UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചില്ല; ത്രിപുരയില്‍ മുതിർന്ന സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു

ബിജെപിയുടെ ആശയഗതികളുമായി യോജിച്ചു പോകാൻ സാധിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു ദത്തയുടെ മറുപടി.

ത്രിപുരയില്‍ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ ബിശ്വജിത്ത് ദത്ത ബിജെപിയിൽ ചേർന്നു. പാർട്ടിയിൽ വലിയ വിഭാഗീയതയും അഴിമതിയും ഉണ്ടെന്നാരോപിച്ചാണ് ദത്തയുടെ ഈ നീക്കം. 1964 മുതൽ പാർട്ടിയിൽ പ്രവർത്തിച്ചു വന്നയാളാണ് ദത്ത. ഇദ്ദേഹത്തിന് ഇപ്പോൾ 68 വയസ്സുണ്ട്.

ഖോവൈ ജില്ലയിൽ ഒരു ബിജെപി മണ്ഡലം ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ വെച്ചാണ് ദത്തയുടെ ബിജെപി പ്രവേശം നടന്നത്. ത്രിപുരയുടെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധറാണ് ദത്തയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

തനിക്കെതിരെ പാർട്ടിയിൽ അതിക്രൂരമായ ഗൂഢാലോചനകള്‍ നടന്നതായി ദത്ത ആരോപിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷമായി പാർട്ടിയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.‌

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദത്തയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഇദ്ദേഹം ആശുപത്രിയിലായതോടെ എസ്എഫ്ഐ നേതാവ് നിർമൽ ബിശ്വാസിനെ മത്സരിപ്പിച്ച് ജയിപ്പിക്കുകയായിരുന്നു. ബിശ്വാസ് 2700 വോട്ടിന് ജയിക്കുകയും ചെയ്തു.

എന്നാൽ, തനിക്ക് രോഗമൊന്നും ഉണ്ടായിരുന്നില്ലെന്നും പാർട്ടി നിര്‍ബന്ധപൂർവ്വം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ബിശ്വാസ് പറയുന്നു. ഇതിനായി ആശുപത്രിയിൽ സിപിഎം നാടകം കളിച്ചു. സിപിഎം വക്താവ് ഗൗതം ദാസായിരുന്നു തനിക്ക് കാവൽ നിന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ആശയഗതികളുമായി യോജിച്ചു പോകാൻ സാധിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നായിരുന്നു ദത്തയുടെ മറുപടി.

അതെസമയം ദത്തയുടെ കാര്യത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് സിപിഎം നേതാവ് പബിത്ര കർ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമാണ് മത്സരിപ്പിക്കാൻ കഴിയാതിരുന്നത്. പുതിയ തലമുറ നേതാക്കൾ പാർട്ടിയുടെ പാർലമെന്ററി രംഗത്തേക്ക് കടന്നുവരണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും പബിത്ര വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍