UPDATES

ട്രെന്‍ഡിങ്ങ്

മധ്യപ്രദേശിലെങ്ങും ‘ഐശ്വര്യത്തിന്റെ സൈറണ്‍’ മുഴങ്ങുകയാണ്; കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ, ഏതു പശു പാല്‍ ചുരത്തും?

15 വര്‍ഷത്തെ ഭരണവിരുദ്ധ വികാര നിക്ഷേപം തങ്ങള്‍ക്ക് വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പക്ഷെ പശുവും ഹിന്ദുത്വയും കോണ്‍ഗ്രസിനെ രക്ഷിക്കുമോ എന്ന് കണ്ടറിയണം.

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ താരങ്ങള്‍ പശുക്കളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഒരു പടി താഴെ നിര്‍ത്താന്‍ കഴിയുന്ന താരങ്ങള്‍. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പശുക്കള്‍ നിറഞ്ഞുനില്‍ക്കുന്നു. സിഐഡി വിജയന്‍ പണ്ട് പറഞ്ഞതുപോലെ ഐശ്വര്യത്തിന്റെ സൈറണ്‍ എങ്ങും മുഴുങ്ങുന്നു. പശുക്കള്‍ക്കായി പ്രത്യേക സര്‍ക്കാര്‍ വകുപ്പ് തുടങ്ങിയിരിക്കുകയാണ് ശിവരാജ് സിംഗ് ചൗഹാന്‍റെ ബിജെപി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. ഇതിന് പത്ത് ദിവസം മുമ്പ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ നിയമസഭ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ പശുമന്ത്രാലയമുണ്ടാക്കി ചരിത്രം കുറിച്ചിരുന്നു. കേന്ദ്രത്തില്‍ ഒരു പശു മന്ത്രാലയം തുടങ്ങാന്‍ വകുപ്പ് മന്ത്രി മോദി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പശുക്കളെ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക എക്‌സ്പ്രസ് ട്രെയിന്‍ തുടങ്ങുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ അധികാരത്തില്‍ വന്നാല്‍ 23006 ഗോശാലകള്‍ തുടങ്ങുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. ജനാധിപത്യം പശുക്കള്‍ക്ക് വേണ്ടി വിഡ്ഢികളാല്‍ സ്ഥാപിക്കപ്പെടുന്ന ഗുണ്ടകളുടെ ഗവണ്‍മെന്റാണ് എന്നാണ് സമകാലീന ഇന്ത്യന്‍ രാഷ്ട്രീയ വ്യവഹാരത്തിന് എബ്രഹാം ലിങ്കണെ കടമെടുത്ത് സാനിയ സയിദ് എന്ന ഗവേഷക നല്‍കുന്ന പുനര്‍നിര്‍വചനം.

സ്വതന്ത്ര പശുവകുപ്പ് രൂപീകരിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു ശിവരാജ് സിംഗ് ചൌഹാന്‍ ക്യാബിനറ്റ് പദവി അനുവദിച്ച ആള്‍ദൈവം കംപ്യൂട്ടര്‍ ബാബയുടെ രാജി. ആറ് മാസം മുമ്പ് തന്നെ ബാബ, ശിവരാജ് സിംഗ് ചൗഹാന് പശുസംരക്ഷണത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് കുറ്റപ്പെടുത്താന്‍ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ഗോശാലകളില്‍ പശുക്കള്‍ക്ക് ആവശ്യമായ തീറ്റ കിട്ടുന്നില്ലെന്നാണ് കംപ്യൂട്ടര്‍ ബാബയുടെ പരാതി. ബാബയുടെ രാജിയോടെ മധ്യപ്രദേശിലെ പശുരാഷ്ട്രീയം ആളിക്കത്താന്‍ തുടങ്ങി. കംപ്യൂട്ടര്‍ ബാബയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബാബയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ശിവരാജ് സിംഗ് ചൗഹാനേയും ബിജെപിയേയും കോണ്‍ഗ്രസ് വെല്ലുവിളിച്ചു. ബിജെപിക്ക് പശുക്കളോട് സ്‌നേഹമില്ലെന്നും വോട്ട് മാത്രം മതിയെന്നും തങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുക്കളും പശുസ്‌നേഹികളും എന്നാണ് കോണ്‍ഗ്രസ് ബിജെപിയോട് പറയുന്നത്. അതേസമയം പശുക്കള്‍ക്ക് പ്ലാസ്‌ററ്റിക് തിന്നേണ്ടി വരുന്ന ദൈന്യാവസ്ഥയാണ് ബിജെപിയുടെ ഗോരാഷ്ട്രീയം ഉണ്ടാക്കിയത് എന്ന് പരോക്ഷമായി ബാബ പറഞ്ഞുവയ്ക്കുന്നുണ്ട്.

അതേസമയം പശുരാഷ്ട്രീയം കൊണ്ട് തന്നെ ബിജെപിയെ നേരിടാം എന്നാണ് കോണ്‍ഗ്രസിന്റെ കണ്ടുപിടിത്തം. ഹിന്ദുത്വ വികാരങ്ങള്‍ ഇളക്കിവിടാനും ധ്രുവീകരണമുണ്ടാക്കാനും കോണ്‍ഗ്രസും വളരെ മികവ് പ്രകടപ്പിച്ചിട്ടുണ്ട് എന്നാണല്ലോ ചരിത്രവും വര്‍ത്തമാനകാല സംഭവങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങളെ എങ്ങനെ നേട്ടമാക്കാം എന്നതാണ് കേരളത്തില്‍ മതേതര ജനാധിപത്യ കോണ്‍ഗ്രസിന്റെ ചിന്ത. ‘യുവതീ പ്രവേശന’ത്തിനെതിരെ നേതാക്കള്‍ പോസ്റ്റര്‍ അടിച്ചു കഴിഞ്ഞു. മധ്യപ്രദേശില്‍ സ്ഥിരം ക്ഷേത്ര ദര്‍ശനം മാത്രമല്ല രാമ – ഭക്തനായി ‘രാഹുല്‍ജി’ മധ്യപ്രദേശില്‍ അവതരിച്ച് കഴിഞ്ഞു. വ്യാപം അടക്കമുള്ള അഴിമതി വിഷയങ്ങള്‍, തൊഴിലില്ലായ്മ, മാന്ദ്‌സോറിലേതടക്കമുള്ള കര്‍ഷ പ്രശ്‌നങ്ങള്‍ എന്നിവയേക്കാളെല്ലാം ഏറെ കോണ്‍ഗ്രസ് കേന്ദ്രീകരിക്കുന്നത് പശു വിഷയത്തിലും മൃദുഹിന്ദുത്വ പ്രോത്സാഹനത്തിലുമാണ് എന്ന വിലയിരുത്തലുകളുണ്ട്. പ്രഖ്യാപനങ്ങള്‍ നടത്തുന്ന ഹോബിയാക്കി മാറ്റിയിരിക്കുന്ന ശിവരാജ് സിംഗ് ചൗഹാന്‍ ഒരു ഘോഷണ മെഷീന്‍ ആണ് എന്നാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്. 21000 പ്രഖ്യാപനങ്ങളില്‍ 386 എണ്ണം മാത്രമാണ് നടപ്പാക്കിയത് എന്ന് രാഹുല്‍ പറയുന്നു.

പശു മന്ത്രാലയം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം ബിജെപിക്കെതിരെ ഒരു ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി – ഗോമാതാക്കള്‍ മേഞ്ഞു നടക്കേണ്ട 100 ഏക്കര്‍ പുല്‍മൈതാനം ഗോള്‍ഫ് കോഴ്സ് ആക്കി മാറ്റുന്ന ബിജെപിയുടെ ‘വികസന നായക’രെ കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ നിര്‍ത്തി. തലസ്ഥാനമായ ഭോപ്പാലിന് സമീപമാണ് ‘ഗോമാതാ’ക്കളെ ആട്ടിപ്പായിച്ചുകൊണ്ടുള്ള ഈ ഗോള്‍ഫ് കോഴ്‌സ് വികസനം ബിജെപി നടപ്പാക്കുന്നത്. പശുക്കളുടെ ‘പുണ്യഭൂമി’ ഗോള്‍ഫ് കളി നടത്താനായി വിറ്റ ശിവരാജ് സിംഗ് ചൗഹാനെ കോണ്‍ഗ്രസ് കടന്നാക്രമിച്ചു. അതേസമയം കോണ്‍ഗ്രസ് തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന ‘അടിസ്ഥാനരഹിത’മായ ആരോപണങ്ങളില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശിവരാജ് സിംഗ് ചൗഹാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ALSO READ: കാളയും പശുവും നഷ്ടമായ കോണ്‍ഗ്രസിന്റെ കന്നുകാലി രാഷ്ട്രീയ പ്രതിസന്ധി 

100 ഏക്കറില്‍ ഗോള്‍ഫ് കോഴ്‌സ് മാത്രമല്ല, 600 ഏക്കറില്‍ ബുള്‍ മദര്‍ ഫാമും അനുബന്ധ സെമന്‍ സ്റ്റേഷനും ഉള്‍പ്പെട്ടതാണ് ഇവിടെ വരുന്ന പദ്ധതിയെന്ന് ശിവരാജ് സിംഗ് സര്‍ക്കാര്‍ അവകാശപ്പെടുന്നു. 600 പശുക്കളെയും എരുമകളേയും ഇവിടെ പരിപാലിക്കും. നല്ലയിനം പശുക്കളെ വികസിപ്പിച്ചെടുക്കുമെന്നും പറയുന്നു. അതേസമയം മൃഗസംരക്ഷണ വകുപ്പ് ഇവിടെ ഗോള്‍ഫ് കോഴ്‌സിന് സ്ഥലം വിട്ടുകൊടുക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെയും പ്രതിപക്ഷ വിമര്‍ശനങ്ങളേയുമെല്ലാം അവഗണിച്ച് ബിജെപി സര്‍ക്കാര്‍ ‘വികസന പരിപാടി’യുമായി മുന്നോട്ട് പോവുകയാണ്. പശു സംരക്ഷണ കേന്ദ്രങ്ങളും ഗോള്‍ഫ് കോഴ്‌സും ഒരുപോലെ ആവശ്യമാണ് എന്നാണ് റവന്യു മന്ത്രി ഉമാശങ്കര്‍ ഗുപ്ത പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായ ഗോള്‍ഫ് കോഴ്‌സുകളുണ്ട്. മധ്യപ്രദേശിന് അതില്ല. സംസ്ഥാനത്തെ കായികവികസനത്തിന് ഈ ഗോള്‍ഫ് കോഴ്‌സ് അനിവാര്യമാണെന്നും ബിജെപി മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ബിജെപിക്ക് ഇരട്ടമുഖമാണ് എന്നാണ് എംപിസിസി പ്രസിഡന്റ് കമല്‍നാഥ് ആരോപിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് അവര്‍ ഗോശാലകളെക്കുറിച്ചും പശു മന്ത്രാലയങ്ങളെക്കുറിച്ചും പ്രസംഗിച്ചുനടക്കും. എന്നാല്‍ പശുക്കള്‍ മേഞ്ഞു നടക്കേണ്ട പുല്‍മേടുകള്‍ ഗോള്‍ഫ് കളിക്ക് വിട്ടുകൊടുക്കും – കമല്‍നാഥ് പറഞ്ഞു. രേവ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ രാമക്ഷേത്രത്തിന് സമീപം പശുക്കളുടെ ശവങ്ങള്‍ കൂട്ടത്തോടെ കണ്ടെത്തിയത് ബിജെപിക്കെതിരെ കോണ്‍ഗ്രസ് നന്നായി ഉപയോഗിച്ചു. ബിജെപി പശുസംരക്ഷണത്തിനുള്ള 2013ലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ലംഘിച്ചതായാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിനുള്ള മറുപടി കൂടിയായിരുന്നു പശു മന്ത്രാലയ പ്രഖ്യാപനം. ഇന്ത്യയിലെ ആദ്യത്തെ പശു സംരക്ഷണ കേന്ദ്രമായ സസ്‌നറിലെ കെടുകാര്യസ്ഥതയും അശ്രദ്ധയും ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്നു. മാല്‍വ മേഖലയിലെ അഗര്‍ ജില്ലയിലാണ് ഈ കൗ സാംക്ച്വറി. 2012ല്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ആണ് ഇത് ഉദ്ഘാടനം ചെയ്തത്.

ഒറ്റയ്ക്ക് മത്സരിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനത്തോടെ സഖ്യം സംബന്ധിച്ചും ദലിത് വോട്ടുകള്‍ സംബന്ധിച്ചുമുള്ള കോണ്‍ഗ്രസിന്റ പ്രതീക്ഷകള്‍ മങ്ങി. സീറ്റ് വിഭജനത്തെ ചൊല്ലിയാണ് മായാവതി കോണ്‍ഗ്രസിനോട് സലാം പറഞ്ഞത്. സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ബി എസ് പിയുമായുള്ള സഖ്യത്തിന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞ മായാവതി, സംസ്ഥാനത്ത് ആര്‍എസ്എസ് ഏജന്റ് ആയി പ്രവര്‍ത്തിക്കുന്ന ദിഗ് വിജയ് സിംഗ് ആണ് പാര വച്ചത് എന്നാണ് ആരോപിക്കുന്നത്. 2003ല്‍ ദിഗ്‌വിജയ് സിംഗ് പടിയിറങ്ങിയ ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിനൊരു മുഖ്യമന്ത്രിയുണ്ടായിട്ടില്ല. 15 വര്‍ഷത്തെ ഭരണവിരുദ്ധ വികാര നിക്ഷേപം തങ്ങള്‍ക്ക് വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പക്ഷെ പശുവും ഹിന്ദുത്വയും കോണ്‍ഗ്രസിനെ രക്ഷിക്കുമോ എന്ന് കണ്ടറിയണം.

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

മായാവതി പാലം വലിക്കുന്നു? മഹാസഖ്യം കടപുഴകിയേക്കും; തന്ത്രമൊരുക്കി ബിജെപി

കാളയും പശുവും നഷ്ടമായ കോണ്‍ഗ്രസിന്റെ കന്നുകാലി രാഷ്ട്രീയ പ്രതിസന്ധി

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍