UPDATES

മധ്യപ്രദേശിലെ കര്‍ഷകര്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയും സിപിഎമ്മിന്റെ ജയവും

രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, യോഗേന്ദ്ര യാദവ്, സ്വാമി അഗ്നിവേശ്, മേധ പട്കര്‍, ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ക്കൊന്നും എത്താന്‍ കഴിയാത്തിടത്ത് സിപിഎം – കിസാന്‍ സഭാ നേതാക്കളെത്തി

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിലവില്‍ സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പക്ഷെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സാധിക്കാത്തതാണ് കഴിഞ്ഞ ദിവസം സിപിഎമ്മിന് സാധിച്ചത്. രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, യോഗേന്ദ്ര യാദവ്, സ്വാമി അഗ്നിവേശ്, മേധ പട്കര്‍, ഹാര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ക്കൊന്നും എത്താന്‍ കഴിയാത്തിടത്ത് സിപിഎം – കിസാന്‍ സഭാ നേതാക്കളെത്തി – കര്‍ഷകരെ പൊലീസ് വെടിവച്ച് കൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂക്ഷമായ മധ്യപ്രദേശിലെ മന്ദ്‌സോറില്‍. പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. ഇത് ഒട്ടും ബഹളങ്ങളോ ആരവങ്ങളോ ഇല്ലാത്ത ഒരു വിജയമായിരുന്നു ഇത്. കൊട്ടിഘോഷിക്കപ്പെടുന്ന പലതിന്റേയും പരാജയങ്ങള്‍ക്കിടയില്‍ പ്രസക്തമായ ഒന്ന്. സിപിഎം നേതാക്കള്‍ക്ക് പുറമെ കര്‍ഷകരെ കണ്ട് സംസാരിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മാത്രമാണ്.

ഇതാദ്യമായല്ല സിപിഎം അതിന് സ്വാധീനമില്ലാത്ത ഒരു പ്രദേശത്ത് ഇത്തരമൊരു പ്രശ്‌നത്തില്‍ ഇടപെടുന്നതെങ്കിലും മറ്റു പാര്‍ട്ടികള്‍ക്ക് കഴിയാത്ത ഒന്ന് സിപിഎമ്മിന്സാ സാധിച്ചു എന്ന വസ്തുത ഇവിടെയുണ്ട്. പ്രത്യേകിച്ചും പ്രതിസന്ധിയും സംഘര്‍ഷവും ഇത്ര രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്ക് സുരക്ഷാ കാരണങ്ങളും സംഘര്‍ഷ സാദ്ധ്യതയും മുന്‍നിര്‍ത്തി പ്രാദേശിക ഭരണകൂടം സന്ദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. ഉദ്ദേശശുദ്ധിയാണ് പ്രശ്‌നമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മധ്യപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ബാദല്‍ സരോജ് പറയുന്നു. ഉദ്ദേശശുദ്ധിയുള്ളത് കൊണ്ടാണ് സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുമായി എത്തുന്നവര്‍ക്ക് നിഷേധിക്കപ്പെട്ട പ്രവേശനാനുമതി തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് ബാദല്‍ സരോജ് അവകാശപ്പെടുന്നത്. ഫോട്ടോയും സോഷ്യല്‍ മീഡിയ പബ്ലിസിറ്റിയുമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ എല്ലായ്‌പോഴും ഉദ്ദേശിച്ച കാര്യം നടക്കണമെന്നില്ലെന്നും ബാദല്‍ സരോജ് അഭിപ്രായപ്പെടുന്നു. കര്‍ഷകരെ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളത് ചെയ്യുകയും ചെയ്തു – ബാദല്‍ സരോജ് പറഞ്ഞു.

കിസാന്‍ സഭ നേതാക്കള്‍ കര്‍ഷകരുമായി സംസാരിക്കുന്നു

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ഓള്‍ ഇന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറിയുമായ ഹനന്‍ മൊള്ള, സിപിഎം കേന്ദ്ര കമ്മറ്റി അംഗവും കിസാന്‍ സഭ പ്രസിഡന്റുമായ അമ്രാ റാം, കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവും കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്‍, രാജ്യസഭാംഗം സോമപ്രസാദ്, മധ്യപ്രദേശ് കിസാന്‍ സഭാ പ്രസിഡന്റ് ജസ്‌വീന്ദര്‍ സിംഗ് തുടങ്ങിയവരാണ് കര്‍ഷകരെ സന്ദര്‍ശിച്ചത്. ജൂണ്‍ ആറിന് പിപല്യ മാണ്ഡിയിലെ കര്‍ഷക പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട അഭിഷേക് പാട്ടിദാര്‍, ചെയ്ന്‍ റാം പാട്ടിദാര്‍ എന്നിവരുടെ വീടുകളിലാണ് സിപിഎം നേതാക്കളെത്തിയത്. സിപിഎം നേതാക്കള്‍ ഇവിടെയെത്തിയ സമയത്ത് തന്നെ കോണ്‍ഗ്രസ് നേതാവും ഗുണ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ മാന്ദ്‌സോറിലേയ്ക്ക് എത്താന്‍ ശ്രമിച്ചെങ്കിലും ടോള്‍ ബൂത്തിന് സമീപത്ത് അധികൃതര്‍ അദ്ദേഹത്തെ തടയുകയും മടക്കി അയയ്ക്കുകയുമായിരുന്നു.

പൊലീസ് സിഐഡിമാര്‍ സ്ഥലത്ത് സദാസമയവും നിരീക്ഷണം നടത്തുന്നുണ്ട്. ഞങ്ങളേയും അവര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മറ്റുള്ളവരെ പോലെ നാടകീയ രംഗങ്ങളുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല.
ശാന്തരായാണ് പ്രതികരിച്ചത്. കര്‍ഷകരെ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും മാത്രമായിരുന്നു ഉദ്ദേശം – സിഐടിയു സംസ്ഥാന പ്രസിഡന്റ് ശൈലേന്ദ്ര ഠാക്കൂര്‍ പറഞ്ഞു. കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, കോണ്‍ഗ്രസിന്റേയും സ്വരാജ് ഇന്ത്യയുടേയുമെല്ലാം നേതാക്കളും ഗുജറാത്തിലെ പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലുമെല്ലാം തങ്ങള്‍ മന്ദ്‌സോര്‍ സന്ദര്‍ശിക്കാന്‍ പോകുന്നതായി പ്രഖ്യാപിക്കുകയും മാധ്യമങ്ങളിലൂടെ അതിന് വലിയ പ്രചാരം കൊടുക്കുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ക്ക് ഇവിടെ എത്താനായില്ല. മാധ്യമങ്ങളിലൂടെയുള്ള പബ്ലിസിറ്റി മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പാര്‍ട്ടി പ്രവര്‍ത്തകരുടെ വലിയൊരു സംഘത്തോടൊപ്പമാണ് ജൂണ്‍ എട്ടിന് രാഹുല്‍ ഗാന്ധി എത്തിയത്. എന്നാല്‍ അദ്ദേഹത്തെ പൊലീസ് തടയുകയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും ചെയ്തു.

കാര്‍ഷിക പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് കിസാന്‍ സഭ നേതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിവിധ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കുണ്ടായിരിക്കുന്നത് കനത്ത വിലയിടിവാണ്. മിക്ക വിളകള്‍ക്കും 60 ശതമാനത്തോളം വിലയിടിവ്. നോട്ട് നിരോധനം പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. അനാവശ്യമായി ഗോതമ്പും പയറുവര്‍ഗങ്ങളും ഇറക്കുമതി ചെയ്തത് ഉള്‍പ്പടെയുള്ള തെറ്റായ നയങ്ങളും വിലയിടിവിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 5000 മുതല്‍ 6000 രൂപ വരെ വിലയുണ്ടായിരുന്ന സൊയാബീന്‍ 2200 മുതല്‍ 2400 രൂപ വരെ മാത്രമാണ് ഇപ്പോള്‍ വില കിട്ടുന്നത്. ക്വിന്റലിന് 9000 മുതല്‍ 10000 രൂപ വരെ വിലയുണ്ടായിരുന്ന കടലയ്ക്ക് വില 4000 രൂപ മാത്രം. 1900 മുതല്‍ 2000 രൂപ വരെ വിലയുണ്ടായിരുന്നത് 1200ലേയ്ക്ക് താഴ്ന്നു. മിനിമം താങ്ങുവില ക്വിന്റലിന് 1625 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചിട്ടില്ല. ഈ വഴി കടന്നുപോയ എംപിയും എംഎല്‍എയും മന്ത്രിയുമൊന്നും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. വലിയ പൊലീസ് സന്നാഹമാണ് ഇവിടെയുള്ളത്. കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതായുള്ള പരാതി വ്യാപകമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരം ഒരു തരത്തിലും നല്‍കാനാവില്ലെന്നാണ് ജില്ല കളക്ടര്‍ പറയുന്നത്.

നോട്ട് നിരോധനവും കാര്‍ഷികോല്‍പ്പനങ്ങളുടെ കനത്ത വിലത്തകര്‍ച്ചയുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. കര്‍ഷകര്‍ അധികൃതരില്‍ നിന്ന് ഭീഷണി നേരിടുന്നതായും നേതാക്കള്‍ പറഞ്ഞിരുന്നു. കിസാന്‍ സഭ ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. കര്‍ഷക കുടുംബങ്ങളില്‍ ഒരാള്‍ക്ക് ജോലി, അടയന്തരമായി നഷ്ടപരിഹാരം നല്‍കുക, കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കിസാന്‍സഭ മുന്നോട്ട് വച്ചിട്ടുണ്ട്. ജൂണ്‍ 16ന് കിസാന്‍ സഭയുയും (എഐകെഎസ്) ഭൂമി അധികാര്‍ ആന്ദോളനും മറ്റ് കര്‍ഷകസംഘടനകളും രാജ്യവ്യാപക പ്രതിഷേധ ദിനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

(കടപ്പാട്: ദേബോബ്രത് ഘോഷ് –  ഫസ്റ്റ് പോസ്റ്റ്‌ https://goo.gl/BVN0gC)

ഭൂപരിഷ്കരണത്തിന് തുടര്‍ച്ചയും തൊഴില്‍ നഷ്ടമില്ലാത്ത കാര്‍ഷിക ആധുനീകരണവും വേണം: വിഎസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍