UPDATES

ഗോ സംരക്ഷണം എല്ലാകാലത്തും കോണ്‍ഗ്രസ് നയം, ഗോശാലകളും പണിയും: നിലപാട് വ്യക്തമാക്കി കമല്‍നാഥ്

ഗോ സംരക്ഷണത്തിനായി മുന്‍ ബിജെപി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പശുക്കളെ സംരക്ഷിക്കുക എന്നത് എല്ലാ കാലത്തും കോണ്‍ഗ്രസ് നയമായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. ഇതിന്റെ ഭാഗമായി ഗോശാലകള്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു. ഗോ സംരക്ഷണത്തിനായി മുന്‍ ബിജെപി സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നുവെന്ന ആരോപണത്തിന് കമല്‍ നാഥ് മറുപടി പറഞ്ഞത്. പശുക്കളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ പാരമ്പര്യം അതാണെന്നും അദ്ദേഹം പറഞ്ഞു.

ഗോ സംരക്ഷണം കോണ്‍ഗ്രസിന്റെ നയമാണെങ്കിലും, അതിന്റെ പേരില്‍ ദേശീയ സുരക്ഷ നിയമം അനുസരിച്ച് നടപടിയെടുത്തത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ നിയമം ദുരുപയോഗിക്കുന്നത് തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ കൊന്നുവെന്ന് ആരോപിച്ച് കമല്‍നാഥ് അധികാരത്തിലെത്തിയതിന് ശേഷം മുന്ന് പേര്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം ഉപയോഗിച്ച് കേസ് എടുത്തത് വിവാദമായിരുന്നു.

അലഞ്ഞു തിരിയുന്ന പശുക്കള്‍ കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാകുന്നുവെന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അലഞ്ഞു തിരിയുന്ന പശുക്കള്‍ക്ക് സംരക്ഷണം നല്‍കുകയാണ് വേണ്ടതെന്നും കമല്‍നാഥ് വിശദീകരിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളികളഞ്ഞതുകൊണ്ട് മാത്രം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും കാര്‍ഷികപ്രശ്‌നങ്ങളെ പുതിയ കാഴ്ചപാടോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ബിജെപി സര്‍ക്കാര്‍ വിവിധ മേഖലകളെ ഹിന്ദുത്വ വല്‍ക്കരിച്ചതായും അതിനെതിരായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ നിലപാട് പ്രചരിപ്പിക്കുന്ന തരത്തില്‍ ബിജെപി സര്‍ക്കാര്‍ വരുത്തിയ സ്‌കൂള്‍ സിലബസുകള്‍ പരിഷ്‌ക്കരിക്കും. ദിഗ് വിജയ് സിങ്ങിനെ ഭോപ്പാലില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിതിന് പിന്നില്‍ അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യസത്തിന്റെ ഭാഗമായിട്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ ദിഗ് വിജയ് സിംങ് മല്‍സരിക്കണമെന്നത്് തന്റെ ഒരു നിര്‍ദ്ദേശം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളില്‍ മായവതിയുമായി ചര്‍ച്ച നടത്താറുണ്ടെന്നും കമല്‍നാഥ് കൂട്ടിചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍