ഹിന്ദുത്വ ദേശീയതയുടെ ചാട്ടവാറടിയില്‍ നിന്നും മോചനം നേടുന്നതിനായി ഇന്ത്യന്‍ ദേശാഭിമാനത്തിന്റെ ബാനര്‍ ദേശാഭിമാനികളായ എല്ലാ ഇന്ത്യക്കാരും ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു.
തങ്ങളുടെ മുഖമുദ്രയായ ആഡംബരങ്ങളും പൊങ്ങച്ചവും പ്രദര്‍ശിപ്പിച്ചുകൊണ്ട് ബിജെപി സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍ ആഘോഷങ്ങള്‍ക്കുള്ള അവസരമല്ല ഇത്. ഈ മൂന്ന് വര്‍ഷക്കാലയളവിനിടയില്‍ ഇന്ത്യന്‍ ജനതയുടെ ജീവിതസാഹചര്യങ്ങള്‍ വലിയ രീതിയില്‍ ശോഷിച്ചിരിക്കുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ ഹസ്തമായി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്. മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ തങ്ങളുടെ വ്യാഖ്യാനത്തിലുള്ള ഭയാനകമായ അഹഷ്ണുത നിറഞ്ഞ ഫാസിസ്റ്റ് ‘ഹിന്ദു രാഷ്ട്ര’മായി പരിവര്‍ത്തിപ്പിക്കാനുള്ള അതിന്റെ പ്രത്യയശാസ്ത്ര പദ്ധതിയുമായി ആര്‍എസ്എസ് മുന്നേറുകയാണ്.
ഈ പ്രക്രിയയില്‍ ഇന്ത്യക്കും നമ്മുടെ ജനങ്ങള്‍ക്കും നേരെ നാല് ഭാഗത്ത് നിന്നുമുള്ള ആക്രമണമാണ് സര്‍ക്കാര്‍ അഴിച്ചുവിട്ടിരിക്കുന്നത്. ഒരു ഭാഗത്ത് ദളിതര്‍ക്കും മുസ്ലീം മതന്യൂനപക്ഷങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് സാമുദായിക ധ്രൂവീകരണം വലിയ രീതിയില്‍ വളര്‍ന്നുവരുന്നു; രണ്ടാമതായി, മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ നവ-ലിബറല്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുമായി ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു; മൂന്നാമതായി, വളര്‍ന്നുവരുന്ന ഏകാധിപത്യപ്രവണതകള്‍ ജനാധിപത്യ, പാര്‍ലമെന്റ് സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നു; അവസാനമായി, യുഎസ് സാമ്രാജ്യത്വത്തിന്റെ ഇളയ പങ്കാളി എന്ന നിലയിലേക്ക് ഇന്ത്യയുടെ സ്ഥാനം അധഃപതിച്ചിരിക്കുന്നു.
ജനങ്ങളുടെ ഉപജീവന സാഹചര്യങ്ങള്‍ ശോഷിക്കുന്നു
ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ എന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. ഇതിന് കടകവിരുദ്ധമായി രാജ്യത്തെ പ്രധാനപ്പെട്ട എട്ട് വ്യാവസായിക മേഖലകളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 2015-ല്‍ ഈ മേഖലയില്‍ എല്ലാം കൂടി 1.35 ലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 2016-ല്‍ 2.31 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ഭീമമായ തൊഴിലില്ലായ്മയ്ക്കിടയില്‍ ഓരോ വര്‍ഷവും 1.5 കോടി യുവാക്കള്‍ തൊഴില്‍ കമ്പോളത്തിലേക്ക് വരുന്നു. ഇന്ത്യയില്‍ തൊഴിലെടുക്കുന്നവരുടെ 35 ശതമാനത്തിനും ‘മതിയായ തൊഴിലവസരങ്ങള്‍’ ലഭിക്കുന്നില്ലെന്ന് ഐഎല്‍ഒ റിപ്പോര്‍ട്ട് ചെയ്യുന്നു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കൊട്ടിഘോഷിക്കപ്പെട്ട ഐടി മേഖല നിരാശജനകമായ ചിത്രമാണ് നല്‍കുന്നത്. ഐടി മേഖലയില്‍ ഇന്നുള്ള നാല്‍പത് ലക്ഷം തൊഴിലാളികളില്‍ 50 മുതല്‍ 60 ശതമാനം വരെ അധികമാണെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ മക്കിന്‍സെ പറയുന്നു. 56,000 തൊഴിലാളികളെ പിരിച്ചുവിടുന്നതിനെ കുറിച്ച് മൂന്ന് പ്രധാന ഐടി കമ്പനികളായ ഇന്‍ഫോസിസും വിപ്രോയും കോഗ്നിസെന്റും ആലോചിക്കുന്നു. രാജ്യത്തെമ്പാടുമുള്ള ഐഐടികളില്‍ നിന്നും പാസാകുന്നവരെ വന്‍കിട കമ്പനികള്‍ ജോലിക്കെടുക്കുന്നതില്‍ വലിയ രീതിയിലുള്ള ഇടിവ് വന്നിരിക്കുന്നു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിയമപരമായ ബാധ്യതപ്രകാരമുള്ള ഫണ്ടുകള്‍ അനുവദിക്കാന്‍ ബിജെപി സര്‍ക്കാര്‍ മടിക്കുന്നത് മൂലം ഗ്രാമീണ തൊഴിലവസരങ്ങള്‍ വലിയ രീതിയില്‍ വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നു. പ്രതിവര്‍ഷം ശരാശരി 20,000 പേര്‍ക്ക് ഈ പദ്ധതി പ്രകാരമുള്ള വേതനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ത്രിപുരയുടെ കാര്യം തന്നെയെടുക്കാം. ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍, അതായത് വര്‍ഷത്തില്‍ ശരാശരി 94 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന സംസ്ഥാനമാണ് ത്രിപുര. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വളരെ കുറവായതിനാല്‍ വര്‍ഷത്തില്‍ ശരാശരി 42 ദിവസം തൊഴില്‍ നല്‍കാന്‍ മാത്രമേ ആ സംസ്ഥാനത്തിന് സാധിക്കുന്നുള്ളു. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പകുതി തൊഴില്‍ദിനങ്ങള്‍ മാത്രമേ സൃഷ്ടിക്കാന്‍ സാധിച്ചുള്ളു.
തൊഴില്‍രംഗത്തെയും വ്യാവസായിക/ഉല്‍പാദനരംഗത്തെയും ഭാവി കൂടുതല്‍ നിരുത്സാഹജനകമായിരിക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. വ്യാവസായിക ഉല്‍പാദനത്തിന്റെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം 5.5 ശതമാനത്തില്‍ നിന്നും 2.7 ശതമാനമായി ഇടിഞ്ഞു. ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള വായ്പാ വളര്‍ച്ച കഴിഞ്ഞ 63 വര്‍ഷങ്ങളിലെ ഏറ്റവും താഴേക്ക് പോയി. ബാങ്ക് വായ്പയുടെ വളര്‍ച്ചാനിരക്കിലുള്ള ഈ ഇടിവില്‍ തന്നെ ഉത്പാദന മേഖലയിലെ ഇടിവ് പ്രതിഫലിക്കുന്നുണ്ട്. നമ്മുടെ മൊത്തം ആഭ്യന്തര ഉത്പാദത്തിന്റെ നാല്‍പത് ശതമാനവും നമ്മുടെ തൊഴിലവസരങ്ങളുടെ നാലില്‍ മൂന്നും സംഭാവന ചെയ്യുന്ന അനൗദ്യോഗിക മേഖലയെ നോട്ട് നിരോധനം തകര്‍ത്തിരിക്കുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഗ്രാമീണ ഇന്ത്യയിലെ സാഹചര്യങ്ങള്‍ വളരെ മോശമായിരിക്കുന്നു. ഈ മൂന്ന് വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ശരാശരി 12,000 കര്‍ഷകരെങ്കിലും ദുരിതങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ഈ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം ഇന്ത്യന്‍ കര്‍ഷകരും പെട്ടിരിക്കുന്ന വന്‍ കടക്കെണിയുടെ കുരുക്കാണ് ഇത്തരത്തിലുള്ള ആത്മഹത്യയുടെ പ്രധാന കാരണം. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാകുന്ന തുകയുടെ ഒന്നര പങ്ക് താങ്ങുവിലയായി നല്‍കാമെന്ന് ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യത്തിലും രാജ്യത്തെ കൃഷിക്കാരെ വഞ്ചിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.
ഇതോടൊപ്പം ഗോതമ്പിന്റെ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞതോടെ സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കമ്പോളത്തില്‍ ഗോതമ്പ് ലഭിക്കുന്ന അവസ്ഥ വന്നു. കടക്കെണിക്ക് കൂടുതല്‍ ആഴം കൂട്ടിക്കൊണ്ട് ദുരിതവിലയ്ക്ക് തങ്ങളുടെ ഉത്പന്നം വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുന്നു. പരുത്തി ഉള്‍പ്പെടെയുള്ള മിക്ക വിളകള്‍ക്കും നിലവിലുള്ള താങ്ങുവില പോലും വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള നമ്മുടെ അന്നദാതാക്കളുടെ അവസ്ഥയാണിത്.
നമ്മുടെ കുത്തക കമ്പനികള്‍ ബാങ്കുകളില്‍ നിന്നും എടുത്ത വന്‍വായ്പകള്‍ പുന:ക്രമീകരിക്കാനുള്ള (എഴുതി തള്ളാന്‍ എന്ന് വായിക്കുക) നിര്‍ദ്ദേശം ഈ സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ കര്‍ഷകരുടെ വായ്പകള്‍ പുന:ക്രമീകരിക്കുന്നതിനെ കുറിച്ച് അത് ആലോചിക്കുന്നത് പോലുമില്ല. കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തനരഹിത ആസ്തികള്‍ പലിശ ഉള്‍പ്പെടെ ഏകദേശം 11 ലക്ഷം കോടി രൂപ വരും. പാവപ്പെട്ട കര്‍ഷകരുടെ ആസ്തികളും കന്നുകാലികളെയും ബാങ്കുകള്‍ ജപ്തി ചെയ്തുകൊണ്ട് അവരുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുമ്പോള്‍, വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെ ഒരു ശിക്ഷാ നടപടിയും സ്വീകരിക്കുന്നില്ല. ഈ മൂന്ന് വര്‍ഷം കൊണ്ട് തുറന്നുകാട്ടപ്പെട്ട ഈ സര്‍ക്കാരിന്റെ യഥാര്‍ത്ഥ സ്വഭാവമാണിത്.
വര്‍ദ്ധിക്കുന്ന അസമത്വം
സ്വഭാവികമായും ഇത്തരം സാഹചര്യങ്ങളില്‍ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും മാനവിക വികസന സൂചികകളില്‍ വലിയ ഇടിവ് സംഭവിക്കും. ‘രോഗങ്ങളുടെ ഭാരം തങ്ങുന്നതിന്റെ’ ആഗോള സൂചികയില്‍ ആകെയുള്ള 195 രാജ്യങ്ങളില്‍ 154-ാം സ്ഥാനമാണ് അംഗീകൃത അന്താരാഷ്ട്ര ആരോഗ്യപ്രസിദ്ധീകരണമായ ദ ലാന്‍സെറ്റ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ സൂചികയില്‍ ഇന്ത്യ 11 സ്ഥാനങ്ങള്‍ താഴേക്ക് പതിച്ചു. ഉപഭൂഖണ്ഡത്തിലെ അയല്‍ക്കാരായ ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെക്കാള്‍ ‘രോഗങ്ങളുടെ ഭാരം’ താങ്ങുന്നവരാണ് ഇന്ത്യക്കാര്‍.
സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന ഇത്തരം ജനവിരുദ്ധ നയങ്ങള്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. 2014 – 2016 കാലത്ത് ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം തങ്ങളുടെ ദേശീയ ആസ്തി 49 ശതമാനത്തില്‍ നിന്നും 58.4 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 2000ല്‍ ഇത് 36.8 ശതമാനമായിരുന്നു. ഏറ്റവും താഴെത്തട്ടിലുള്ള എഴുപത് ശതമാനത്തിന്റെ ദേശീയ സമ്പത്തിലുള്ള പങ്ക് വെറും ഏഴ് ശതമാനം മാത്രമാണെന്ന് ആശങ്കജനകമായ കണക്കും ക്രെഡിറ്റ് സ്വിസ്സെ റിപ്പോര്‍ട്ട് തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമ്പന്നരും ദരിദ്രരും തമ്മില്‍ ദ്രുതഗതിയില്‍ വളര്‍ന്നുവരുന്ന വലിയ വിടവിനെ കുറിച്ച്, ഇന്ത്യയുടെ കുടുംബങ്ങളുടെ ചിലവുമായി ബന്ധപ്പെട്ട ദേശീയ സാമ്പിള്‍ സര്‍വെയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഏറ്റവും മുകളിലുള്ള പത്ത് ശതമാനം ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ശരാശരി 1.5 കോടിയുടെ ആസ്തി കൈമുതല്‍ ഉണ്ട്. ഇത് നമ്മുടെ രാജ്യത്തെ ഏറ്റവും താഴെ തട്ടിലുള്ള നഗരകുടുംബങ്ങളുടെ ആസ്തിയുടെ ശരാശരി മൂല്യത്തിന്റെ 50,034 മടങ്ങാണ്.
ഇന്ത്യയിലെ ദരിദ്രരുടെ കുടംബച്ചിലവുകള്‍ അത്രമേല്‍ തുച്ഛമായതിനാല്‍, മൊത്ത ആഭ്യന്തര ഉത്പാദനമോ അല്ലെങ്കില്‍ നികുതി പിരിവോ പോലെയുള്ള സ്ഥൂലസാമ്പത്തിക കണക്കുകളിലൊന്നും അത് ഇടംപിടിക്കാറില്ല. യഥാര്‍ത്ഥത്തില്‍ അവരുടെ അതിജീവനത്തിന് ആവശ്യമുള്ള ഒരു ഉത്പ്പന്നത്തിന് വേണ്ടിയും ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയും ചിലവഴിക്കുന്നില്ല. സമ്പന്നരും മധ്യവര്‍ഗ്ഗങ്ങളും മാത്രമാണ് പണം ചിലവഴിക്കുന്നത് എന്നതിനാല്‍, ഇത്തരം അസമത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നോട്ട് നിരോധനത്തിന്റെ കേടുകള്‍ ഇന്ത്യന്‍ ദരിദ്രരുടെ ചിലവഴിക്കല്‍ രീതിയില്‍ വലിയ ആഘാതമൊന്നും ഏല്‍പ്പിച്ചിട്ടില്ല. എന്തുകൊണ്ടാണ് നോട്ട് നിരോധനത്തിന് ശേഷവും ജിഡിപിയില്‍ അല്ലെങ്കില്‍ നികുതി പിരിവില്‍ അല്ലെങ്കില്‍ സെന്‍സെക്‌സില്‍ വലിയ ഇടിവൊന്നും സംഭവിച്ചില്ല എന്നതിന് ഇത് വിശദീകരണം തരുന്നു. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ ജനങ്ങളുടെ ജീവനോപാധികളില്‍ നോട്ട് നിരോധനം ആഘാതമൊന്നും ഏല്‍പിച്ചില്ല എന്നല്ല. മറിച്ച്, കണക്കുകളില്‍ പ്രതിഫലിക്കാത്ത രീതിയില്‍ ഇന്ത്യയുടെ മറുപകുതിയെ അത് തകര്‍ത്തുകളഞ്ഞു.
ശക്തമാകുന്ന സാമുദായിക ധ്രൂവീകരണം
ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള മാരകമായ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് പശുസംരക്ഷണത്തിന്റെ പേരിലുള്ള സ്വകാര്യസേനകള്‍ ബിജെപി ഭരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും രൂപംകൊണ്ടിട്ടുണ്ട്. എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം, ആരുമായി കൂട്ടുകൂടണം എന്നെല്ലാം നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ പൂവാലവിരുദ്ധ സേനയെയും കര്‍ണാടകയിലെ ശ്രീരാമ സേനയേയും പോലുള്ള സദാചാര സംഘങ്ങള്‍ നമ്മുടെ യുവതലമുറയെ തുടര്‍ച്ചയായി അവഹേളിക്കുന്നു. ഇത്തരം സ്വകാര്യ സേനകളെ നിരോധിക്കാതെ ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനാവില്ല.
ജമ്മു-കാശ്മീരിലെ സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ കാശ്മീര്‍ നയം പൂര്‍ണ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. കാശ്മീരില്‍ ചില ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് ചര്‍ച്ചകളുടെ രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു.
രാജ്യത്തെ വിദ്യാഭ്യാസ നയം മാറ്റിമറിക്കാനുള്ള വ്യവസ്ഥാപിതവും ഊര്‍ജ്ജിതവുമായ ശ്രമങ്ങള്‍ നടക്കുന്നു. സ്‌കൂളുകളിലെയും കോളേജുകളിലെയും പാഠ്യപദ്ധതി ദ്രുതഗതിയില്‍ വിഭാഗീയവല്‍ക്കരിക്കപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങളിലെ മതേതരവും പുരോഗമനപരവുമായ ഉള്ളക്കടങ്ങള്‍ നശിപ്പിക്കുന്നതിനുള്ള ആക്രമണങ്ങള്‍ നടത്തിക്കൊണ്ട്, ജെഎന്‍യുവും എച്ച്‌സിയുവും പോലെയുള്ള ഉന്നത പഠനകേന്ദ്രങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു.
മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ സ്ഥാനത്ത് പേയിളകിയ അസഹിഷ്ണുതയോട് കൂടിയ ഫാസിസ്റ്റ് ‘ഹിന്ദുരാജ്യം’ സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ അജണ്ടയ്ക്ക് ഇതെല്ലാം ആക്കം കൂട്ടുന്നു.
പാര്‍ലമെന്റിനേയും ദുര്‍ബലപ്പെടുത്തുന്നു. തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയെ ഒഴിവാക്കുന്നതിനായി വിവിധ നിയമനിര്‍മ്മാണങ്ങളെ ‘മണി ബില്ലുകള്‍’ എന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിജെപിക്ക് മൃഗീയഭൂരിപക്ഷമുള്ള ലോക് സഭയിലാവട്ടെ മിക്ക നിയമനിര്‍മ്മാണങ്ങളും മതിയായ ചര്‍ച്ചകളില്ലാതെ പാസാക്കപ്പെടുന്നു.
രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കുന്ന തരത്തിലാണ് കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ സമീപകാലത്ത് പാസാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന സംഭാവനയ്ക്ക് നിലവിലുണ്ടായിരുന്ന പരിധി എടുത്ത് കളഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ കൊണ്ടുവന്നതോടെ ഇത്തരം സംഭാവനകള്‍ക്ക് ഉണ്ടായിരുന്ന സുതാര്യതയേയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ആരാണ് തിരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വാങ്ങിയതെന്നും ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് അത് നല്‍കിയതെന്നും ഇനി മുതല്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകളില്‍ സുതാര്യതയില്ലാത്തതിനാല്‍ തന്നെ കണക്കുകള്‍ ബോധിപ്പിക്കേണ്ട കാര്യവും ഉദിക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവഴിക്കുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്താനോ കോര്‍പ്പറേറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന ധനസഹായം നിരോധിക്കാനോ ഈ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇതിന്റെ ഫലമായി, ജനങ്ങളുടെ ജനാധിപത്യ തിരഞ്ഞെടുപ്പുകളെ പണാധിപത്യത്തിലൂടെ വളച്ചൊടിക്കാനുള്ള പ്രവണത വലിയ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നു.
സമ്പദ്ഘടനയുടെ എല്ലാ മേഖലകളും ഇന്ത്യ വിദേശമൂലധനത്തിനായി തുറന്നുകൊടുത്തിരിക്കുന്നു. പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ നിര്‍ണായക മേഖലകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും ചിലവില്‍ തങ്ങളുടെ ലാഭം പരമാവധിയാക്കാന്‍ ബഹുരാഷ്ട്ര കുത്തകള്‍ക്ക് ഇത് സഹായം ചെയ്യുന്നു. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള വലിയ നീക്കങ്ങളാണ് നടക്കുന്നത്.
ഇന്തോ-യുഎസ് കരാറുകള്‍ ഒപ്പുവെക്കപ്പെട്ടതോടെ, അമേരിക്കയുമായുള്ള സൈനിക ശാസ്ത്ര പങ്കുവെക്കലുകളിലേക്ക് ഇന്ത്യ കടന്നിരിക്കുന്നു. യുഎസിന്റെ പ്രതിരോധ പങ്കാളി എന്ന പദവിയും ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിനും ലോകത്തിലുള്ള അതിന്റെ സ്ഥാനത്തിനും യോജിക്കുന്നതല്ല ഇത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്ക് നേരെ ബഹുവിധമായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന് ഈ മൂന്നു വര്‍ഷങ്ങള്‍ സാക്ഷിയായി. ബിജെപി സര്‍ക്കാരിനും അതിന്റെ നയങ്ങള്‍ക്കും എതിരായ ജനങ്ങളുടെ അസംതൃപ്തിയുടെ പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടുന്നതിനായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്രദേശീയ വികാരങ്ങള്‍ ഉപയോഗിക്കുന്നു.
ഹിന്ദുത്വ ദേശീയതയുടെ ചാട്ടവാറടിയില്‍ നിന്നും മോചനം നേടുന്നതിനായി ഇന്ത്യന്‍ ദേശാഭിമാനത്തിന്റെ ബാനര്‍ ദേശാഭിമാനികളായ എല്ലാ ഇന്ത്യക്കാരും ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ജീവനോപാധികളും നമ്മുടെ രാജ്യത്തിന്റെ റിപ്പബ്ലിക്കന്‍ സ്വഭാവവും മെച്ചപ്പെടുത്തുന്ന രീതിയില്‍ ഈ സര്‍ക്കാരിന്റെ നയങ്ങള്‍ മാറ്റിയെഴുതുന്നതിന് പൊതുജനങ്ങളുടെ ഐക്യത്തോട് കൂടിയ പോരാട്ടങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്ന് ഈ മൂന്ന് വര്‍ഷങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
(പീപ്പിള്‍സ് ഡെമോക്രസിയില്‍ പ്രസിദ്ധീകരിച്ചത്)