UPDATES

വിശകലനം

മായാവതിയെ നേതാവാക്കി മതേതര ദേശീയ ബദലിന് സിപിഎം നീക്കം? കോണ്‍ഗ്രസ് കാഴ്ചക്കാരാകുമെന്ന് മുന്നറിയിപ്പ്

ഇത് ബിജെപി വിരുദ്ധ പ്രതിപക്ഷത്തിന്റെ ശിഥിലീകരണത്തിലേയ്ക്ക് നയിക്കുന്നതും ബിജെപി വിരുദ്ധ വോട്ടുകളുടെ പരമാവധി ഏകീകരണം എന്ന ലക്ഷ്യത്തിന് വിഘാതവുമായേക്കുമോ എന്ന ചോദ്യമാണുള്ളത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന ഏറ്റവുമൊടുവിലെ പ്രകോപനവും ബംഗാളില്‍ സഖ്യമുണ്ടാക്കാത്തതും ബിഹാറിലും മഹാരാഷ്ട്രയിലുമടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യം സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികളെ തഴയുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപി വിരുദ്ധ മതേതര ദേശീയ സഖ്യം രൂപീകരിക്കുമെന്ന മുന്നറിയിപ്പുമായി സിപിഎം. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന ബി എസ് പി അധ്യക്ഷ മായാവതിയെ മുന്നില്‍ നിര്‍ത്തിയാണ് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഇതര മതേതര സഖ്യത്തിന് നീക്കം നടത്തുന്നത്.

യുപിയിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍, കൈരാന ഉപതിരഞ്ഞെടുപ്പുകളുടെ രാഷ്ട്രീയ പാഠം പ്രതിപക്ഷ കക്ഷികള്‍ എത്രമാത്രം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന സംശയം ഉയര്‍ത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസും ഇതര പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിലുകള്‍ ഉണ്ടാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ മത്സര സാന്നിധ്യം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സഹായകമാക്കുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിന് – ദക്ഷിണേന്ത്യയിലെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ നിലവിലെ സാചര്യത്തില്‍ കര്‍ണാടകയിലും കേരളത്തിലും. എന്നാല്‍ ഇത് ബിജെപിക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ ധാരണകളെ എങ്ങനെ ബാധിക്കും എന്ന പ്രശ്‌നമുണ്ട്.

സിപിഎമ്മിന് സ്വാധീനമില്ലാത്ത മണ്ഡലങ്ങളില്‍ ബിജെപിയയെ തോല്‍പ്പിക്കാന്‍ ഏത് കക്ഷിക്കാണോ ശേഷിയുള്ളത് അവരെ പിന്തുണക്കും എന്നാണ് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള, ബിജെപിയുടെ സിറ്റിംഗ് സീറ്റ് മഹാരാഷ്ട്രയിലെ പട്ടിക വര്‍ഗ സീറ്റായ ദിന്‍ദോരി സിപിഎം ആവശ്യെപ്പെട്ടെങ്കിലും കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ബിഹാറില്‍ സിപിഎമ്മിനോ സിപിഐയ്‌ക്കോ ഒരു സീറ്റ് പോലും നല്‍കാന്‍ ആര്‍ജെഡി തയ്യാറായില്ല. കനയ്യ കുമാറിനെ ഇടതുപാര്‍ട്ടികള്‍ മാത്രമാണ് ബിഹാറിലെ ബെഗുസാരായില്‍ പിന്തുണക്കുന്നത്.

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയത്. ബിജെപിക്കെതിരെയല്ല, ഇടതുപക്ഷത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടം എന്ന സന്ദേശമാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നല്‍കുന്നത് എന്ന് കാരാട്ടും പിണറായിയും പ്രതികരിച്ചു. എന്നാല്‍ കരുതലോടെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്നതൊക്കെ ഓരോ പാര്‍ട്ടികളുടേയും ആഭ്യന്തരകാര്യമാണ് എന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാകണം എന്ന് സിപിഎമ്മിന് പറയാനാകില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. അതേസമയം ബംഗാളില്‍ ധാരണ്ക്കുള്ള സിപിഎം സന്നദ്ധത അംഗീകരിക്കാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന കോണ്‍ഗ്രസിനെ യെച്ചൂരി വിമര്‍ശിച്ചിരുന്നു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും സഖ്യത്തിന് വിസമ്മതിക്കുന്ന കോണ്‍ഗ്രസ് സമീപനത്തെ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ് ഇല്ലെങ്കിലും ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലെ ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. അതേസമയം പഞ്ചാബിലും ഹരിയാനയിലും ഇപ്പോളും തങ്ങള്‍ കോണ്‍ഗ്രസിന് വാതില്‍ തുറന്നിട്ടിട്ടുണ്ട് എന്നാണ് ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരിപാടിക്കെത്തിയ കെജ്രിവാള്‍ എന്‍ഡിടിവിയോട് പറഞ്ഞത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം ശിഥിലീകരിക്കപ്പെടുകയാണോ എന്ന സംശയമുയര്‍ത്തുന്ന രീതിയിലാണ് കോണ്‍ഗ്രസും വിവിധ കക്ഷികളും തമ്മിലുള്ള ബന്ധം. ബിഹാറില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ വലിയ അതൃപ്തിയുണ്ടെങ്കിലും സീറ്റ് വിഭജനം ഒരുവിധം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതേസമയം യുപിയില്‍ എസ് പി – ബി എസ് പി സഖ്യവും ബിജെപി സഖ്യവും കോണ്‍ഗ്രസും അണിനിരക്കുന്ന ത്രികോണ മത്സരം സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര സഖ്യം എന്ന ആശയവുമായി നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തിയിരുന്നെങ്കിലും വൈഎസ്ആര്‍ കോണ്‍ഗ്രസിന് ചന്ദ്രശേഖര്‍ റാവു നല്‍കുന്ന പിന്തുണയും ബിജെപിയുടെ ബി ടീമായി ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയെ പ്രതിപക്ഷ കക്ഷികള്‍ കാണുന്നതും പ്രശ്‌നമാണ്. ഡല്‍ഹിയിലെ എഎപി – കോണ്‍ഗ്രസ് സഖ്യമുറപ്പിക്കാന്‍ മമത ബാനര്‍ജിയും ശരദ് പവാറും അടക്കം സജീവമായി ശ്രമിച്ചെങ്കിലും ഫലവത്തായിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും മൂന്നാം മുന്നണി പൊടി തട്ടിയെടുക്കപ്പെടുകയാണ് എന്ന സൂചന വരുന്നത്. ഇത് ബിജെപി വിരുദ്ധ പ്രതിപക്ഷത്തിന്റെ ശിഥിലീകരണത്തിലേയ്ക്ക് നയിക്കുന്നതും ബിജെപി വിരുദ്ധ വോട്ടുകളുടെ പരമാവധി ഏകീകരണം എന്ന ലക്ഷ്യത്തിന് വിഘാതവുമായേക്കുമോ എന്ന ചോദ്യമാണുള്ളത്.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കം ശക്തമായി എതിര്‍ത്തിരുന്നു. ഇടതുപക്ഷത്തിനെതിരായ മത്സരം ദേശീയ തലത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുക എന്ന വികാരമാണ് ശരദ് പവാര്‍ പ്രകടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കിയത് ഇത് ഇടതുപക്ഷത്തിനെതിരായ മത്സരമല്ല എന്നും ദക്ഷിണേന്ത്യയോടുള്ള പ്രധാനമന്ത്രി മോദിയുടേയും ബിജെപിയുടേയും വിവേചനത്തിന്റെയും ദക്ഷിണേന്ത്യ, ഉത്തരേന്ത്യ എന്നിങ്ങനെയുള്ള വിജനത്തിനെതിരായ പ്രതികരണമാണ് എന്നുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍