UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ സിആർപിഎഫ് നേരിട്ട വ്യാജ വാർത്തകളുടെ ‘ആക്രമണം’

പുൽവാമയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം സൈന്യത്തിന് നേരിടേണ്ടി വന്ന അടിയന്തിര വെല്ലുവിളികളിലൊന്ന് സോഷ്യൽ മീഡിയ വഴിയും മറ്റു മാധ്യമങ്ങൾ വഴിയും പടർന്നു പിടിക്കാൻ തുടങ്ങിയ വ്യാജ വാർത്തകളാണ്. സൈന്യത്തിന് പിന്തുണ നൽകുന്നുവെന്ന ബോധ്യത്തിലാണ് പലരും വ്യാജ വാർത്തകൾ ചമച്ചുവിട്ടതെങ്കിലും അവ മിക്കതും സൈന്യത്തെ ഇകഴ്ത്തിക്കാട്ടുന്നതായി പരിണമിച്ചു. ജവാന്മാരെ അപമാനിക്കുന്നവയായിരുന്നു പല വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും. ഇവയെ തിരിച്ചറിഞ്ഞ് തടുക്കാനായി സിആർപിഎഫിന് പ്രത്യേകമായി ഒരു ടീമിനെത്തന്നെ നിയോഗിക്കേണ്ടി വന്നു.

ഫോട്ടോകളും വീഡിയോകളുമായി വ്യാജന്മാരുടെ ഒരു പ്രളയം തന്നെ ഓൺലൈൻ മാധ്യമങ്ങളിലും ടെലിവിഷൻ മാധ്യമങ്ങളിലും ഉണ്ടായി. ചില പോസ്റ്റുകൾ വർഗീയ പ്രശ്നങ്ങൾ വരെ സൃഷ്ടിക്കുമെന്ന നില വന്നപ്പോഴാണ് ഇടപെടൽ നടത്താൻ ആലോചിച്ചതെന്ന് സിആർപിഎഫ് വക്താവ് എം ദിനകരൻ പറയുന്നു. എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ നിന്നാണ് ഇങ്ങനെയൊരു വസ്തുതാപരിശോധനാ സംഘത്തെ നിയോഗിക്കാമെന്ന ആശയമുണ്ടായത്.

പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് ഈ ടീമിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ നിന്നും മറ്റുചില പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നുമാണ് ഈ ഉദ്യോഗസ്ഥർ പ്രവർത്തനം നടത്തിയത്. കൊല്ലപ്പെട്ട ജവാന്മാരുടെ അന്തകർമങ്ങളിൽ വ്യാപൃതരായിരിക്കെയാണ് സോഷ്യൽ മീഡിയയിൽ വൻതോതിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് ഈ ടീമിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരിലൊരാൾ പറയുന്നു. കൊല ചെയ്യപ്പെട്ട സൈനികരുടെ ചിതറിയ മൃതദേഹങ്ങൾ എന്ന വിശദീകരണത്തോടെ ചില ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവ യഥാർത്ഥ സംഭവത്തിന്റെ ചിത്രങ്ങളല്ലായിരുന്നു. ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയണമെന്ന് സിആർപിഎഫ് തീരുമാനിച്ചു.

ഉദ്യോഗസ്ഥരോട് തങ്ങൾക്ക് കിട്ടുന്ന വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് സിആർപിഎഫ് ടീം ആവശ്യപ്പെട്ടത്. മിക്ക പോസ്റ്റുകളുടെയും വിശ്വാസ്യതയും ആധികാരികതയും ഉറപ്പു വരുത്തുക എളുപ്പമായിരുന്നു. ചിലവയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ നേരിട്ടുപോയി വിവരങ്ങൾ ശേഖരിക്കേണ്ടതായി വന്നു.

3 ലക്ഷത്തോളം വരുന്ന സിആർപിഎഫ് സേനയിലെ എല്ലാവർക്കും ഇതു സംബന്ധിച്ച സന്ദേശം പോയി. വ്യാജ സന്ദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ അവരിലേക്ക് കൈമാറി. എവിടെയെങ്കിലും വ്യാജസന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് തെറ്റാണെന്ന് വിശദീകരിക്കുന്ന മറുസന്ദേശം സൈനികർ വിവിധ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യാൻ തുടങ്ങി.

ഇത്തരം വ്യാജ വാർത്തകളെ കരുതിയിരിക്കാൻ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യുകയും ചെയ്തു സിആർപിഎഫ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍