UPDATES

ഉപതിരഞ്ഞെടുപ്പിന് മുമ്പ് യോഗിക്ക് തിരിച്ചടി – 17 പിന്നോക്ക സമുദായങ്ങളെ പട്ടികജാതികളാക്കാനുള്ള നീക്കം അലഹബാദ് ഹൈക്കോടതി തടഞ്ഞു

ജൂണില്‍ വിവിധ ഒബിസി വിഭാഗങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ പട്ടിക ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു.

12 നിയമസഭ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒബിസിയില്‍ ഉള്‍പ്പെടുന്നത് അടക്കമുള്ള 17 പിന്നോക്ക സമുദായങ്ങളെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താനുള്ള ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കം അലഹബാദ് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സാമൂഹ്യപ്രവര്‍ത്തകന്‍ ഗോരഖ് പ്രസാദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

ജൂണില്‍ വിവിധ ഒബിസി വിഭാഗങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ പട്ടിക ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നു. കശ്യപ്, രാജ്ഭര്‍, ധിവര്‍, ബിന്ദ്, കുംഹര്‍, കഹാര്‍, കെവാത്, നിഷാദ്, ഭാര്‍, മല്ലാ, പ്രജാപതി, ധിമാര്‍, ബതാം, തുര്‍ഹ, ഗോദിയ, മാഞ്ചി, മച്ചുവ തുടങ്ങിയ സമുദായങ്ങള്‍ക്കാണ് പട്ടികജാതി പദവി നല്‍കിയിരുന്നത്.

വലിയ പ്രതിഷേധമാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ തവര്‍ചന്ദ് ഗെലോട്ട് തന്നെ, തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഭരണഘടനാവിരുദ്ധമാണ് യുപി സര്‍ക്കാരിന്റെ തീരുമാനം എന്നാണ് തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞത്. പാര്‍ലമെന്റിലാണ് ഗെലോട്ട് ഇക്കാര്യം പറഞ്ഞത്.

2005ല്‍ മുലായം സിംഗ് യാദവിന്റെ സമാജ് വാദി സര്‍ക്കാര്‍ 11 പിന്നോക്ക ജാതികളെ പട്ടികജാതികളാക്കാന്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവും കോടതി തടഞ്ഞു. 2007ല്‍ അധികാരത്തില്‍ വന്ന മായാവതിയുടെ ബി എസ് പി സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുകയും ചെയ്തു. കൂടുതല്‍ സമുദായങ്ങളെ പട്ടികജാതികളാക്കുന്നതിന് മുമ്പ് പട്ടികജാതിക്കാര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്ന് പറഞ്ഞായിരുന്നു ഇത്. 2017ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് സമാനമായ നീക്കം നടത്തിയെങ്കിലും ഇതും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍