UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍: ഈദ് ദിനത്തിലും അയവില്ലാതെ നിരോധനാജ്ഞ, ജനങ്ങളോട് വീടുകളിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ശ്രീനഗറില്‍ പോലീസ് അനൌണ്‍സ്മെന്‍റ്, നേതാക്കള്‍ വീട്ടുതടങ്കലില്‍ തന്നെ

ബലി പെരുന്നാളിന് മുന്നോടിയായി കാശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച ഭാഗികമായി പിന്‍വലിച്ചിരുന്നു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു

ആളുകള്‍ ഒത്തുകൂടുന്നത് വിലക്കിക്കൊണ്ടുള്ള നിരോധനാജ്ഞ ശ്രീനഗറില്‍ പുനഃസ്ഥാപിച്ചു എന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചത് എന്നും റിപ്പോര്‍ട്ട് പറയുന്നു. . ശനിയാഴ്ച നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതിനെ തുടര്‍ന്ന് ശ്രീനഗറില്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്നാണ് ഗവണ്‍മെന്‍റ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ ജനങ്ങള്‍ ഈദ് ആഘോഷിക്കാന്‍ തയാറെടുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച അയവു തുടരുന്നു എന്നാണ് ഇന്‍ഡ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാങ്കുകള്‍, എ ടി എമ്മുകള്‍, കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുമെന്നും ഇന്ന് അടുത്തുള്ള പള്ളികളില്‍ ഈദ് നമസ്കാരം നടത്താനുള്ള അനുവാദം നല്കിയിട്ടുണ്ട് എന്നുമാണ് ഗവണ്‍മെന്‍റ് വ്യക്തമാക്കിയിട്ടുള്ളത് എന്നും റിപ്പോര്‍ട്ട് പറയുന്നു.

ബലി പെരുന്നാളിന് മുന്നോടിയായി കാശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച ഭാഗികമായി പിന്‍വലിച്ചിരുന്നു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജനങ്ങളോട് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് വാഹനങ്ങള്‍ നഗരത്തിലൂടെ പോകുന്നതായി കണ്ടതായി ചില കേന്ദ്രങ്ങള്‍ അറിയിച്ചതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. കച്ചവടക്കാരോട് കടകള്‍ അടച്ചിടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വലിയ രീതിയിലുള്ള ഈദ് നമസ്കാരം നടക്കുന്ന ജാമിയ മസ്ജീദിലും ഈദ് ഗാഹിലും ഈദ് നമസ്കാരങ്ങള്‍ അനുവദിക്കില്ല എന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീര്‍ താഴ്വരയില്‍ വലിയ രീതിയിലുള്ള സൈനിക വിന്യാസം തിങ്കളാഴ്ച നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീനഗറിലും ബരാമുള്ളയിലും ഒറ്റതിരിഞ്ഞ ചെറുകിട പ്രതിഷേധങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ആഭ്യന്തമന്ത്രാലയ വക്താവ് പറഞ്ഞത്. പ്രതിഷേധങ്ങളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തിട്ടില്ല എന്നും മന്ത്രാലയ വക്താവ് അവകാശപ്പെട്ടിരുന്നു.

നേരത്തെ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും വിദേശ മാധ്യമങ്ങളും കാശ്മീരില്‍ വലിയ പ്രതിഷേധം നടക്കുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞത് ചെറിയ കല്ലേറുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും അതൊക്കെ അപ്പോള്‍ തന്നെ പോലീസ് ഇടപെട്ട് പരിഹരിച്ച് എന്നുമാണ്.

പതിനായിരത്തില്‍ അധികം ആളുകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്ന മാധ്യമ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതും വസ്തുതാ വിരുദ്ധവും ആണെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ശ്രീനഗറിലെ സോറയില്‍ 10,000ത്തോളം പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായി റോയിട്ടേഴ്‌സും ബിബിസിയും അല്‍ ജസീറയും വാഷിംഗ്ടണ്‍ പോസ്റ്റുമടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചതായി ഈ മാധ്യമങ്ങളും ദ വയറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം വലിയ ജനക്കൂട്ടം പങ്കെടുത്ത പ്രതിഷേധത്തിന്റെ വീഡിയോ ബിബിസി പുറത്തുവിടുകയും ചെയ്തിരുന്നു.

ജമ്മു കാശ്മീര്‍ ശാന്തമാണെന്നും യാതൊരു സംഘര്‍ഷവും ഉണ്ടായിട്ടില്ല എന്നും സ്റ്റേറ്റ് പോലീസ് ട്വീറ്റ് ചെയ്തു. കാശ്മീര്‍ താഴ്വരയില്‍ വെടിവെപ്പ് ഉണ്ടായി എന്ന മട്ടിലുള്ള വ്യാജ പ്രചരണങ്ങളിലും വാര്‍ത്തകളിലും കൂടുങ്ങരുത് എന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അടക്കമുള്ള നേതാക്കള്‍ 400ല്‍ അധികം രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലില്‍ തുടരുകയാണ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജമ്മു കാശ്മീരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നതിന്റെയും തദ്ദേശവാസികളോട് സംസാരിക്കുന്നതിന്റെയും വീഡിയോ പുറത്തുവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍