UPDATES

“ആർഎസ്എസ്സുമായി എല്ലാക്കാലത്തും ബന്ധമുണ്ടായിട്ടുണ്ട്; അത് അങ്ങനെത്തന്നെ തുടരും”: ദൈനിക് ഭാസ്കറിനെ കോബ്രപോസ്റ്റ് തുണിയുരിച്ച് നിർത്തിയപ്പോൾ

വിധി പുറത്തു വന്നയുടനെ ദൈനിക് ഭാസ്കറുമായി ബന്ധപ്പെട്ട വീഡിയോകൾ കോബ്രാപോസ്റ്റ് പുറത്തുവിട്ടു.

ഒടുവിൽ ദൈനിക് ഭാസ്കറും ‘വെളിപ്പെട്ടു’. 2018 മെയ് 25നാണ് കോബ്ര പോസ്റ്റ് നടത്തിയ വൻ സ്റ്റിങ് ഓപ്പറേഷനുകളുടെ വീഡിയോകൾ പുറത്തുവന്നത്. രാജ്യത്തെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും കുടുങ്ങിയ ഈ സ്റ്റിങ് ഓപ്പറേഷൻ അക്കാരണം കൊണ്ടു തന്നെ സാമാന്യ ജനങ്ങളില്‍ അത്രകണ്ട് എത്തുകയുണ്ടായില്ലെന്നു വേണം പറയാൻ. ചെറിയതും ധീരതയോടെ നിൽക്കാൻ ശീലം കാണിക്കുന്നവരുമായ ചുരുക്കം ചില മാധ്യമങ്ങൾ, പ്രത്യേകിച്ചും ഓൺ‌ലൈൻ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നൽകി ഈ വീഡിയോകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യയുടെ ഏറ്റവും വലിയ മീഡിയ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടരായ വിനീത് ജയിന്‍ അടക്കമുള്ളവർ കോബ്ര പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിയിരുന്നു. തങ്ങളുടെ കീഴിലുള്ള ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള വിവിധ മാധ്യമസ്ഥാപനങ്ങൾ വഴി വർഗീയത ഇളക്കിവിടുന്ന തരത്തിലുള്ള വാർത്തകൾ പ്രസിദ്ധീകരിക്കാമെന്ന് തങ്ങളെ സമീപിച്ച കോബ്രപോസ്റ്റ് റിപ്പോർട്ടറോട് വിനീത് ജയിൻ പറയുന്നതിന്റെ വീഡിയോ പുറത്തുവരികയുണ്ടായി.

മെയ് 25ന് തങ്ങളെ സംബന്ധിച്ചുള്ള വീഡിയോകൾ പുറത്തുവിടുന്നതിനെതിരെ ദൈനിക് ഭാസ്കർ എന്ന മാധ്യമ ഗ്രൂപ്പ് കോടതിയെ സമീപിച്ച് ഇൻജങ്ഷൻ ഓർഡർ വാങ്ങിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോബ്രപോസ്റ്റ് നൽകിയ ഹരജിയിൽ ഇന്ന് ഡൽഹി ഹൈക്കോടതി വിധി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവരക്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി സിംഗിൾ ബഞ്ച് നൽകിയ ഇൻജങ്ഷൻ റദ്ദ് ചെയ്തു.

വിധി പുറത്തു വന്നയുടനെ ദൈനിക് ഭാസ്കറുമായി ബന്ധപ്പെട്ട വീഡിയോകൾ കോബ്രാപോസ്റ്റ് പുറത്തുവിട്ടു. ദൈനിക് ഭാസ്കർ ഗ്രൂപ്പിന്റെ സേൽസ് ആൻഡ് മാർ‌ക്കറ്റിങ് പ്രസിഡണ്ടായ ഹരീഷ് എം ഭാട്ടിയ, പരസ്യ വിൽപനയുടെ യൂണിറ്റ് ഹെഡ്ഡായ അമിത് സബർവാൾ, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ പവൻ അഗർവാൾ, ഇൻഡോറിലെ പരസ്യവിൽപനയുടെ ചുമതലയുള്ള അസിസ്റ്റന്റ് മാനേജര്‍ അജയ് പ്രതാപ് സിങ് തൊമാർ, നോയ്ഡയിലെ പരസ്യ വിൽപനയുടെ ചുമതലയുള്ള സേൽസ് മാനേജര്‍ അഭിഷേക് പുരോഹിത്, നോയ്ഡയിലെ തന്നെ വിൽപനാവിഭാഗത്തിലുള്ള അഭിഷേക് ദുബേ, ബിസിനസ്സ് ഹെഡ്ഡായ രാഹുൽ ജെ നാംജോഷി, നോയ്ഡ സിഎഫ്ഒ വിജയ് ഗാർഗ് എന്നിവരുമായി പുഷ്പ ശർമ എന്ന കോബ്രപോസ്റ്റ് മാധ്യമപ്രവർത്തകൻ നടത്തിയ സംഭാഷണങ്ങളാണ് ഈ വീഡിയോകളുടെ ഉള്ളടക്കം. ആചാര്യ അടൽ എന്ന, നാഗ്പൂരിലെ ആർഎസ്എസ് ഓഫീസുമായി നേരിട്ടു ബന്ധമുള്ള ഒരു ഹിന്ദുത്വ പ്രവർത്തകൻ എന്ന വ്യാജേനയാണ് പുഷ്പ് ശർമ ഇവരോട് സംസാരിക്കുന്നത്.

വർഗീയവിദ്വേഷം പരത്താൻ പണം: ദൈനിക് ഭാസ്കറിന്റെ ഹരജി കോടതി തള്ളി; പുതിയ വീഡിയോകളുമായി കോബ്ര പോസ്റ്റ്

ദൈനിക് ഭാസ്കറിന്റെ അസിസ്റ്റന്റ് മാനേജർ അജയ് പ്രതാപ് സിങ് തൊമാറിനെയാണ് പുഷ്പ് ശർമ ആദ്യ കണ്ടത്. ഇദ്ദേഹത്തോട് തന്റെ ഉദ്ദേശ്യങ്ങൾ പുഷ്പ് വിശദീകരിച്ചു. രാഷ്ട്രീയ എതിരാളികൾക്കെതിരെ വാർത്തകൾ നിർമിക്കൽ, നിലവിലെ സർക്കാരിനെതിരെ യാതൊരു വാർത്തയും നൽകാതിരിക്കൽ, ഹിന്ദുത്വ അജണ്ട സ്ഥാപിച്ചെടുക്കുന്ന വാർത്തകളുണ്ടാക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് നടപ്പാക്കിക്കിട്ടേണ്ടതെന്ന് പുഷ്പ് തൊമാറിനോട് പറയുന്നു. ഇതിനുള്ള തൊമാറിന്റെ മറുപടി, ദൈനിക് ഭാസ്കർ ഇതിനെല്ലാമായി വലിയ സാമ്പത്തികനേട്ടം പ്രതീക്ഷിക്കുമെന്നാണ്.

ദൈനിക് ഭാസ്കറിന്റെ മൈ എഫ്എം സേൽസ് മാനേജർ അഭിഷേക് പുരോഹിതുമായിട്ടായിരുന്നു പുഷ്പിന്റെ അടുത്ത കൂടിക്കാഴ്ച. പുഷ്പിന്റെ ആവശ്യങ്ങൾ കേട്ട പുരോഹിത് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ അഭിഷേക് ദുബേയുമായുള്ള സംഭാഷണത്തിന് അവസരമൊരുക്കി. ആദ്യം സംശയിച്ചു നിന്ന അഭിഷേക് പിന്നീട് സഹായസന്നദ്ധനായി. ഇവർ വഴി ബിസിനസ്സ് ഹെഡ്ഡായ രാഹുൽ നാംജോഷിയിലേക്കെത്തിയ പുഷ്പിന് അവിടെ നിന്ന് തുറന്ന സ്വീകരണമാണ് ലഭിച്ചത്. തങ്ങൾ ഹിന്ദുത്വ പ്രചാരണത്തിനായി ചില ജിംഗിൾസ് നിർമിച്ചു വെച്ചിട്ടുണ്ടെന്ന് പുഷ്പ് അറിയിച്ചപ്പോൾ അവയുടെ പ്രൊഡക്ഷൻ തങ്ങൾ ഏറ്റെടുത്തു കൊള്ളാമെമ്മ് നാംജോഷി അറിയിച്ചു.

വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഞങ്ങള്‍ തയ്യാര്‍: ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് കോബ്ര പോസ്റ്റിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ദൈനിക് ഭാസ്കർ ഗ്രൂപ്പിന്റെ പ്രസിഡണ്ട് ഹരീഷ് എം ഭാട്ടിയയും വർഗീയത പരത്തുന്ന തരം വാർത്തകൾ നിര്‍മിക്കാനും പ്രചരിപ്പിക്കാനുമുള്ള ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചത്. മോഹൻ ഭാഗവത് അടക്കമുള്ളവരുടെ സന്ദർ‌ശനങ്ങളും പ്രഭാഷണങ്ങളും സജീവമായി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കണമെന്ന ആവശ്യം തുടക്കത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു. ഇതിനു പിന്നാലെ ഹൈദരാബാദിലെ തങ്ങളുടെ പദ്ധതികൾ വിശദീകരിക്കുകയായി ഹിന്ദുത്വ പ്രാചാരകനായി വേഷം കെട്ടിയ മാധ്യമപ്രവർത്തകൻ പുഷ്പ് ശർമ. നിസാമിനെയും മറ്റാളുകളെയും ഇല്ലാതാക്കണമെന്ന തരത്തിലേക്ക് വർഗീയത നിറഞ്ഞ സംഭാഷണങ്ങളിലേക്ക് ഇരുവരും നീങ്ങി. ഇക്കൂട്ടരെയെല്ലാം ഇല്ലാതാക്കുംവരെ രാജ്യത്തിന് മോക്ഷം കിട്ടില്ലെന്നായി ഹരീഷ് എം ഭാട്ടിയ.

നാംജോഷിയും ഈ സംഭാഷണത്തിൽ ഇടപെടുന്നുണ്ട്. 2001ൽ ഗുജറാത്തിൽ ചെയ്തതു പോലുള്ള ഒന്ന് ബംഗാളിലും നടക്കേണ്ടതുണ്ടെന്ന് നാംജോഷി പറയുന്നു. ഈ പ്രചാരണത്തിനുള്ള പ്രതിഫലം 70 ശതമാനവും പണമായി നൽകാനേ കഴിയൂ എന്ന് മാധ്യമപ്രവർത്തകൻ പറയുമ്പോൾ 100 ശതമാനവും പണമായി വാങ്ങാനും തയ്യാറാണെന്ന് ഭാട്ടിയ അറിയിക്കുന്നു.

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസുകളിലെ ഒളികാമറ ഓപ്പറേഷൻ; ഹിന്ദുത്വ അജണ്ടകൾ നമ്മുടെ സ്വീകരണമുറിയിലെത്തുന്ന വിധം

ദൈനിക് ഭാസ്കറിന്റെ ചണ്ഡിഗഢ് പരസ്യവിൽപനാ തലവൻ അമിത് സബർവാളുമായും മാധ്യമപ്രവർത്തകൻ പുഷ്പ് ശർമ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ശ്രീമദ് ഭഗവദ് ഗീത പ്രചരിപ്പിക്കുന്നതിലൂടെ പഞ്ചാബിലെ യുവ മനസ്സുകളെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമാക്കി വളച്ചെടുക്കാമെന്ന പദ്ധതി പുഷ്പ് അവതരിപ്പിക്കുന്നു. ഇതിന് പൂർണമായ പിന്തുണ അമിത് സബർവാൾ നൽകുന്നു. സ്കൂളുകളിൽ ഇത്തരം ക്ലാസ്സുകൾ പ്രത്യേകമായി നടത്താനുള്ള സഹായം വരെ വാഗ്ദാനം ചെയ്യുന്നു. തുടർന്ന് ചരിത്രസംഭവങ്ങളെ ഹിന്ദുത്വത്തിന് അനുകൂലമായി വ്യാഖ്യാനിക്കൽ, ബിജെപി നേതാക്കളെ വൻ വിഗ്രഹങ്ങളാക്കി ഉയർത്തിക്കാണിക്കൽ തുടങ്ങിയ പദ്ധതികളെല്ലാം തങ്ങൾക്ക് നടപ്പാക്കാനാകുമെന്ന് സബർവാൾ അറിയിക്കുന്നു.

ദൈനിക് ഭാസ്കർ ഗ്രൂപ്പ് സിഇഒ ധര്‍മേന്ദ്ര അത്രിയുമായുള്ള കൂടിക്കാഴ്ചയും പുഷ്പ് ശർമ സംഘടിപ്പിച്ചു. വർഗീയ അജണ്ടയുള്ള വാർത്തകളും മറ്റും പ്രസിദ്ധീകരിക്കണമെന്ന ആവശ്യം കേട്ടപ്പോൾ എഡിറ്റോറിയൽ ടീമുമായി ചർച്ച ചെയ്യണമെന്നാണ് ആദ്യം ഇദ്ദേഹം പറഞ്ഞത്. എന്നാൽ നേരിട്ടല്ല ഒളി അജണ്ടയായിട്ടാണ് ഇവ പോകേണ്ടതെന്ന് പുഷ്പ് ശർമ സൂചിപ്പിച്ചു. ഇതോടെ പ്രപ്പോസലുകൾ അയയ്ക്കുവാനും അപ്രൂവൽ നൽകുന്ന കാര്യം താനേറ്റെന്നും അദ്ദേഹം പറഞ്ഞു.

20 കോടി രൂപയുടെ പദ്ധതിയാണ് പുഷ്പ് ശർമ മുമ്പോട്ടു വെച്ചത്. പിന്നീട് പുഷ്പ് ശർമ കാണാൻ ചെന്ന ദൈനിക് ഭാസ്കർ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ പവൻ അഗർവാൾ ഇക്കാര്യത്തിലുള്ള ചർച്ചയിൽ പങ്കു ചേർന്നു. സാമ്പത്തിക കാര്യങ്ങൾ ഭാട്ടിയയുമായി ചർച്ച ചെയ്യുന്നതാണ് ഉചിതമെന്ന് അഗർവാൾ അറിയിച്ചു. അഗർവാളിന്റെ ഉറച്ച സഹകരണം ആവശ്യമാണെന്ന പുഷ്പ് ശർമയുടെ അപേക്ഷയോട് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “ആർഎസ്എസ്സുമായി എല്ലാക്കാലത്തും ഞങ്ങൾക്ക് ബന്ധമുണ്ടായിട്ടുണ്ട്. ആ ബന്ധം അങ്ങനെത്തന്നെ അവിടെയുണ്ടാകും.”

ഹിന്ദുത്വ ധ്രുവീകരണ പ്രചാരണത്തിന് ആവശ്യപ്പെട്ടത് 1000 കോടി; കോബ്ര ഓപ്പറേഷനിൽ കുടുങ്ങി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള വമ്പന്മാർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍