UPDATES

പ്രധാനമന്ത്രിയുടെ അഡീഷണൽ പ്രിന്‍സിപ്പൽ സെക്രട്ടറി ജാതിവിവേചനം കാണിക്കുന്നതായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ

മികച്ച സർവ്വീസ് റെക്കോർഡ് ഉണ്ടായിട്ടും തന്നെ അഡീഷണൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ മിശ്രയും കൂട്ടരും തടയുകയാണെന്ന് രാജു പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്രയ്ക്കെതിരെ ജാതിവിവേചന ആരോപണവുമായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജഗ്മോഹൻ സിങ് രാജു രംഗത്ത്. മിശ്രയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും തന്നോട് കടുത്ത ജാതിവിവേചനം കാണിക്കുകയാണെന്നും തന്റെ കരിയർ വളർച്ചയെ തടയുന്നതിലേക്കു വരെ ഇത് എത്തിച്ചേർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചീഫ് സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് ജഗ്മോഹൻ. കുറ്റക്കാർക്കെതിരെ എസ്‌സി/എസ്‌ടി നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹെം ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട് കേഡർ 1985 ബാച്ചുകാരനായ താൻ തന്റെ ബാച്ച്മേറ്റുകളെക്കാൾ രണ്ട് റാങ്ക് താഴെയാണെന്ന് ജഗ്മോഹൻ ചൂണ്ടിക്കാട്ടി. ഇതിനു കാരണമായത് മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരുടെ ജാതിവിവേചനപരമായ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി തമിഴ്നാട്ട് വിരുഗംപാക്കം പൊലീസ് സ്റ്റേഷനിൽ ജഗ്മോഹൻ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഈ പരാതി സ്വീകരിക്കാൻ‌ പൊലീസ് വിസമ്മതിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ കേസ് തങ്ങൾക്ക് കൈകാര്യം ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. ദേശീയ പട്ടികജാതി കമ്മീഷനെ സമീപിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതെസമയം പട്ടികജാതി കമ്മീഷൻ ഈ പ്രശ്നത്തിൽ ചെന്നൈ പൊലീസ് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടുദിവസത്തിനകം റിപ്പോർട്ട് വെക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മികച്ച സർവ്വീസ് റെക്കോർഡ് ഉണ്ടായിട്ടും തന്നെ അഡീഷണൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനെ മിശ്രയും കൂട്ടരും തടയുകയാണെന്ന് രാജു പറയുന്നു. 2015 മുതൽ‌ തന്റെ കരിയർ വളർച്ചയെ വലിയ തോതിൽ തടയിടാൻ ഇവർ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം. തന്റെ പരാതിയിൽ എഫ്ഐആർ ഇടുന്നത് തടയാൻ ഉന്നതങ്ങളിൽ പിടിപാടുള്ള ഈ ഉദ്യോഗസ്ഥർക്ക് കഴിയുമെന്നും പരാതിയിലുണ്ട്.

നിലവിൽ തമിഴ്നാട് ഭൂപരിഷ്കരണ കമ്മീഷണർ പദവിയിലാണ് ജഗ്മോഹൻ ഇരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയവയെ ഉപയോഗിച്ച് തനിക്കെതിരെ നീക്കങ്ങൾ ഭയക്കുന്നതായും അദ്ദേഹം പരാതിയിൽ പറയുന്നു.

ചീഫ് വിജിലന്‍സ് കമ്മീഷണർ കെവി ചൗധരിയാണ് ആരോപണവിധേയരിലൊരാൾ. ഇദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കണമെന്നാണ് ജഗ്മോഹൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ്ങിലെ കബീന്ദ്ര ജോഷി, ജി ശ്രീനിവാസൻ എന്നീ അണ്ടർ സെക്രട്ടറിമാരും തന്നെ ജാതിവിവേചനത്തിന് ഇരയാക്കുന്നതായി ജഗ്മോഹന്റെ പരാതിയിൽ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍