പാര്‍ട്ടിയുടെ പുതിയ ലൈനിന് അനുസൃതമായ പ്രവര്‍ത്തനമാണ് പാര്‍ട്ടി അടുത്ത വര്‍ഷങ്ങളില്‍ നടത്തേണ്ടതെങ്കില്‍ അതിന് പറ്റിയ ജനറല്‍ സെക്രട്ടറിയെ സഹായിക്കുകയും ശക്തിപകരുകയും ചെയ്യുന്ന സിസിയും പിബിയുമാണ് ഉണ്ടാവേണ്ടത്. ഒന്നുകില്‍ പുതിയ സിസിയും പിബിയും ഉണ്ടാവണം. അല്ലെങ്കില്‍ നിലവിലെ സിസി ഈ വികാരമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം.
പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച്, പ്രത്യേകിച്ച് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച് പൊതുവെ ഉയര്‍ന്നുവന്ന ചര്‍ച്ച കോണ്‍ഗ്രസ് ബന്ധത്തെ സംബന്ധിച്ച് വലിയ തര്‍ക്കം പിബി തലത്തില്‍ നേതാക്കന്‍മാര്‍ തമ്മില്‍ നടക്കുന്നു എന്നതായിരുന്നു. അതില്‍ യച്ചൂരി കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടണമെന്നോ അല്ലെങ്കില്‍ മുന്നണി സംവിധാനത്തില്‍ ഏര്‍പ്പെടണമെന്നോ വാദിക്കുന്നു എന്നും അത്തരത്തില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യം പാടില്ല എന്ന പ്രകാശ് കാരാട്ടും കേരള ഘടകവും വാദിക്കുന്നു എന്നും ആണ് പൊതുവെ പ്രചരിപ്പിച്ചിരുന്നത്. ഇവര്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടെന്ന് ആളുകള്‍ക്കറിയാം, സിസി രണ്ടോ മൂന്നോ വട്ടം ചര്‍ച്ച ചെയ്ത് തള്ളുകയും പിബി നാല് വട്ടം തള്ളുകയും ചെയ്ത ലൈനാണ് യച്ചൂരി പറയുന്നതെന്നറിയാം. അവസാനം സിസി അത് വോട്ടിനിട്ട് തള്ളുകയും ചെയ്തു.
ആ ഘട്ടത്തില്‍ സംസ്ഥാന സമ്മേളനത്തിലുള്‍പ്പെടെ ഈ രേഖയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ചാണ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പറഞ്ഞുകൊണ്ടിരുന്നത്. ഇതില്‍ പക്ഷെ പ്രധാനപ്പെട്ട തര്‍ക്കം അതല്ല. മുഖ്യശത്രു ബിജെപി ആണെന്ന കാര്യത്തില്‍ കരടുപ്രമേയത്തിലും അഭിപ്രായ വ്യത്യാസമില്ല. മുഖ്യശത്രുവിനെ നിര്‍വചിക്കുന്നതില്‍, അതിന്‍റെ സ്വഭാവത്തെ തിരിച്ചറിയുന്ന കാര്യത്തില്‍ ആണ് യഥാര്‍ഥത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നത്. എന്നാല്‍ അത് കേരളത്തില്‍ പറയാന്‍ കേരളത്തിലെ നേതാക്കള്‍ കൂട്ടാക്കിയില്ല. കാരണം കോണ്‍ഗ്രസുമായൊരു സഖ്യമെന്നതിനേക്കാള്‍ അപകടകരമാണ് അത് ഇവിടെ തെളിച്ചുപറയുക എന്നത്. കാരണം പാര്‍ട്ടിയുടെ മതേതരമുഖത്തെ തന്നെ ബാധിക്കാവുന്ന രീതിയില്‍, ന്യൂനപക്ഷങ്ങളുടെ വോട്ടിനെ ബാധിക്കാവുന്ന രീതിയില്‍, പാര്‍ട്ടി ഇപ്പോള്‍ നടത്തുന്ന എല്ലാ പരസ്യ പ്രചാരണങ്ങളേയും നിഷേധിക്കുന്ന രീതിയിലാണ് അത് രൂപപ്പെടുന്നത്.
ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘടനയാണെന്ന് പ്രകാശ് കാരാട്ട് വിശ്വസിക്കുന്നില്ല. അദ്ദേഹം പരസ്യമായി തന്നെ എടുത്തിരിക്കുന്ന നിലപാട് അങ്ങനെ പറയാന്‍ കഴിയില്ല എന്നാണ്. ഇതിലേക്കുള്ള ബില്‍ഡ് അപ്പിന്‍റെ ഭാഗമായി ദേശീയതലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രഭാത് പട്നായികും പ്രകാശ് കാരാട്ടും തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങളുണ്ട്. ഇതിന്‍റെ ഒരു കോണ്‍ടക്‌സ്ടിലാണ് ഒരു ഘട്ടത്തില്‍ “പോരാടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കാരാട്ടങ്കിള്‍ വേണമെങ്കില്‍ വിദേശത്ത് പൊയ്‌ക്കൊളൂ” എന്നൊക്കെ കനയ്യ കുമാര്‍ പറഞ്ഞത്. ‘creeping fascism’ എന്നാണ് യഥാര്‍ഥത്തില്‍ പ്രഭാത് പട്നായിക് ഇതിനെക്കുറിച്ച് പറഞ്ഞത്. ഫാഷിസം നുഴഞ്ഞുകയറുന്നു എന്ന് പ്രഭാത് പറയുമ്പോള്‍ അങ്ങനെപറഞ്ഞുകൂട, ഇത് ‘creeping authoritarianism’ എന്നേ പറയാന്‍ കഴിയൂ, ഫാഷിസം എന്ന് പറയാന്‍ കഴിയില്ല എന്ന നിലപാടാണ് പ്രകാശ് കാരാട്ട് എടുത്തിട്ടുള്ളത്. ഈ വിഷയം യഥാര്‍ഥത്തില്‍ കേരളത്തില്‍ തുറന്നുപറയാന്‍ കേരളത്തിലെ പാര്‍ട്ടിക്കോ പാര്‍ട്ടിനേതാക്കള്‍ക്കോ ബുദ്ധിമുട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് യഥാര്‍ഥത്തില്‍ അങ്ങനെയല്ല എന്നാണ് പരസ്യപ്രതികരണങ്ങളില്‍ നിന്നെങ്കിലും മനസ്സിലാക്കേണ്ടത്. എന്നാല്‍ ആ നിലപാട് ഉയര്‍ത്തിപ്പിടിക്കാനോ അതിനെക്കുറിച്ച് സംസാരിക്കാനോ ഇവര്‍ തയ്യാറാവുന്നില്ല എന്നുള്ളത് വേറൊരു വിഷയമാണ്.
പ്രകാശ് കാരാട്ടാണ് രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയത് എന്നത് ഓര്‍ക്കണം. ഫാഷിസത്തിന്‍റെ സ്വഭാവങ്ങളെയൊക്കെ പറഞ്ഞിട്ട് പ്രഭാത് പട്നായക് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്- “കോര്‍പ്പറേറ്റ് പിന്തുണയോടുകൂടി ഒരു ഫാഷിസ്റ്റ് വിജിലന്റ് ഗ്രൂപ്പ് ഇവിടെ അഴിഞ്ഞാടുന്നു. സാമാന്യ യുക്തിക്ക് നിരക്കുന്നതായ കാര്യങ്ങളല്ല അവര്‍ പറയുന്നത്. അത് ജനാധിപത്യവിരുദ്ധവുമാണ്. അപ്പോള്‍ ഫാഷിസത്തിന്‍റെ എല്ലാ ലക്ഷണങ്ങളും ഇവിടുത്തെ ഭരണനിര്‍വഹണം കാണിക്കുന്നു. ഫാഷിസ്റ്റുകള്‍ അധികാരത്തിലിരിക്കുന്നു. അത് രാജ്യത്തെ ഒരു ഫാഷിസ്റ്റ് സ്റ്റേറ്റിലേക്ക് തള്ളി വിടുകയും ചെയ്യുന്നു. അത് പക്ഷെ ഹിറ്റ്ലറുടേയും മുസോളിനിയുടേയും കാലത്തെ ശൈലിയിലല്ല. അതുകൊണ്ട് ഇപ്പോള്‍ നമുക്ക് ഒരു ഫാഷിസ്റ്റ് സ്റ്റേറ്റ് ഉണ്ടെന്ന് പറയാനാവില്ല, പക്ഷെ ഫാഷിസം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.’ ഇതാണതിന്‍റെ രത്നച്ചുരുക്കം.
ഇതിനോടുള്ള പ്രകാശ് കാരാട്ടിന്‍റെ നിലപാട് പ്രഭാതിന്‍റെ നിലപാടിനെ പൂര്‍ണമായി തള്ളിക്കളയുന്നതാണ്. ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളത് ഒരു ഫാഷിസ്റ്റ് ഭരണമാണെന്ന് പറയാന്‍ കവിയില്ല, ഫാഷിസ്റ്റുകളാണ് അധികാരത്തിലുള്ളതെന്ന് പറയാന്‍ കഴിയില്ല, രാജ്യത്തെ ഫാഷിസത്തിലേക്ക് തള്ളിവിടുന്നു എന്ന് പറയാന്‍ കഴിയില്ല, മറിച്ച് ഒരു ഏകാധിപത്യ പ്രവണത രാജ്യത്ത് വരുന്നു എന്നാണ് കാരാട്ട് പറയുന്നത്. പാര്‍ലമെന്റിന്‍റെ, കാബിനറ്റിന്‍റെ അടിത്തറ തോണ്ടുന്നത് നമ്മള്‍ കണ്ടതാണ്. ജുഡീഷ്യറിയുടെ അവസ്ഥ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്ഥിതി, നാട്ടില്‍ അഴിഞ്ഞാടുന്ന വിജിലന്റ്റ് ഗ്രൂപ്പുകളുടെ സദാചാര പൊലീസിംഗ് സാധനങ്ങള്‍ നമ്മള്‍ കാണുന്നു. കുട്ടികള്‍ പോലും ക്വട്ടേഷന്‍ ബലാത്സംഗങ്ങള്‍ക്ക് വിധേയരാവുന്നു എന്ന അവസ്ഥയും കണ്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെ എല്ലാ രീതിയിലും സാഹചര്യങ്ങള്‍ കാണുമ്പോള്‍ ഇത് ഫാഷിസത്തിന്‍റെ കടന്നുവരവാണ് എന്ന രീതിയില്‍ അതിനെ കാണുകയും നിര്‍വചിക്കുകയും വേണം എന്ന അഭിപ്രായത്തെ, അതങ്ങനെയല്ല ഇത് ഏകാധിപത്യ പ്രവണത എന്നേ പറയാന്‍ കഴിയുകയുള്ളൂ എന്ന് പ്രകാശ് കാരാട്ട് പറയുന്നതിന്‍റെ അടിസ്ഥാനമെന്താണെന്ന് നമുക്ക് അറിയില്ല. പക്ഷെ പ്രകാശ് കാരാട്ടിന്‍റെ ആ ചിന്താഗതിക്കനുസൃതമായി രൂപപ്പെടുത്തിയതാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഫാഷിസം എന്നുപറയുന്നത് ഒരു മനോവൈകൃതമല്ല എന്ന് വളരെ കൃത്യമായി അവര്‍ക്കറിയാം. അത് കാപ്പിറ്റലിസത്തിന്‍റെ ഒരു പ്രതികരണമാണ് എന്ന തന്നെയാണ് വിലയിരുത്തിയിട്ടുള്ളത്. ആ വിലയിരുത്തലിനെ ആരും ചോദ്യം ചെയ്യുന്നില്ല. കോണ്‍ഗ്രസ് പിന്തുടര്‍ന്നുപോന്ന തെറ്റായ സാമ്പത്തിക നയങ്ങള്‍ക്ക് ഇന്നത്തെ ഫാഷിസം പിടിമുറുക്കുന്ന അവസ്ഥക്ക് വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യവും ആരും തള്ളിക്കളയുന്നില്ല. പക്ഷെ ഫാഷിസത്തിലേക്ക് രാജ്യത്തെ കൊണ്ടുപോവുന്ന ഒരു ശക്തി ഇപ്പോള്‍ അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ക്കെതിരെ എന്ത് ചെയ്യണം എന്ന് ചോദിക്കുമ്പോള്‍ അതിനുള്ള ഇമ്മീഡിയേറ്റായിട്ടുള്ള പ്രതികരണമെന്താണ് എന്നതാണ് പ്രധാനമായ ചോദ്യം. അത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സ്ട്രാറ്റജിയല്ല, പകരം ഹ്രസ്വകാലത്തേക്കുള്ളത് എന്താണെന്നതാണ്. പ്രത്യേകിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് പറയുന്നത് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള രാഷ്ട്രീയ നയം വ്യക്തമാക്കലും അതിനുള്ള നിര്‍ദ്ദേശം കൊടുക്കലുമാണ്. അതിനുള്ളില്‍ രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നു എന്ന കാര്യം വ്യക്തമായിട്ടറിയാം. ആ പൊതുതിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ഈ ഫാഷിസ്റ്റ് ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ എന്ത് സമീപനം സ്വീകരിക്കണം എന്നുള്ളതാണ് ചോദ്യം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയയാളാണെങ്കിലും മുപ്പതുകളില്‍ ട്രോട്സ്‌കി പറഞ്ഞിരുന്ന കാര്യമുണ്ട്. 1920കളില്‍ തന്നെ പ്രവചനാത്മകമായി ഫാഷിസം കടന്നുവരുന്നു എന്ന് പറഞ്ഞയാളാണ് അദ്ദേഹം. അന്ന് മുസ്സോളിനി അധികാരത്തിലേക്ക് വരുന്ന ഘട്ടമേ ആയിട്ടുള്ളൂ. ഹിറ്റ്‌ലര്‍ വന്നിട്ടില്ല. അതും ഏതാണ്ട് ജനാധിപത്യപരമായാണ് (തിരഞ്ഞെടുപ്പുകള്‍ വഴി) ഇവര്‍ അധികാരത്തിലേക്ക് വരുന്നതും. പക്ഷെ അദ്ദേഹം അന്ന് പറഞ്ഞത് ഇതാണ് – “ഒരു വണ്ടിയില്‍ കുറേ കാളകളെ അറവുശാലയിലേക്ക് കൊണ്ടുവരികയാണ്. അറവുകാരന്‍ വരുമ്പോള്‍ കാളകളിലൊരാള്‍ പറയുന്നു നമുക്ക് ഒന്നിച്ച് നില്‍ക്കാം, ഇയാളെ കൊമ്പില്‍ കോര്‍ത്തെടുക്കാമെന്ന്. അപ്പോള്‍ മറ്റൊരു കാള പറഞ്ഞു നമ്മളെ ഇങ്ങോട്ട് കൊണ്ടുവന്നയാള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇയാളെ ആദ്യം കൊമ്പില്‍ കോര്‍ക്കാം, അതിന് ശേഷം നമുക്ക് വണ്ടിക്കാരന്‍റെ പിന്നാലെ പോവാമെന്ന് ആദ്യത്തെ കാള പറഞ്ഞു. എന്നാല്‍ ഇവിടേക്ക് കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട് അതുകൊണ്ട് അവനെ ആദ്യം തീര്‍ക്കണം എന്ന് രണ്ടാമത്തെ കാള പറഞ്ഞു. ഇതിനിടെ അറവുകാരന്‍ അയാളുടെ പണിതീര്‍ത്ത് പോവുകയും ചെയ്തു”- ചരിത്രത്തിലേക്ക് ‘ഫൂള്‍ റിപ്പീറ്റ്’ എന്ന് പറയുന്നത് പോലെ ഇതേ നിലപാടുകളാണ് ഇവിടെ പ്രകാശ് കാരാട്ട് പറഞ്ഞുകൊണ്ടിരുന്നത്. അത് അറവുകാരനെ സഹായിക്കുകയേയുള്ളൂ എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.
ബിജെപിയെ ഫാഷിസ്റ്റ് ശക്തിയായി നിര്‍വചിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് സിസിക്ക് കഴിഞ്ഞില്ല. എന്നാല്‍ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ ഏതാണ്ട് ഒമ്പതിനായിരത്തോളം ഭേദഗതികള്‍ അവിടെ കിട്ടി. കേരളത്തില്‍ നിന്ന് വളരെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുള്‍പ്പെടെ ആ സമീപനത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടിരുന്നു. ജില്ല കമ്മറ്റികള്‍ പോലും അതാവശ്യപ്പെട്ടിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ അതൊന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് അതിനൊരു തിരുത്തല്‍ വന്നിരിക്കുന്നു. അത് നല്ലകാര്യം. ഇതുപോലെ തന്നെ സുപ്രധാനമായ മറ്റൊരു വിഷയത്തിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇന്ത്യയിലെ നിലവിലുള്ള സാഹചര്യത്തില്‍ തൊഴിലാളി, കര്‍ഷക കൂട്ടായ്മക്ക് ശ്രമിക്കണമെന്നും, തൊഴിലാളി-കര്‍ഷക ഒത്തൊരുമയിലൂടെയാണ് രാജ്യം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതെന്നും, കര്‍ഷകരുടെ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് പോവാന്‍ കഴിയില്ലെന്നുമുള്ള യച്ചൂരിയുള്‍പ്പെടെ ഒരു വിഭാഗത്തിന്‍റെ നിലപാടുണ്ടായിരുന്നു. അതായത് ഉല്‍പ്പാദന-വിതരണ സഹകരണസംഘങ്ങളുണ്ടാക്കി കര്‍ഷകരുടെ ഏകോപനം ഉണ്ടാക്കണമെന്ന നിലപാടിനെ പൂര്‍ണമായും നിരാകരിക്കുന്ന സമീപനമാണ് പ്രകാശ് കാരാട്ട് കരട് രേഖ തയ്യാറാക്കിയ ഭൂരിപക്ഷം വരുന്ന കേരളത്തിലെ ആളുകളുമുള്‍പ്പെടെ സ്വീകരിച്ചത്. അതിന്‍റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. ലോംഗ് മാര്‍ച്ചിനെക്കുറിച്ചൊക്കെ അഭിമാനം കൊള്ളുമ്പോള്‍ അത്തരത്തിലല്ലാത്ത സമീപനം ഉണ്ടാവേണ്ടതാണ്. ആ ലോംഗ് മാര്‍ച്ചിന് ഇടയായ ഒരു സാഹചര്യം അവര്‍ യച്ചൂരിയുടെ ലൈന്‍ ഫോളോ ചെയ്തതുകൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അത്തരമൊരു കൂട്ടായ്മയ്ക്ക് ഇവര്‍ തയ്യാറാവുന്നില്ല.
തൊഴിലാളികള്‍ എന്നാല്‍ സംഘടിത മേഖലയിലെ, വേതനം ലഭിക്കുന്ന തൊഴിലാളികള്‍ എന്നുമാത്രം വായിച്ചുകഴിഞ്ഞാല്‍ അതെങ്ങനെ ശരിയാവുമെന്ന് മനസ്സിലാവുന്നില്ല. മാറിവന്ന ഗ്ലോബലൈസേഷന് ശേഷമുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യം ഒട്ടും റീഡ് ചെയ്യാത്തതുകൊണ്ടാണ് അത് ചെയ്യുന്നതെന്നാണ് ഞാന്‍ കരുതുന്നത്. കര്‍ഷകരേയും തൊഴിലാളികളേയും വേര്‍തിരിക്കേണ്ട കാര്യം പോലുമില്ല. സുശക്തമായ, സംഘടതിമായ തൊഴിലാളിവര്‍ഗ പാര്‍ട്ടിയുള്ള സംസ്ഥാനമാണ് കേരളം. പാര്‍ട്ടി കോണ്‍ഗ്രസുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇക്കൂട്ടത്തില്‍ ഒരു കാര്യം ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. ഇവിടെ നഴ്സുമാരുടെ, അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ, തുണിക്കടകളില്‍ ജോലിചെയ്യുന്നവരുടെ, ഐടി കമ്പനികളിലെ ജോലിക്കാരുടെ പോലുള്ള അസംഘടിത മേഖല എങ്ങനെയുണ്ടാവുന്നു? എന്തുകൊണ്ടാണ് അവരെ സംഘടിപ്പിക്കാന്‍ കഴിയാത്തത്? അപ്പോള്‍ തൊഴിലാളികള്‍ എന്ന് പറയുന്നത് പോലും പരിമിതപ്പെട്ട് പരിമിതപ്പെട്ട് വരികയാണ്. അങ്ങനെവരുമ്പോള്‍ ഇടതുപക്ഷത്തിന്റെ ശേഷി കുറയുകയാണ് ചെയ്യുന്നത്.
തൊഴിലാളികളുടെ അംഗസംഖ്യയില്‍ കുറവുണ്ടായെന്ന് പറയുന്നു. തൊഴിലാളികള്‍ എന്ന് ഇവര്‍ നിര്‍വ്വചിച്ചിരിക്കുന്ന സംഘടിതമേഖലയിലെ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.ഇതിനെ സംബന്ധിച്ചും പ്രഭാത്പട്നായക് പറഞ്ഞിരിക്കുന്ന കാര്യമുണ്ട്. അത് കേരള സാഹചര്യത്തില്‍ വളരെ പ്രസക്തമായ കാര്യമാണ്. ആധുനികതയെക്കുറിച്ച് പറയുക, ആധുനികത എന്ന് പറഞ്ഞാല്‍ പ്രൊഡക്ടീവ് സോഴ്സുകളുടെ വികസനമാണെന്ന് പറയുക, അങ്ങനെ പ്രൊഡക്ടീവ് സോഴ്സുകളുടെ വികസനമാണ് ഇടതുപക്ഷത്തിന്റെ ജോലി എന്നുപറയുക, അതിന് വേണ്ടി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാനാണെങ്കിലും അത് ചെയ്യാം, അതാണ് ആധുനിക രീതി എന്ന് പറയുക, ഈ ചിന്താഗതിയാണ് പശ്ചിമബംഗാളില്‍ നമ്മളെ ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറയുന്നു. ഈ ചിന്താഗതി തന്നെയല്ലേ ഇവിടെയും നടപ്പിലാക്കുന്നതെന്ന് ആലോചിക്കണം. പുതിയകാലഘട്ടത്തെക്കുറിച്ചുള്ള വളരെ തെറ്റായിട്ടുള്ള റീഡിങ്, ആ റീഡിങ്ങിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളി-കര്‍ഷക കൂട്ടായ്മ എന്ന നയത്തെ നഖശിഖാന്തം എതിര്‍ക്കുന്നത്. ഈ രണ്ട് കാര്യങ്ങളിലായിരുന്നു അവിടെയുണ്ടായിരുന്ന അഭിപ്രായഭിന്നത എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
നിലവിലുണ്ടായിരുന്ന സിസി യുടേയും പിബിയുടേയും ഘടനയനുസരിച്ച് ഇതിനകത്ത് ഒരു നിക്ഷ്പക്ഷമായ ഒരു ഇഷ്യൂ അടിസ്ഥാനപ്പെടുത്തിയുള്ള തര്‍ക്കത്തിന്റെയോ ചിന്തയുടേയോ അടിസ്ഥാനത്തിലാണ് ഇതിന്റെ അടിയില്‍ തിലകം ചാര്‍ത്തിക്കൊടുത്തതെന്ന് ഞാന്‍ കരുതുന്നില്ല. നേരത്തെ പറഞ്ഞത് പോലെ പ്രകാശ് കാരാട്ട് എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത് എന്നുള്ളത് എനിക്ക് മനസ്സിലാവുന്നില്ല. അദ്ദേഹത്തിന്റെ ലേഖനങ്ങളൊന്നും വായിച്ചാല്‍ അതിലെ വാദങ്ങളൊന്നും യുക്തിപരമല്ല. യച്ചൂരി കൊണ്ടുവന്ന മൈനോരിറ്റിലൈനില്‍ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് പറയുന്നത് പ്രധാനമായും നാല് പാരഗ്രാഫിലാണ്. അതില്‍ മൂന്ന് പാരഗ്രാഫിലുള്ളത് പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ തീരുമാനങ്ങളെ അതേപടി ക്വോട്ട് ചെയ്തതാണ്. അതിന്‍റെ ഒന്നാമത്തെ ലൈനില്‍ കോണ്‍ഗ്രസിന്‍റെ വര്‍ഗ രാഷ്ട്രീയ നിലപാട് കണക്കിലെടുത്താല്‍ അവരുമായി ഒരു തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ സാധ്യമല്ല എന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് നാലാമത്തെ ഖണ്ഡികയില്‍ അദ്ദേഹം പറയുന്നത് നിലവിലെ സാഹചര്യത്തില്‍ പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച് നില തുടരണമെന്നാണ്. അപ്പോള്‍ അദ്ദേഹം തിരഞ്ഞെടുപ്പ് സഖ്യത്തിന് വേണ്ടിയോ അല്ലെങ്കില്‍ കരിയറിന് വേണ്ടിയോ ഒക്കെ നിലകൊള്ളുന്നു എന്ന രീതിയില്‍ ഇതവതരിപ്പിച്ചത് വളരെ തെറ്റായിട്ട് ചെയ്യുന്നതാണ്.
വാജ്പേയ് അധികാരത്തിലിരുന്ന ഘട്ടത്തില്‍ പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനമുണ്ട്, നിലവിലുള്ള ഘട്ടം അന്നത്തേതിനേക്കാള്‍ അപകടകരമായ ഘട്ടമാണ, അതിനാല്‍ ആ തീരുമാനം തുടരണം എന്ന് മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ അത് പോലും അംഗീകരിക്കപ്പെട്ടില്ല. എന്നുമാത്രമല്ല മുഖ്യശത്രു ബിജെപി ആണെന്ന് പറയുമ്പോള്‍ പോലും കോണ്‍ഗ്രസുമായി ഒരു ധാരണയുമുണ്ടാവില്ല എന്ന് എഴുതിവക്കുകയാണ് ഇവര്‍ ചെയ്തത്. എന്നുപറഞ്ഞാല്‍ നേരത്തെ പറഞ്ഞപോലെ അറവുകാരന് തലവച്ചുകൊടുക്കുന്ന സമീപനമാണ് യഥാര്‍ഥത്തില്‍ പാര്‍ട്ടി സ്വീകരിച്ചത്. അതുകൊണ്ട് അത് മാറ്റപ്പെടണമായിരുന്നു എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. മാറ്റിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍രാഷ്ട്രീയത്തില്‍ സിപിഎം അപ്രസക്തമായിപ്പോകുമായിരുന്നു. പ്രതിപക്ഷ ഏകോപനത്തിന് വേണ്ടി ചാലകശക്തിയായി പ്രവര്‍ത്തിക്കുക എന്നതാണ് അഖിലേന്ത്യ തലത്തില്‍ സിപിഎം എപ്പോഴും ചെയ്തുകൊണ്ടിരുന്നത്. അത്തരത്തില്‍ ഒരു റോള്‍ എടുക്കാന്‍ ജനറല്‍ സെക്രട്ടറിയോ അഖിലേന്ത്യാനേതാക്കളോ തയ്യാറാവുന്നില്ല, അവരെ വിലങ്ങിട്ട് മാറ്റി നിര്‍ത്തുക എന്ന് പറഞ്ഞാല്‍ അവര്‍ കാലഹരണപ്പെട്ടു, അവര്‍ക്ക് പ്രസക്തിയില്ല എന്ന് തന്നെയാണ് അതിന്റെ അര്‍ഥം. അല്ലാതെ നിലവിലുള്ള പത്ത് സീറ്റ് വച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കുമറിയാം.
പാര്‍ട്ടി സമ്മേളനത്തില്‍ പുറത്തുവന്ന വേറെ ചില കാര്യങ്ങളുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ വിചാരിക്കുന്നു. പ്രത്യേകിച്ച് കേരളത്തില്‍. അവിടെ ഒരിക്കലും തിരുത്ത് വരുത്താന്‍ തയ്യാറാകാതിരിക്കുകയും, ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാവുകയും, വോട്ടിനിട്ട് തള്ളുകയും ചെയ്ത കരടായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് വന്നത്. ഇവിടെ നമ്മുടെ സംസ്ഥാന സമ്മേളനത്തിന്‍റെ ബില്‍ഡ് അപ്പിലുള്ള എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുത്ത് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗങ്ങളുമാണ്. കരടില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയലൈനാണ് പാര്‍ട്ടിയുടെ ലൈന്‍ എന്ന് ആധികാരികമായി പറഞ്ഞ്, അരക്കെട്ടുറപ്പിച്ച് പ്രസംഗിച്ച് പോവുകയാണുണ്ടായത്. ഇത് കരടാണെന്നും ജനറല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളയാളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും ഇവര്‍ക്കറിയാം. പക്ഷെ അപ്പോളും അവരുടെ കരടാണ് അംഗീകരിക്കപ്പെടുക എന്ന ഒരു മുന്‍കൂട്ടിയുള്ള തീരുമാനം അവരെടുക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് തൊട്ടുമുമ്പായി കേരളത്തിലെ ചില നേതാക്കള്‍ മുഖപ്രത്രത്തിലും മറ്റും എഴുതിയതും ഇതാണ്. പാര്‍ട്ടി കോണ്‍ഗ്രസിലെത്തിക്കഴിഞ്ഞപ്പോള്‍ കേരളത്തിന് ഒറ്റ അഭിപ്രായമേയുള്ളൂ. പക്ഷെ കേരളത്തിലെ ജില്ലാ സെക്രട്ടറിയേറ്റ് അഗം മുതല്‍ അവിടെ പ്രതിനിധികളായിരുന്ന പലരും കരടിന് ഭേദഗതി അയച്ചിട്ടുണ്ട്. പക്ഷെ ഈ ഭേദഗതി അയച്ചവര്‍ക്ക് പോലും അവരുടെ അഭിപ്രായം പറയാന്‍ സംസ്ഥാന കമ്മറ്റിയുടെ ഗ്രൂപ്പില്‍ കഴിയുന്നില്ല.
ഇന്ത്യയിലെ പതിനാറോളം സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എണ്ണൂറോളം പ്രതിനിധികളാണ് അവിടെ പങ്കെടുത്തത്. അതില്‍ പകുതിയോളമാളുകള്‍ രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെടുകയാണ്. ഒരു പാര്‍ട്ടി എടുക്കേണ്ട രാഷ്ട്രീയ ലൈന്‍ സംബന്ധിച്ച് രഹസ്യവോട്ടെടുപ്പില്‍ ഒരു നിലപാടും പരസ്യമായി വേറൊരു നിലപാടും വരുന്നു എന്നാണെങ്കില്‍, അല്ലെങ്കില്‍ അങ്ങനെ വരുമെന്നാണ് പാര്‍ട്ടിയുടെ പകുതി കരുതുന്നതെങ്കില്‍ അതൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ല എന്നാണ് അര്‍ഥം. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണെങ്കില്‍ അവര്‍ക്ക് നിലപാടുകളെടുക്കാന്‍, ആ നിലപാടുകള്‍ അവരുടെ കമ്മറ്റികളില്‍ ആര്‍ജ്ജവത്തോടെ പറയാന്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അവരെ അനുവദിക്കുന്നുണ്ട്. നിര്‍ഭ്യാഗ്യവശാല്‍ ഏതാനും നേതാക്കളുടെ കണ്ണുരുട്ടിന് മുന്നില്‍ വിരണ്ടുപോവുകയാണ് ഈ പ്രതിനിധികള്‍. അങ്ങനെയുള്ളവര്‍ മാത്രം ഇത്തരം കമ്മറ്റികളിലേക്കോ മുകള്‍ കമ്മറ്റികളിലേക്കോ വന്നാല്‍ മതി എന്നുള്ള രീതിയില്‍ ഇവിടെ തീരുമാനമെടുക്കപ്പെടുകയാണ്. അല്ലെങ്കില്‍ എങ്ങനെയാണ് രഹസ്യവോട്ടെടുപ്പ് എന്ന ഒരു ഡിമാന്‍ഡ് വരിക? രഹസ്യവോട്ടെടുപ്പെന്ന ഡിമാന്‍ഡ് വരുമ്പോള്‍, ഒരിക്കലും മാറാതെ നിന്ന, ഇവര്‍ ആധികാരികമായി വോട്ടിനിട്ട് തള്ളിയ നിലപാടില്‍ മാറ്റം വരുത്താന്‍ ഇവര്‍ തയ്യാറാവുന്നതിന്‍റെ കാര്യമെന്താണ്? ഇവര്‍ക്കുമറിയാം രഹസ്യവോട്ടെടുപ്പ് വന്നാല്‍ ആ നിലപാട് നിലനില്‍ക്കില്ല എന്ന്. എന്നുമാത്രമല്ല പുറംപോച്ച് അതോട്കൂടി പൊളിയും. താഴെ മുതല്‍ തന്നെ രഹസ്യവോട്ടെടുപ്പ് നടന്നാല്‍ കമ്മറ്റികളുടെ ഘടനയില്‍ പോലും മാറ്റമുണ്ടാവും.
“ചര്‍ച്ചയിന്‍മേല്‍ ചര്‍ച്ചയില്ല” സഖാവേ എന്ന് പറഞ്ഞുകൊണ്ട് ചര്‍ച്ചെ ഒതുക്കിനിര്‍ത്തുകയും എന്ത് ചര്‍ച്ച നടന്നാലും അവര് മുമ്പെടുത്ത തീരുമാനം രേഖയായി വരുന്ന സമീപനമായിരുന്നെങ്കില്‍ അത് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നില്ല. അത്രത്തോളം ജനാധിപത്യപരമായി എന്നത് വളരെ സന്തോഷകരമാണ്. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞു എന്നത് പുറത്തുവരികയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെടുകയും ആ ഘട്ടത്തില്‍ ഈ തീരുമാനം മാറ്റപ്പെടുകയും ചെയ്തത്. ഭേദഗതി വരുത്തി എന്നതുകൊണ്ട് മാത്രം സിസി യുടെ നയം തള്ളി എന്ന അഭിപ്രായം എനിക്കില്ല. പക്ഷെ ഇവിടെ ഏത് കാര്യത്തിലാണോ കടകവിരുദ്ധമായ അഭിപ്രായമുണ്ടായിരുന്നത്, വോട്ടിനിട്ട് തള്ളിയ സാധനം തിരികെ വരുകയാണുണ്ടായത്. അതുകൊണ്ട് ബൃന്ദ കാരാട്ട് പറഞ്ഞത് പോലെ മൈനോരിറ്റി വ്യൂ അംഗീകരിക്കപ്പെടാതിരിക്കുകയല്ല, അംഗീകരിക്കപ്പെടുകയാണ് ചെയ്തത്.
മറ്റ് ചില കാര്യങ്ങള്‍ കൊണ്ടും ഈ സമ്മേളനം വളരെ റെയര്‍ ആണ്. ജനറല്‍ സെക്രട്ടറിയല്ലാതെ മറ്റൊരാള്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുന്നത് റെയര്‍ അ്ല്ല എന്ന് പ്രകാശ്കാരാട്ട് പറഞ്ഞു. അത് ശരിയാണ്. ഇഎംഎസിന് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ ഒരു തവണയൊഴിച്ച് മറ്റെല്ലായിപ്പോഴും മറ്റുളല്‍വരാണ് പ്രമേയം അവതരിപ്പിച്ചത്. ഹര്‍ക്കിഷന്‍ സിങ് സുര്‍ജിതിന്റെ കാലത്ത് കാരാട്ട് അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പോലെയല്ല ഇത്. ഇവിടെ ജനറല്‍ സെക്രട്ടറി അത് അവതരിപ്പിക്കാതിരുന്നതിന് കാരണം, അദ്ദേഹത്തിന് അതില്‍ നിന്ന് വ്യത്യസ്തമായ മൈനോരിറ്റി വ്യൂ അവതരിപ്പിക്കാനുള്ളതുകൊണ്ടാണ്. അദ്ദേഹം മാറിനിന്ന് മറ്റൊരു വ്യൂ അവതരിപ്പിക്കുകയും ജനറല്‍ സെക്രട്ടറിയെ പരാജയപ്പെടുത്തി പാസ്സാക്കിയ ഒരു കരട് മറ്റൊരു പിബി അംഗം അവതരിപ്പിക്കുകയും ചെയ്ത അസാധാരണമായ സംഭവമായിരുന്നു ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായത്. അവിടെ ജനറല്‍ സെക്രട്ടറിയുടെ മൈനോരിറ്റി വ്യൂവിന് അംഗീകാരം കിട്ടിയിരിക്കുകയാണ്. പാര്‍ട്ടിയുടെ പുതിയ ലൈനിന് അനുസൃതമായ പ്രവര്‍ത്തനമാണ് പാര്‍ട്ടി അടുത്ത വര്‍ഷങ്ങളില്‍ നടത്തേണ്ടതെങ്കില്‍ അതിന് പറ്റിയ ജനറല്‍ സെക്രട്ടറിയെ സഹായിക്കുകയും ശക്തിപകരുകയും ചെയ്യുന്ന സിസിയും പിബിയുമാണ് ഉണ്ടാവേണ്ടത്. ഒന്നുകില്‍ പുതിയ സിസിയും പിബിയും ഉണ്ടാവണം. അല്ലെങ്കില്‍ നിലവിലെ സിസി ഈ വികാരമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ഈ രണ്ട് മാര്‍ഗമേ അതിലുള്ളൂ.
അതേ, പ്രകാശ് കാരാട്ട് പണ്ട് പറഞ്ഞത് തന്നെ, “സീതാറാം അല്ലാതെ മറ്റാര്?”