UPDATES

വായിച്ചോ‌

ബിഹാറില്‍ ദലിത് രോഷം തിളക്കുന്നു; നിതീഷിനും ബിജെപിക്കും പൊള്ളും

ദലിത് ആക്ട് സംബന്ധിച്ച് ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ് നിതീഷ് കുമാര്‍ സ്വീകരിക്കുന്നതെന്നാണ് ദലിത് സംഘടനകളുടെ ആരോപണം. ഇതിന് തെളിവാണ് ഏപ്രില്‍ രണ്ടിന്റെ ബന്ദുമായി ബന്ധപ്പെട്ട് ദലിത് പ്രക്ഷോഭകാരികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാത്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെഡിയുവിനും സഖ്യകക്ഷിയായ ബിജെപിക്കുമെതിരെ ദലിത് രോഷം ശക്തമാകുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40ല്‍ 22 സീറ്റ് ബിജെപി നേടിയപ്പോള്‍ സംസ്ഥാനത്തെ 16 ശതമാനം ദലിത് വോട്ടുകള്‍ അതില്‍ നിര്‍ണായകമായിരുന്നു. ബിഹാറിലെ പ്രധാന കക്ഷികളായ ആര്‍ജെഡിയുടേയോ ജെഡിയുവിന്റെയോ പിന്തുണയില്ലാതെയാണ് ബിജെപി ഈ വിജയം നേടിയത്. എന്നാല്‍ 2014ലെ മോദി തരംഗത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം മാറിയിരിക്കുന്നു. കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്താന്‍ യുപി പോലെ തന്നെ ബിജെപിക്ക് നിര്‍ണായകമാണ് ബിഹാറും. പട്ടികജാതി, പട്ടികവര്‍ഗ നിയമത്തില്‍ സുപ്രീം കോടതിയുടെ വിവാദ ഉത്തരവിനെതിരെ ബിജെപിയുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങളോ നടപടിയോ ഉണ്ടാകാത്തതാണ് ദലിത് രോഷം ശക്തമാക്കുന്നത്.

ബിഹാറിലെ ദലിതുകള്‍ എറ്റവും ശക്തമായി പിന്തുണച്ചിരുന്ന നിതീഷ് കുമാറിന്റെ ജെഡിയുവിനെ പോലും തള്ളിക്കളഞ്ഞാണ് അവര്‍ 2014ല്‍ ബിജെപിയെ പിന്തുണച്ചത്. ഇതിനിടെ ഒറ്റയ്ക്ക് നിന്നിരുന്ന ജെഡിയുവും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കുകയും 2015 നവംബറില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം ബിജെപിയെ ബഹുദൂരം പിന്നിലാക്കി വന്‍ വിജയം നേടുകയും ചെയ്തു. എന്നാല്‍ ബിജെപി വിരുദ്ധ പ്രതിപക്ഷത്തിന്റെ ദേശീയ മാതൃകയായി വിലയിരുത്തപ്പെട്ടിരുന്ന മഹാസഖ്യം തകരുകയും 2017 ജൂലായില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പുറത്തുപോയി, വീണ്ടും ബിജെപിയുമായി സഖ്യസര്‍ക്കാരുണ്ടാക്കി അധികാരത്തില്‍ തുടരുകയും ചെയ്തു. ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ ശക്തമായ പിന്തുണയുള്ള കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയുടേയും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍ എല്‍ എസ് പിയുടേയും (രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി) നിലപാടുകള്‍ ഈ ദലിത് രോഷത്തില്‍ നിര്‍ണായകമാണ്. ഇരു പാര്‍ട്ടികള്‍ക്കും ബിജെപിയോടും നിതീഷ് കുമാറിനോടും വിവിധ വിഷയങ്ങളില്‍ കടുത്ത അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളുമുണ്ട്.

ഏറ്റവുമൊടുവില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനായി റിട്ട.ജസ്റ്റിസ് എകെ ഗോയലിനെ നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രാം വിലാസ് പാസ്വാനും മകനും പാര്‍ട്ടി എംപിയുമായ ചിരാഗ് പാസ്വാനും രംഗത്തെത്തിയിരിക്കുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും ഇവര്‍ കത്തും നല്‍കിയിരുന്നു. പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നവിധം ഭേദഗതി നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിയാണ് ഗോയല്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എതിര്‍പ്പുയര്‍ത്തിയത്.

ദലിത് ആക്ട് സംബന്ധിച്ച് ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ് നിതീഷ് കുമാര്‍ സ്വീകരിക്കുന്നതെന്നാണ് ദലിത് സംഘടനകളുടെ ആരോപണം. ഇതിന് തെളിവാണ് ഏപ്രില്‍ രണ്ടിന്റെ ബന്ദുമായി ബന്ധപ്പെട്ട് ദലിത് പ്രക്ഷോഭകാരികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാത്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. രാം നവമിയോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി – സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന നേതാക്കളെ നിലയ്ക്ക് നിര്‍ത്തണമെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് നിതീഷ് കുമാറും പാസ്വാനും ആവശ്യപ്പെടുകയും ചെയ്തു.

പാസ്വാന്റെ മണ്ഡലമായ ഹാജിപൂരും ചിരാഗ് പാസ്വാന്റെ ജാമുയിയും അടക്കമുള്ള പ്രദേശങ്ങളില്‍ സംഘപരിവാര്‍ കലാപമഴിച്ചുവിട്ടിരുന്നു. മിക്കവാറും കലാപബാധിത പ്രദേശങ്ങളെല്ലാം ബിജെപിയുടെ സഖ്യകക്ഷികളായ പാസ്വാന്റെ എല്‍ജെപിയും നിതീഷിന്റെ ജെഡിയുവുമെല്ലാം അവകാശവാദമുന്നയിക്കാന്‍ സാധ്യതയുള്ള ലോക്‌സഭ മണ്ഡലങ്ങളിലാണ് പ്രധാനമായും രൂക്ഷമായ സംഘര്‍ഷമുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ബിജെപിക്കെതിരായ ദലിത് രോഷം തങ്ങള്‍ക്കെതിരെ തിരിയാതിരിക്കാനുള്ള പൊടിക്കൈകള്‍ക്ക് നിതീഷ് ശ്രമിക്കുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/x4yLma

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍