UPDATES

വീണ്ടും അഴിമതി ആരോപണം; ഗഡ്കരിയുടെ സെക്രട്ടറിയുടെ ഉടമസ്ഥതയില്‍ സ്വകാര്യ കമ്പനി, സര്‍ക്കാര്‍ സഹായം

അമിത് ഷായുടെ മകന്റെ കമ്പനി, അജിത്‌ ഡോവലിന്റെ മകന്റെ സ്ഥാപനം എന്നിവയ്ക്ക് പിന്നാലെയാണ് ഗഡ്കരിയുടെ സെക്രട്ടറിക്ക് നേരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ ഉദ്യോഗത്തില്‍ തുടര്‍ന്നുകൊണ്ട് സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്വകാര്യ കമ്പനി നടത്തിയതായി ആരോപണം. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്‌ ഷായുടെ കമ്പനി വന്‍ ലാഭമുണ്ടാക്കിയതായ ആരോപണവും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവലിന്റെ മകനും ആര്‍എസ്എസ്-ബിജെപി നേതാക്കളും ചേര്‍ന്ന് നടത്തുന്ന ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സ്ഥാപനം സര്‍ക്കാര്‍ സഹായം സ്വീകരിക്കുകയും ലോബിയിംഗ് അടക്കമുള്ളവ നടത്തുന്നതായും ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഗഡ്കരിയുടെ സെക്രട്ടറിയും സമാന വിധത്തില്‍ അഴിമതി നടത്തിയതായി ആരോപണമുയരുന്നത്.

ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വൈഭവ് ദാങ്കെ 2014 ഓഗസ്റ്റ് 8ന് ജോലിയില്‍ പ്രവേശിച്ചതായി കേന്ദ്രമന്ത്രിസഭയുടെ നിയമനസമിതി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 5 വര്‍ഷത്തേക്കുളള കരാര്‍ അടിസ്ഥാനത്തിലാണ് ഈ നിയമനം. കേന്ദ്രമന്തിയുടെ സ്റ്റാഫ് ആയി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും 2014 ഒക്ടോബര്‍ 9ന് അദ്ദേഹം ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജി (ഐഎഫ്ജിഇ) എന്ന സ്വകാര്യകമ്പനി സ്ഥാപിച്ചു. മഹാരാഷ്ട്രയിലെ ചാലിസ്‌ഗോണ്‍ സ്വദേശി മോത്തിറാം കൃഷ്ണറാവു പാട്ടിലുമായി ചേര്‍ന്നാണ് കമ്പനി തുടങ്ങിയത്. ഇരുവര്‍ക്കും കമ്പനിയില്‍ 50 ശതമാനം വീതം ഓഹരിയാണുളളത്. എന്നാല്‍, ആദായമുണ്ടാക്കാന്‍ പാടില്ലാത്ത കമ്പനിവകുപ്പ് നിയമ പ്രകാരം വകുപ്പ് ‘8’ പ്രകാരമാണ് ഈ കമ്പനി രജിസറ്റര്‍ ചെയ്തതെന്ന് ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദായമുണ്ടാക്കുന്ന കമ്പനി നടത്തിയ അദ്ദേഹത്തിന്റെ നടപടി കേന്ദ്ര സിവല്‍ സര്‍വ്വീസ് ചട്ടം 12ന്റെ നഗ്നമായ ലംഘനമാണെന്നും റിപ്പോര്‍ട്ട് തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു. കേന്ദ്ര സിവില്‍ സര്‍വ്വീസ് ചട്ട പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആദായമുണ്ടാക്കുന്ന മറ്റ് തൊഴിലിലോ, പണമോ സംഭാവനയോ ലഭിക്കുന്ന തരത്തിലുളള സേവനമോ ചെയ്യരുതെന്നാണ് ചട്ടം. എന്നാല്‍, താന്‍ നിയമം ലംഘിച്ചിട്ടില്ലെന്നാണ് വൈഭവ് ദാങ്കെ ലേഖകരെ രേഖാമൂലം അറിയിച്ചത്.

റോബര്‍ട്ട് വധേര- ജയ് ഷാ; ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭീതിദമായ താരതമ്യങ്ങള്‍, വ്യത്യാസങ്ങളും

2015 സാമ്പത്തികവര്‍ഷം കമ്പനിയുടെ ബാലന്‍സ് ഷീറ്റ് പ്രകാരം 74 ലക്ഷം രൂപയാണ് കൈവശമുളളത്. അതില്‍ 73 ലക്ഷം രൂപം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ ഉപയോഗിക്കാത്ത സ്ഥിരനിക്ഷേപമാണ് (കോര്‍പ്പസ് ഫണ്ട്). 2015-16ലെ ബാലന്‍സ് ഷീറ്റില്‍ കാണിച്ചിരിക്കുന്നത് 1.33 കോടി രൂപയുടെ കോര്‍പ്പസ് ധനമാണ്. ഇത് സര്‍ക്കാര്‍ സഹായമാണെന്ന് അതെ വര്‍ഷത്തെ ബാലന്‍സ് ഷീറ്റില്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.

ഈ രേഖകളില്‍ പറയുന്നത് സര്‍ക്കാര്‍, ഐഎഫ്ജിഇ കമ്പനിക്ക് സാമ്പത്തികസഹായം നല്‍കിയെന്നാണ്. എന്നാല്‍, ദാങ്കെ, ഇത് നിഷേധിക്കുന്നു. അദ്ദേഹം പറയുന്നത് മന്ത്രി നിതിന്‍ ഗഡ്കരി തന്റെ വകുപ്പില്‍ നിന്നും ഐഎഫ്ജിഇ കമ്പനിക്ക് ധനസഹായം നല്‍കിയില്ലെന്നാണ്. എന്നാല്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത് നേര്‍വിപരീതമാണ്. ഐഎഫ്ജിഇ ഗതാഗതവകുപ്പുമായി ചേര്‍ന്ന് നിരവധി ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്. ഗതാഗതവകുപ്പിന്റെ സഹകരണത്തോടെ 2016, ഏപ്രില്‍ മാസം ‘ഗ്ലോബല്‍ ബാംബൂ സമ്മിറ്റ്’ കമ്പനി സംഘടിപ്പിച്ചതായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

മോദി അധികാരത്തില്‍ എത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം 16,000 ഇരട്ടി!

2017 മെയ് മാസത്തില്‍ കമ്പനി മുംബൈയില്‍ വെച്ച് മറ്റൊരു യോഗം സംഘടിപ്പിച്ചു. ‘ഗ്രീന്‍ പോര്‍ട്ടസ് ആന്‍ഡ് ഓയില്‍ സ്പില്‍ മാനേജ്‌മെന്റ്’ എന്ന വിഷയത്തിലായിരുന്നു ഇത്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രാലയത്തിലെ മറ്റുവകുപ്പുകളുടെ സഹകരണവും പരിപാടിക്കുണ്ടായിരുന്നു. കപ്പല്‍ വകുപ്പ് മന്ത്രാലയവും ഈ പരിപാടിയുമായി സഹകരിച്ചു. ഇന്ത്യന്‍ പോര്‍ട്ട് അസോസിയോഷനും പരിപാടിയുടെ പ്രയോജകരായിരുന്നു. പരിപാടിയുടെ ബ്രോഷര്‍ പറയുന്നത് പ്രകാരം തുറമുഖവകുപ്പ് പരിപാടി സംഘടിപ്പിക്കാനായി 3 ലക്ഷം മുതല്‍ 15 ലക്ഷം വരെ ദാങ്കേയുടെ കമ്പനിക്ക് സംഭാവനയായി നല്‍കിയിട്ടുണ്ടെന്നാണ്.

ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദി ഹിന്ദു പത്രം ഒരു ചോദ്യാവലി നവംബര്‍ ഏഴിന് ദാങ്കെക്ക് അയച്ചിരുന്നു. ഒമ്പത് ദിവസം കഴിഞ്ഞ് നവംബര്‍ 16 ന് അയച്ച മറുപടിയില്‍ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും 2017 സെപ്തംബര്‍ 13ന് വൈഭവ് ദാങ്കെ രാജിവെച്ചെന്ന മറുപടി ലഭിച്ചു. ‘താന്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ചേര്‍ന്നപ്പോള്‍ തന്നെ കമ്പനിയില്‍ നിന്നും രാജിവച്ചി’രുന്നുവെന്ന് അദ്ദേഹം മറുപടിയില്‍ പറയുന്നു.

”ഐഎഫ്ജിഇ സ്ഥാപിക്കുമ്പോള്‍ അതിന്റെ ഭാഗമായിരുന്നു. അന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ല. സര്‍ക്കാര്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായതോടെ കമ്പനിയില്‍ നിന്നും രാജിവെച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണമായും ചാരിറ്റബിള്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാനുളള അവസരമുണ്ടായിട്ടും ഞാന്‍ രാജിവെയ്ക്കുകയായിരുന്നുവെന്നത് ശ്രദ്ധിക്കണം”- അദ്ദേഹം ഹിന്ദുവിന് എഴുതിയ മറുപടി കത്തില്‍ വിശദമാക്കി. ”2013 നവംബര്‍ 30ന് ആരംഭിച്ച ഒരു സ്വതന്ത്ര സംഘടനയാണ് ഐഎഫ്ജിഇ. അതാരംഭിച്ചപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നില്ല”- അദ്ദേഹം മറുപടി കുറിപ്പില്‍ വ്യക്തമാക്കി.

അജിത്‌ ഡോവലിന്റെ മകന്‍, നാല് കേന്ദ്രമന്ത്രിമാര്‍, ബിജെപി ജന. സെക്രട്ടറി; ഇന്ത്യാ ഫൗണ്ടേഷന്‍ വളര്‍ന്നതിങ്ങനെ

അതെസമയം, ദാങ്കെ, ഗഡ്കരിയുടെ പേഴ്‌സണല്‍ സറ്റാഫായി ചേര്‍ന്ന ശേഷം രണ്ട് മാസം കഴിഞ്ഞ് 2014 ഒക്ടോബര്‍ 9-നാണ് കമ്പനി സ്ഥാപിച്ചതെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനിയില്‍ നിന്നും ദി ഹിന്ദു ദിനപത്രത്തിന്റെ ലേഖകര്‍ ജോസി ജോസഫ്, അരുണ്‍ എസ് എന്നിവര്‍ക്ക് ലഭിച്ച രേഖകളില്‍ വ്യക്തമാക്കുന്നത്. ദാങ്കെയുടെ വിശദീകരണം: ”ഐഫ്ജിഇ ആദായരഹിത സ്ഥാപനമായി (വകുപ്പ് 25/പുതിയ വകുപ്പ് 8) പ്രതിഫലമോ, അംഗങ്ങള്‍ക്ക് ലാഭവിഹിതമോ ഇല്ലാതെ 2014 മാര്‍ച്ച് 24 ന് വകുപ്പ് 25 പ്രകാരം ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയതാണ് ഐഎഫ്ജിഇ കമ്പനിയുടെ ലൈസന്‍സ്. അന്ന് യുപിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നത്.”

എന്നാല്‍, രജിസറ്റാര്‍ ഓഫ് കമ്പനി രേഖകള്‍ പ്രകാരം ദാങ്കെ 50 ശതമാനം ഓഹരി ഇപ്പോഴും കൈവശം വെയ്ക്കുന്നുവെന്നാണെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അതെസമയം, കമ്പനിയുടെ വെബ്സൈറ്റില്‍ അതിന്റെ പേട്രണ്‍മാരായി കാണിച്ചിരിക്കുന്ന മന്ത്രിമാര്‍ നിതിന്‍ ഗഡ്കരിയും സുരേഷ പ്രഭുവും ഇതുസംമ്പന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നവംബര്‍ 7 ന് ദി ഹിന്ദു അയച്ച ചോദ്യാവലിക്ക് മന്ത്രിമാരുടെ ഒഫീസ് നല്‍കിയ മറുപടി ‘മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു’.

ജയ് ഷാ ദി വയര്‍ ന്യൂസ് പോര്‍ട്ടലിന്റെ വായ് മൂടി കെട്ടാനുളള ശ്രമം തുടങ്ങി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍