UPDATES

എല്‍ഡിഎഫിന് നേരത്തെ പിന്തുണ പ്രഖ്യാപിക്കണമായിരുന്നു: എഎപിയില്‍ നിന്ന് പുറത്താക്കപ്പെട്ട സിആര്‍ നീലകണ്ഠന്‍

“എല്‍ഡിഎഫിനെ പിന്തുണക്കണമെന്നാണ് അവരുടെ തീരുമാനം. തീരുമാനം നല്ലതാണ്. അത് നേരത്തെ പറഞ്ഞിരുന്നു എങ്കില്‍ പ്രശ്‌നമില്ലായിരുന്നു”.

കേരളത്തില്‍ പതിനൊന്ന് മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്റെ പ്രഖ്യാപനം വന്നത് കഴിഞ്ഞദിവസമാണ്. എന്നാല്‍ അതിനെതിരെ പാര്‍ട്ടിയില്‍ തന്നെ അതൃപ്തിയും എതിര്‍പ്പും രൂക്ഷമായിരുന്നു. സിആര്‍ നെ എതിര്‍ക്കുന്നവര്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം പരാതിയായി അറിയിച്ചു. തുടര്‍ന്ന് ദേശീയ നേതൃത്വം സി ആര്‍ നീലകണ്ഠനോട് ഇക്കാര്യത്തില്‍ വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന ചര്‍ച്ചകള്‍ പരാജയമായതോടെ കേരളത്തിലും കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട എന്ന തീരുമാനത്തിലാണ് ദേശീയ നേതൃത്വം. സംസ്ഥാനത്ത് എല്‍ഡിഎഫിനെ പിന്തുണക്കാന്‍ എഎപി തീരുമാനിച്ചു. ദേശീയ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ യുഡിഎപിന് പിന്തുണ പ്രഖ്യാപിച്ച സി ആര്‍ നീലകണ്ഠനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുകയാണ് സി ആര്‍ നീലകണ്ഠന്‍.

‘എല്‍ഡിഎഫിനെ പിന്തുണക്കണമെന്നാണ് അവരുടെ തീരുമാനം. തീരുമാനം നല്ലതാണ്. അത് നേരത്തെ പറഞ്ഞിരുന്നു എങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പാവുമ്പോള്‍ ദേശീയ നേതൃത്വത്തിന്റെയാണ് തീരുമാനം. ഏതെങ്കിലും മുന്നണിയെ പിന്തുണക്കണമോ എന്നത് പലവട്ടം ചോദിച്ചതാണ്. എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണക്കുക എന്നതായിരുന്നു ലഭിച്ച മറുപടി. അതിനനുസരിച്ചാണ് ഇവിടെ തീരുമാനമെടുത്തത്. എല്‍ഡിഎഫിനെ പിന്തുണക്കണമെന്നാണ് അവരുടെ തീരുമാനമെങ്കില്‍ അത് നേരത്തെ തന്നെ പറഞ്ഞാല്‍ മതിയായിരുന്നു. ദേശീയ നേതൃത്വം പറയുന്നത് ഞങ്ങള്‍ അനുസരിക്കുമായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനവും ഇതിന് മുമ്പ് പറഞ്ഞിരുന്നില്ല. എന്നെ പ്രാഥമികാഗംത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടില്ല. വാര്‍ത്തകളിലൂടെയാണ് ഞാനത് അറിയുന്നത്.

ഇക്കാര്യത്തില്‍ നേരത്തെ എന്നോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന് പരാതി പോയതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാന്‍ പറയാന്‍ നമുക്കാവില്ല. അത് എന്‍ജിഒ മനസ്ഥിതിയാണ്. പൊളിടിക്‌സിനെ എന്‍ജിഒ വര്‍ക്കും സോഷ്യല്‍ വര്‍ക്കും ആയി കാണുന്നവരാണ് പരാതി പോയത്. ആം ആദ്മി പാര്‍ട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിനാല്‍ രാഷ്ട്രീയമായ നിലപാടാണ് സ്വീകരിക്കേണ്ടത്. ഇപ്പോഴത്തെ വലിയ രാഷ്ട്രീയ സാമൂഹ്യ സാഹചര്യമാണ് ഞാന്‍ കണക്കിലെടുത്തത്. ആര്‍എംപിക്കാര്‍ക്ക് പോലും യുഡിഎഫിനെ ഡയറക്ട് പിന്തുണക്കേണ്ടി വരുന്നത് ആ രാഷ്ട്രീയ സാഹചര്യമുള്ളതുകൊണ്ടാണ്.

എന്‍ഡിഎയെ തോല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹിയിലും ഹരിയാനയിലും സഖ്യത്തിന് ശ്രമിച്ചത്. പതിനൊന്ന് മണ്ഡലങ്ങളിലാണ് എഎപി കേരളത്തില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. അതൊന്നും എന്റെ ഏകപക്ഷീയമായ തീരുമാനങ്ങളായിരുന്നില്ല. മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റികളുമെല്ലാം എടുത്ത തീരുമാനത്തിനൊപ്പം ഞാന്‍ നിന്നു എന്ന് മാത്രം. കോഴിക്കോട് രാഘവന്റെ വിഷയം വന്നപ്പോള്‍ തന്നെ ഞാന്‍ എന്റെ നിലപാട് പറഞ്ഞതാണ്. അദ്ദേഹത്തെ പിന്തുണക്കുന്ന കാര്യം എനിക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍ അവിടുത്തെ പ്രവര്‍ത്തകര്‍ ആണ് രാഘവനെ പിന്തുണക്കണമെന്ന ആവശ്യപ്പെട്ടത്. എന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

വളരെ വലിയ രാഷ്ട്രീയ പരീക്ഷണമാണ് നടക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ എങ്ങനെ ഇടപെടാമെന്നതിനുള്ള വലിയ പരീക്ഷണമാണ് എഎപിക്കുമുള്ളത്. ആന്റി ബിജെപി വോട്ടുകള്‍ കണ്‍സോളിഡേറ്റ് ചെയ്യുക എന്നത് മാത്രമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ലക്ഷ്യം. കേരളത്തിലെ സാഹചര്യം മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. എന്‍ഡിഎക്കെതിരെ രണ്ട് സ്ഥാനാര്‍ഥികളുണ്ട്. മനസാക്ഷി്കനുസരിച്ച് വോട്ട് ചെയ്യാന്‍ പറയാന്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പറ്റില്ല. രാഷ്ട്രീയ പാര്‍ട്ടിക്ക് എപ്പോഴും നിലപാടുകള്‍ ഉണ്ടായിരിക്കണം. ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ നിലപാടെടുത്തില്ലെങ്കില്‍ എഎപി അപ്രസക്തരായിപ്പോവും. നിലപാട് കോണ്‍ട്ക്‌സ്റ്റിനനുസരിച്ചാണ് രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ടതെന്നും എനിക്ക് അഭിപ്രായമുണ്ട്. ജില്ലാ കമ്മറ്റികളുടെ തീരുമാന പ്രകാരം ഓരോ മണ്ഡലത്തിലും സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുന്നവരെ തിരഞ്ഞെടുക്കകയാണുണ്ടായത്.

ഒന്നര വര്‍ഷം മുമ്പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടയാളാണ് ഞാന്‍. നിലപാട് മാറ്റിയിട്ട് തുടരാനാവില്ല. ഇപ്പോള്‍ ദേശീയനേതൃത്വം എടുത്തിരിക്കുന്ന തീരുമാനം സ്വീകാര്യമാണ്. അത്തരത്തിലൊരു തീരുമാനമായിരുന്നു വരേണ്ടിയിരുന്നത്. ഇന്നലെവരെ അതുണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇവിടെ തീരുമാനമുണ്ടാവില്ലായിരുന്നു.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍