UPDATES

ട്രെന്‍ഡിങ്ങ്

കശ്മീരിനെക്കുറിച്ച് യെച്ചൂരിയുടെ ലേഖനമുള്ള പുസ്തകം വിറ്റതിനെതിരെ ബിജെപി നേതാവിന്റെ ട്വീറ്റ്: മധ്യപ്രദേശിൽ സിപിഎം പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു

പത്ത് രൂപയാണ് ഈ പുസ്തകത്തിന് വില. പുസ്തകത്തിന്റെ പതിനയ്യായിരം കോപ്പികൾ ഇതിനകം വിറ്റഴിച്ചെന്ന് സംസ്ഥാന സെക്രട്ടറി ജസ്‌വിന്ദർ സിങ് പറയുന്നു.

ജമ്മു കശ്മീരിന് പ്രത്യേക സ്വയംഭരണാവകാശം നൽകിയിരുന്ന ആർട്ടിക്കിൾ 370 സംബന്ധിച്ച പുസ്തകം വിറ്റതിന് മധ്യപ്രദേശിൽ സിപിഎം നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎമ്മിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം അധികാർ മഞ്ച് നടത്തിയ ഒരു പ്രകടനത്തിനിടെ പുസ്തകം വിൽക്കുകയായിരുന്ന ഷെയ്ഖ് ഘനി എന്ന 63കാരനെയാണ് പൊലീസ് പിടികൂടിയത്. മുഹറത്തിനും ഗണേശ പുജയ്ക്കും മുമ്പ് സാഗർ താൽ തടാകം വൃത്തിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.

ഒരു ബിജെപി നേതാവിന്റെ ട്വീറ്റ് പരിഗണിച്ചാണ് പൊലീസ് ഘനിയെ കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു. ഇദ്ദേഹം ഒരു റിട്ടയേഡ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥനാണ്. സ്വദേശ് എന്ന ഹിന്ദി പത്രത്തിന്റെ എഡിറ്റർ കൂടിയാണ് ട്വീറ്റ് ചെയ്ത ലോകേന്ദ്ര പരഷാർ. ഇയാൾ മധ്യപ്രദേശ് ബിജെപിയുടെ മീഡിയ ഇൻചാർജ് കൂടിയാണ്.

ഘനിയുടെ പുസ്തകത്തിൽ തെറ്റായി യാതൊന്നും കാണുകയുണ്ടായില്ലെന്നും അദ്ദേഹത്തെ മോചിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനായാണ് ഘനിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഈ പുസ്തകം സംസ്ഥാനത്തെമ്പാടും വിറ്റഴിച്ചിട്ടുണ്ടെന്ന് മനസ്സിലായെന്നും തെറ്റായി യാതൊന്നും അതിലില്ലെന്ന് ബോധ്യപ്പെട്ടെന്നും പോലീസ് അറിയിച്ചു. ഘനിക്കെതിരെ കേസൊന്നുമില്ല.

മധ്യപ്രദേശ് സിപിഎം സംസ്ഥാന സെക്രട്ടറിയായ ജസ്വിന്ദർ സിങ് എഴുതിയ സേതു യാ സുരാംഗ് എന്ന പുസ്തകമാണ് ബിജെപി നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇത് നിരോധിക്കപ്പെട്ട പുസ്തകമല്ലെന്നത് ശ്രദ്ധേയമാണ്. ആർട്ടിക്കിൾ 370യും 35എയും നീക്കം ചെയ്യുന്നത് കശ്മീരില്‍ ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങളാണ് പുസ്തകം ചർച്ച ചെയ്യുന്നത്. ഇതിൽ സീതാറാം യെച്ചൂരി താൻ കശ്മീരിലേക്ക് കോടതിയുത്തരവിന്റെ ബലത്തിൽ നടത്തിയ യാത്രയെക്കുറിച്ചെഴുതിയ ലേഖനവുമുണ്ട്.

പത്ത് രൂപയാണ് ഈ പുസ്തകത്തിന് വില. പുസ്തകത്തിന്റെ പതിനയ്യായിരം കോപ്പികൾ ഇതിനകം വിറ്റഴിച്ചെന്ന് സംസ്ഥാന സെക്രട്ടറി ജസ്‌വിന്ദർ സിങ് പറയുന്നു. ഈ പുസ്തകം മുഖ്യമന്ത്രി കമൽനാഥ്, മന്ത്രിമാർ എന്നിവർക്കെല്ലാം താൻ നല്‍കുകയുണ്ടായെന്നും അവരാരും ഇതിൽ തെറ്റൊന്നും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തക വിൽപ്പന കൂട്ടാൻ അടുത്ത ദിവസങ്ങളിൽ വലിയ പ്രചാരണം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍