UPDATES

ട്രെന്‍ഡിങ്ങ്

തരിഗാമിയെ കാണാന്‍ യെച്ചൂരി ഇന്ന് കാശ്മീരിലേക്ക്, ഒരു ദിവസം അവിടെ തങ്ങാനും ആലോചന

തരിഗാമിയെ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി ഇന്നലെ യെച്ചൂരിയെ അനുവദിച്ചിരുന്നു.

ജമ്മു കാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370-ആം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ വീട്ടുതടങ്കലിലാക്കിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പിരിച്ചുവിടപ്പെട്ട നിയമസഭയിലെ അംഗവുമായിരുന്ന മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറിലേക്ക്. രാവിലെ 9.55-ന് ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ശ്രീനഗറിലേക്ക് പോകുന്ന യെച്ചൂരി ഇന്ന് അവിടെ തന്നെ താമസിച്ച ശേഷം നാളെ ഡല്‍ഹിക്ക് തിരിക്കാനാണ് ആലോചിക്കുന്നത് എന്നറിയുന്നു. എന്നാല്‍ ഇത് ജമ്മു കാശ്മീര്‍ ഭരണകൂടം അനുവദിക്കുമോ എന്നുറപ്പില്ല.

തരിഗാമിയെ കാണാന്‍ സുപ്രീം കോടതി ഇന്നലെ യെച്ചൂരിക്ക് അനുമതി നല്‍കിയിരുന്നു.
കഴിഞ്ഞ രണ്ട് തവണത്തെ പോലെ ഇത്തവണയും സര്‍ക്കാര്‍ തന്നെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടയുമോ എന്ന് അറിയില്ലെന്ന് പറഞ്ഞ യെച്ചൂരി തനിക്ക് സിപിഎം നേതാവിനെ കാണാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ കാര്യവും താന്‍ ഇന്ന് എത്തുന്ന കാര്യവും ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഇന്നലെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഒരു സഹായിയെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ക്കുള്ള കത്തില്‍ യെച്ചൂരി പറഞ്ഞിരുന്നു.

“ഇത് ഞാന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്ക് കോടതി നല്‍കിയ മറുപടിയാണ്. തരിഗാമി സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ്. ഞാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നു. തരിഗാമി 24 വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിരുന്നു. ഇപ്പോള്‍ കോടതി അദ്ദേഹത്തെ കാണാന്‍ എനിക്ക് അനുമതി തന്നിരിക്കുന്നു. എത്ര സമയം അവര്‍ ശ്രീനഗറില്‍ ചിലവഴിക്കാന്‍ എന്നെ അനുവദിക്കുമെന്ന് അറിയില്ല. കണ്ടയുടനെ തിരിച്ചുവിടുമോ എന്നും അറിയില്ല” – യെച്ചൂരി ഇന്നലെ പറഞ്ഞു.

തരിഗാമിയെ മാത്രമേ കാണാന്‍ പാടൂള്ളൂ എന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ പാടില്ല എന്നുമാണ് സുപ്രീം കോടതി യെച്ചൂരിയോട് പറഞ്ഞിരിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഇത്തരത്തില്‍ പോയി തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് അവകാശമുണ്ട് എന്നും അതേസമയം സുഹൃത്തുക്കളെ കാണുകയല്ലാതെ മറ്റേതെങ്കിലും പ്രവര്‍ത്തനത്തിലേര്‍പ്പെട്ടാല്‍ അത് ചെയ്താല്‍ അത് കോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കിയിട്ടുണ്ട്. സീനീയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് യെച്ചൂരിയുടെ യാത്രയ്ക്ക് സൗകര്യമൊരുക്കണം. തരിഗാമി ഉള്ളിടത്ത് എത്തിക്കണം – കോടതി ഉത്തരവിട്ടു.

ഓഗസ്റ്റ് ഒമ്പതിന് തരിഗാമിയെ കാണാന്‍ യെച്ചൂരി ശ്രീനഗറിലെത്തിയെങ്കിലും വിമാനത്താവളത്തില്‍ വച്ച് തടയപ്പെട്ടിരുന്നു. തരിഗാമിയെ സന്ദര്‍ശിക്കാനുള്ള തീരുമാനം ജമ്മു കാശ്മീര്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിച്ചാണ് എത്തിയതെങ്കിലും ക്രമസമാധാന പ്രശ്‌നം പറഞ്ഞ് യെച്ചൂരിയെ തടയുകയായിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പവും യെച്ചൂരി ശ്രീനഗറില്‍ എത്തിയെങ്കിലും അന്നും തടഞ്ഞു. ഇതോടെയാണ് അദ്ദേഹം ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. തരിഗാമിയുടെ അറസ്റ്റ് ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യനുമുള്ള മൗലിക അവകാശം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് യെച്ചൂരിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

തരിഗാമിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ തരിഗാമിയെ യെച്ചൂരി ഇപ്പോള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. യുസഫ് തരിഗാമി എവിടെയാണെന്ന കോടതിയുടെ ചോദ്യത്തിന് അദ്ദേഹത്തിനു ഒരു കുഴപ്പവുമില്ല, ഇസെഡ് കാറ്റഗറി സുരക്ഷയില്‍ കഴിയുകയാണെന്നായിരുന്നു മേത്തയുടെ മറുപടി. ഇസെഡ് കാറ്റഗറി ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം, ഒരു പൗരന് രാജ്യത്ത് എവിടെയും സന്ദര്‍ശിക്കാന്‍ അധികാരമുണ്ട്, അദ്ദേഹത്തെ തടയാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ യെച്ചൂരിക്ക് എസ്കോര്‍ട്ട് ഒരുക്കാം എന്ന് മേത്ത പറഞ്ഞപ്പോള്‍, നിങ്ങള്‍ എസ്കോര്‍ട്ട് നല്‍കുകയൊന്നും വേണ്ട, അദ്ദേഹം തനിയെ പൊയ്ക്കോളും എന്നായിരുന്നു കോടതിയുടെ മറുപടി. തുടര്‍ന്നായിരുന്നു തരിഗാമിയെ സന്ദര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് യെച്ചൂരിയെ അനുവദിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഭരണഘടനാ ബഞ്ച് പരിശോധിക്കാനും സുപ്രീം കോടതി ഇന്നലെ തീരുമാനിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍