UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരാൾക്ക് 40 രൂപ ചെലവിട്ട് മോദി സ്പീഡ് പോസ്റ്റ് ചെയ്ത കത്ത് കിട്ടിയോ? ഏഴരക്കോടി കത്തുകൾ, പ്രിന്റ് ചെയ്യാൻ മാത്രം 15 കോടിയിലധികം ചെലവ്

ആയുഷ്മാൻ ഭാരത് എന്ന പേരിലറിയപ്പെടുന്ന പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷൂറൻസ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രിന്റ് ചെയ്ത് അയച്ചത് ഏഴരക്കോടി കത്തുകളാണ്. ഇതിനായി ചെലവിട്ടത് 15.75 കോടി രൂപയും. കേരളത്തിലും ഈ കത്തുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ ഈ ഇൻഷൂറൻസ് പരിപാടിയെക്കുറിച്ച് ഈ കത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്. കത്തിൽ പ്രധാനമന്ത്രി തന്റെ വ്യക്തിപരമായ കാര്യങ്ങളും എഴുതിയിരിക്കുന്നു. തന്റെ ചെറുപ്പകാലത്ത് കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുവന്നതെന്ന് കത്തിൽ മോദി അവകാശപ്പെടുന്നുണ്ട്.

‘എന്റെ ജീവിതത്തിൽ ദാരിദ്ര്യത്തെ അടുത്തനുഭവിച്ചിട്ടുണ്ട്. പാവങ്ങളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഏറ്റവും മികച്ച വഴി അവരെ ശാക്തീകരിക്കുകയാണ്. പ്രധാനമന്ത്രിസ്ഥാനം നൽകി തങ്ങളെ സേവിക്കാനുള്ള അവസരം ജനങ്ങൾ എനിക്ക് നൽകിയ അന്നു മുതൽ പാവങ്ങൾ ശാക്തീകരിച്ചു വരികയാണ് ഞാൻ. വീടുകൾ നിർമിക്കുന്നതു മുതൽ വരുമാനം വർധിപ്പിക്കുന്നതു വരെ നിരവധി കാര്യങ്ങൾ ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ വളർച്ചയ്ക്കായി നിരവധി കാര്യങ്ങൾ ചെയ്തു.’ -പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.

പ്രധാൻമന്ത്രി ആവാസ് യോജന, പ്രധാന്‍‌മന്ത്രി ഉജ്ജ്വൽ യോജന, പ്രധാന്‍മന്ത്രി ജീവൻ ജ്യോജി ഭീമ യോജന, സൗഭാഗ്യ പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ചും മോദി കത്തിൽ പറയുന്നു. ഈ കത്ത് അടിച്ചത് അഡ്മിനിസ്ട്രേറ്റീവ് ചെലവിലാണ് പെടുത്തിയിരിക്കുന്നതെന്ന് ആയുഷ്മാന്‌ ഭാരത് പദ്ധതിയുടെ സിഇഒ ഇന്ദു ഭൂഷൺ പറയുന്നു.

ഓരോ കത്തും സ്പീഡ് പോസ്റ്റായാണ് അയച്ചിരിക്കുന്നത്. 40 രൂപയാണ് ഒരു കത്ത് അയയ്ക്കുന്നതിനുള്ള പോസ്റ്റോഫീസിലെ മാത്രം ചെലവ്. ഇങ്ങനെ ഇതുവരെ 15 കോടിയിലധികം രൂപ ചെലവായി. 2000 കോടി രൂപയാണ് ഇൻഷൂറൻസ് പദ്ധതിക്ക് ആകെ വകയിരുത്തിയിട്ടുള്ളത്.

ഇതെല്ലാം തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കളികളാണെന്ന് എംബി രാജേഷ് എംപി ആരോപിച്ചു. എന്നാൽ ഇതു സംബന്ധിച്ചുള്ള എൻഡിടിവിയുടെ ചോദ്യത്തിന് അത്തരമൊരുദ്ദേശ്യം തങ്ങൾക്കില്ലെന്നാണ് ഇന്ദു ഭൂഷൺ പ്രതികരിച്ചത്. സമാനമായ രീതിയിൽ കൊൽക്കത്തയിലും മോദി കത്തുകളയച്ചിരുന്നു. തന്റെ വ്യക്തിപരമായ ദാരിദ്ര്യം വിവരിച്ചുള്ള ഈ കത്തയയ്ക്കലിനെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തു വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍