UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയിൽ പൊലീസുകാരനെ കല്ലെറിഞ്ഞു കൊന്നു; സംഭവം നരേന്ദ്രമോദിയുടെ റാലി കഴിഞ്ഞയുടൻ

ഉത്തർപ്രദേശിലെ ഗാസിപൂരിൽ ആൾക്കൂട്ടം പൊലീസുകാരനെ കല്ലെറിഞ്ഞു കൊന്നു. നോഹാര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സുരേഷ് വൽസാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലി കഴിഞ്ഞതിനു പിന്നാലെയാണ് പുതിയ സംഭവം. റാലിയില്‍ സുരക്ഷാ ചുമതല നിർവ്വഹിച്ച ശേഷം സുരേഷ് ഒരു പ്രതിഷേധ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ചെല്ലുകയായിരുന്നു. ഇവിടെ വെച്ചാണ് പ്രതിഷേധക്കാർ പൊലീസിനെ കല്ലെറിഞ്ഞത്. പരിക്കേറ്റ സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നിഷാദ് സമുദായക്കാര്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് അക്രമമുണ്ടായത്. നിലവിൽ ഒബിസി വിഭാഗക്കാരായ തങ്ങളെ എസ്‌സി വിഭാഗത്തിലേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. രാഷ്ട്രീയ സമ്മർദ്ദം ചെലുത്താൻ ശേഷിയുള്ള ശക്തമായ സാമുദായിക വിഭാഗമായതിനാൽ നേരത്തെ അഖിലേഷ് യാദവ് സർക്കാർ ഇവരെ എസ്‌സി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യുകയാണുണ്ടായത്.

മരിച്ച സുരേഷിന്റെ ഭാര്യക്ക് 40 ലക്ഷം രൂപ നല്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. മാതാപിതാക്കൾക്ക് 10 ലക്ഷം രൂപയും നല്‍കും. സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ നടപടി. ബുലന്ദ്ഷഹറിൽ ഈയിടെയാണ് മറ്റൊരു പൊലീസുദ്യോഗസ്ഥനെ സംഘപരിവാർ പ്രവർത്തകർ തല്ലിയും വെടിവെച്ചും കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നത് രാജ്യവ്യാപകമായ വിമർ‍ശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍