UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കുഞ്ഞുങ്ങള്‍ക്ക് ‘അനാവശ്യം’ എന്ന് പേരിട്ട് മധ്യപ്രദേശ് ദമ്പതികള്‍

കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ റെക്കോഡുകള്‍, ആധാര്‍ കാര്‍ഡ് എന്നിവിടങ്ങളിലെല്ലാം ഈ പേരാണ് ഉള്ളത്

മകന്‍ വേണമെന്ന് ആഗ്രഹിച്ച മധ്യപ്രദേശിലെ ദമ്പതികള്‍ തങ്ങള്‍ക്ക് പിറന്ന പെണ്‍കുട്ടികള്‍ക്ക് ഇട്ട പേര് അനാവശ്യം എന്ന് അര്‍ത്ഥം വരുന്ന അഞ്ചാച്ചിയെന്ന്. കുട്ടിയായിരുന്നപ്പോള്‍ അവള്‍ക്ക് അതിന്റെ അര്‍ത്ഥം മനസിലായില്ലെങ്കിലും ഇപ്പോള്‍ ഡിഗ്രി പഠിക്കുന്ന അവള്‍ക്ക് ആളുകള്‍ തന്നെ പരിഹസിക്കുന്നതിന്റെ കാരണമറിയാം.

മധ്യപ്രദേശിലെ മന്ദ്‌സോര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 35 കിലോമീറ്റര്‍ അകലെ ബില്ലുവാദ് ഗ്രാമത്തില്‍ ഇത്തരത്തില്‍ രണ്ട് സംഭവങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ റെക്കോഡുകള്‍, ആധാര്‍ കാര്‍ഡ് എന്നിവിടങ്ങളിലെല്ലാം ഈ പേരാണ് ഉള്ളത്. ഇതില്‍ ഒരാള്‍ ബി എസ് സി വിദ്യാര്‍ത്ഥിയും മറ്റേയാള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. തന്റെ ഭര്‍ത്താവ് വാതരോഗിയായിരുന്നെന്നും അതിനാല്‍ തന്നെ ഒരു മകന്‍ ജനിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും ഇതില്‍ ബി എസ് സിക്കാരിയായ അഞ്ചാച്ചിയുടെ അമ്മ കാന്തി ഭായി പറഞ്ഞു. എന്നിട്ടും അഞ്ചാമതും ഒരു പെണ്‍കുട്ടിയാണ് ജനിച്ചത്. എന്നാല്‍ അവള്‍ക്ക് അഞ്ചാച്ചിയെന്ന് പേരിട്ടാല്‍ അടുത്തതായി ആണ്‍കുട്ടി ജനിക്കുമെന്നാണ് ഇവര്‍ കരുതിയിരുന്നത്. അതേസമയം ആറാമതും പെണ്‍കുട്ടി തന്നെ ജനിച്ചതോടെ തങ്ങള്‍ കുടുംബാസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് ഇവര്‍ പിടിഐയോട് പറഞ്ഞത്.

എന്നാല്‍ തന്റെ പേരില്‍ തനിക്ക് നാണക്കേട് തോന്നുന്നുണ്ടെന്നും അത് മാറ്റണമെന്നാണ് ആഗ്രഹമെന്നും ഈ പെണ്‍കുട്ടി പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ എന്റെ പേരില്‍ തെറ്റൊന്നും കണ്ടില്ല. എന്നാല്‍ മുതിര്‍ന്നപ്പോള്‍ ആളുകള്‍ പരിഹസിക്കാന്‍ തുടങ്ങിയതോടെയാണ് അതിന്റെ കുഴപ്പം മനസിലായത്. പത്താംക്ലാസ് പരീക്ഷയുടെ അപേക്ഷ നല്‍കിയപ്പോള്‍ തന്നെ താന്‍ പേര് മാറ്റാന്‍ നോക്കിയതാണെന്നും എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ അതിന് തയ്യാറായില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഇപ്പോഴും പേര് മാറ്റാനുള്ള ശ്രമത്തിലാണ് ഈ കുട്ടി. ആണ്‍കുട്ടികളില്ലാത്തതില്‍ തന്റെ മാതാപിതാക്കള്‍ ഒരിക്കലും ഖേദിക്കേണ്ടി വരില്ലെന്നും തങ്ങള്‍ പെണ്‍കുട്ടികളില്‍ ആണ്‍ മക്കളെ കണ്ടെത്തുകയാണ് അവര്‍ ചെയ്യുന്നതെന്നും അഞ്ചാച്ചി വ്യക്തമാക്കി.

തങ്ങളുടെ അയല്‍ഗ്രാമത്തില്‍ ഇതേപേരില്‍ മറ്റൊരു പെണ്‍കുട്ടിയുണ്ടെന്ന് കാന്തി ഭായിയാണ് പിടിഐയെ അറിയിച്ചത്. ആറാം ക്ലാസുകാരിയായ അഞ്ചാച്ചി അവളുടെ മാതാപിതാക്കളുടെ മൂന്നാമത്തെ മകളാണ്. ബാക്കി കഥകളെല്ലാം രണ്ട് അഞ്ചാച്ചിമാരുടേതും ഒന്നു തന്നെ. അതേസമയം ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. പെണ്‍കുട്ടികളെക്കുറിച്ചുളള ജനങ്ങളുടെ സമീപനം മാറാനായി 2007ല്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ലേഡി ലക്ഷ്മി യോജന എന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു.

പല സംസ്ഥാനങ്ങളും സമാനമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ തന്നെ സതാറ ജില്ലയില്‍ മകള്‍ക്ക് അനാവശ്യം എന്ന് അര്‍ത്ഥം വരുന്ന നകുഷി എന്ന് പേരിട്ട മാതാപിതാക്കളെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം സംസ്ഥാന പെണ്‍കുട്ടികള്‍ക്ക് മാന്യമായ പേരിടണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍