ഞാൽ അത് അസംസ്കൃത വസ്തുക്കളുടെ വിപണിയെയും ബാധിക്കും. അതാണ് സാമ്പത്തിക മാന്ദ്യത്തിന്റെ രണ്ടാം തലം. അസംസ്കൃത വസ്തുക്കളുടെ വിപണിയെ ബാധിച്ചു തുടങ്ങുമ്പോൾ, ആ മേഖല നഷ്ടത്തിലാവും. അതോടെ, ആ മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് കർഷകരും അസംഘടിത തൊഴിലാളികളും പട്ടിണിയിൽ വീഴുകയും ചെയ്യും. രാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ രണ്ടാം ഘട്ടം ഇതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍