UPDATES

ട്രെന്‍ഡിങ്ങ്

അനിതയുടെ മരണത്തില്‍ തമിഴ്‌നാട് കത്തുമ്പോള്‍ ദളിത്‌ നേതാവ് ബിജെപിയേയും നീറ്റിനേയും പിന്തുണക്കുന്നതിനു പിന്നില്‍

എന്നാല്‍ അധികാര പങ്കാളിത്തത്തിന് വേണ്ടിയുള്ള സ്വാഭാവിക ശ്രമമാണ് കൃഷ്ണസ്വാമി നടത്തുന്നതെന്ന അഭിപ്രായത്തോട് എല്ലാവരും യോജിക്കുന്നില്ല

അനിതയെന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഏകീകൃത മെഡിക്കല്‍ നീറ്റ് (National Eligibility Test) പരീക്ഷക്കെതിരെ സംസ്ഥാനത്തുടനീളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തുള്ളപ്പോള്‍ ഒരു പ്രമുഖ ദളിത് നേതാവ് മാത്രം നീറ്റിനേയും ബിജെപിയേയും പിന്തുണച്ച് രംഗത്ത് വന്നു. പുതിയ തമിഴകം സ്ഥാപകനും മുന്‍ എംഎല്‍എയുമായ കെ കൃഷ്ണസ്വാമിയാണ് നീറ്റിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. തെക്കന്‍ തമിഴ്‌നാട്ടില്‍ കൃഷ്ണസ്വാമിയുടെ സംഘടനയ്ക്ക് സ്വാധീനമുണ്ട്. അനിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും ആ പെണ്‍കുട്ടിയെ രാഷ്ട്രീയ ആയുധമായി പലരും ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് കൃഷ്ണസ്വാമി ആരോപിക്കുന്നത്. തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ നീറ്റ് സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നീറ്റിന് കൃഷ്ണസ്വാമി നല്‍കുന്ന പിന്തുണ ബിജെപിയുമായുള്ള ബന്ധം മുന്‍നിര്‍ത്തിയാണ് എന്ന് വേണം കാണാന്‍. കഴിഞ്ഞ ഒരു വര്‍ഷമായി ബിജെപിയേയും മോദി സര്‍ക്കാരിന്റേയും നയങ്ങളെയും ആര്‍എസ്എസിനേയും ശക്തമായി പിന്തുണക്കുന്ന ആളാണ്‌ കൃഷ്ണസ്വാമിയെന്ന് സ്ക്രോളില്‍ എഴുതിയ ലേഖനത്തില്‍ ശ്രുതിസാഗര്‍ യമുനാന്‍ ചൂണ്ടിക്കാണിക്കുന്നു.

കൃഷ്ണസ്വാമിയുടേത് കാപട്യമാണെന്ന് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ബാല ഭാരതി അടക്കമുള്ളവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. 2011ല്‍ മകള്‍ക്ക് മെഡിക്കല്‍ സീറ്റിന് വേണ്ടി ശുപാര്‍ശ നടത്തിയ മുഖ്യമന്ത്രി ജയലളിതയ്ക്ക് കൃഷ്ണസ്വാമി നന്ദി പറഞ്ഞിരുന്നെന്നും അനിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കാന്‍ ധാര്‍മ്മികമായി ഒരു യോഗ്യതയും അദ്ദേഹത്തിനില്ലെന്നും ബാല ഭാരതി പറഞ്ഞു. ആര്‍എസ്എസ് ഒരു ദേശീയവാദി സംഘടനയാണെന്നാണ് കൃഷ്ണസ്വാമിയുടെ അഭിപ്രായം. 1500 കൊല്ലം വിദേശികള്‍ ഇന്ത്യയെ ഭരിച്ച് മുടിച്ചെന്നും ഈ രാജ്യത്തെ ഒരു ഹിന്ദുരാജ്യമാക്കാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും കൃഷ്ണസ്വാമി പറഞ്ഞിരുന്നു. ബിജെപി ഭരണത്തില്‍ അഴിമതിയില്ലെന്നും നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണെന്നുമൊക്കെയാണ് കൃഷ്ണസ്വാമിയുടെ അഭിപ്രായമെന്ന് യമുനാര്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു.

തെക്കന്‍ തമിഴ്‌നാട്ടില്‍ തേവര്‍ സമുദായത്തില്‍ നിന്ന് ദേവേന്ദ്രകുല വേലലര്‍ ദളിതര്‍ നേരിട്ടിരുന്ന നീണ്ട കാലത്തെ പീഡനത്തിന്റെ ചരിത്രമുണ്ട് കൃഷ്ണസ്വാമിയെ പോലുള്ള നേതാക്കള്‍ വളര്‍ന്നുവന്നതിന് പിന്നില്‍. 1998ലാണ് പുതിയ തമിഴകത്തിന് കൃഷ്ണസ്വാമി തുടക്കം കുറച്ചത്. മൂന്ന് തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണസ്വാമിയും പുതിയ തമിഴകവും മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളെ പോലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി. ഡിഎംകെയെയോ അണ്ണാ ഡിഎംകെയെയോ പിന്തുണക്കുക എന്ന വഴിയാണ് പിന്നീട് ഇത്തരം പാര്‍ട്ടികള്‍ക്ക് മുന്നില്‍ വരുന്നത്. 2016ല്‍ ഡിഎംകെയുമായി ചേര്‍ന്ന് മൂന്ന് സീറ്റുകളിലും മത്സരിച്ച് എല്ലാ സീറ്റുകളിലും തോറ്റു. ഡിഎംകെയും അണ്ണാ ഡിഎംകെയും തങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന് പുതിയ തമിഴകവും ദളിത് പിന്തുണ അവകാശപ്പെടുന്ന മറ്റൊരു പ്രധാന പാര്‍ട്ടിയുമായ വിടുതലൈ ചിരുതൈ കച്ചിയും പരാതിപ്പെട്ടു. ഏഴ് സീറ്റാണ് കൃഷ്ണസ്വാമി ചോദിച്ചിരുന്നത്. മൂന്ന് സീറ്റേ കൊടുത്തുള്ളൂ.

2012ല്‍ ധര്‍മപുരിയിലെ ജാതിസംഘര്‍ഷത്തിന് ശേഷം ദളിത് പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പ്രധാനപ്പെട്ട ഇരു ദ്രാവിഡ പാര്‍ട്ടികളിലും ചര്‍ച്ചയായിരുന്നു. ദളിത് ഇതര സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വശീകരിക്കാന്‍ ദളിത് പുരുഷന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ഡിഎംകെയും അണ്ണാ ഡിഎംകെയും എന്ന് പാട്ടാളിമക്കള്‍ കച്ചി നേതാവ് എസ് രാമദോസ് ആരോപിച്ചിരുന്നു. ഒബിസി വിഭാഗമായ വണ്ണിയര്‍ സമുദായത്ത പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന പാര്‍ട്ടിയാണ് രാമദോസിന്റെ പിഎംകെ. ഇത് വിവിധ ജാതി ഹിന്ദു സംഘടനകള്‍ ചേര്‍ന്നുള്ള ദളിത് വിരുദ്ധ സഖ്യത്തിലേയ്ക്ക് നയിച്ചു. 2016ല്‍ തന്നെ വിസികെ, ഡിഎംകെ സഖ്യത്തില്‍ നിന്ന് പുറത്തായി. ഈ സാഹചര്യങ്ങള്‍ ബിജെപിയും ആര്‍എസ്എസും മുതലെടുത്തു. 2015ല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മധുരയിലെത്തി ദേവേന്ദ്രകുല വേലലര്‍ സമുദായ പ്രതിനിധികളെ കണ്ട് ചര്‍ച്ച നടത്തി. ആര്‍എസ്എസുമായി ബന്ധപ്പെട്ടവരാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. അമിത് ഷായുടെ അഭ്യര്‍ത്ഥന പ്രകാരം സമുദായ നേതാക്കള്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടു. അതേസമയം ദേവേന്ദ്രകുല വേലലര്‍ തങ്ങളെ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒഴിവാക്കണമെന്നും തങ്ങള്‍ ദളിത് അല്ലെന്നും, ദേവേന്ദ്രന്റെ പിന്മുറക്കാരാണ് തങ്ങളെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണ്ടി വരും. അതുകൊണ്ട് കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായുള്ള ബന്ധം ആവശ്യമാണെന്നാണ് കൃഷ്ണസ്വാമിയുടെ നിലപാട്. ദ്രാവിഡ പാര്‍ട്ടികളാണൈങ്കില്‍ പ്രത്യേകിച്ച് സഹായമൊന്നും ചെയ്യുന്നുമില്ല.

തമിഴ്‌നാട്ടിലെ ഒബിസി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ വേണം കൃഷ്ണസ്വാമിയെ കാണാനെന്ന് ദളിത് എഴുത്തുകാരന്‍ സ്റ്റാലിന്‍ രാജംഗത്തെ ഉദ്ധരിച്ച് യമുനാര്‍ വിശദമാക്കുന്നു. ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും അധികാരത്തിന് വേണ്ടി ജാതി കാര്‍ഡ് കളിച്ചിട്ടുണ്ട്. അതേസമയം ജാതി ഉന്മൂലനത്തിനായി പോരാടേണ്ട ഉത്തരവാദിത്തം ദളിതര്‍ക്ക് മാത്രമാണ് എന്നാണ് മറ്റുള്ളവരുടെ മനോഭാവം. എസ് സി വിഭാഗത്തില്‍ നിന്ന് മാറ്റി ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞാല്‍ അത് തങ്ങളുടെ സാമൂഹ്യപദവി ഉയര്‍ത്തുമെന്നാണ് ചിന്ത. രാഷ്ട്രീയ അധികാരമില്ലാതെ സാമൂഹ്യപദവി മെച്ചപ്പെടില്ലല്ലോ – രാജംഗ പറയുന്നു. തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ സാമൂഹ്യപദവി മെച്ചപ്പെടുത്തിയ പല സമുദായങ്ങളുമുണ്ട്. ഉദാഹരണത്തിന് മദ്രാസ് മുന്‍ മുഖ്യമന്ത്രി കാമരാജിന്റെ നാടാര്‍ സമുദായം. ഒരുകാലത്ത് നാടാര്‍ സമുദായത്തില്‍ പെട്ടവര്‍ തൊട്ടുകൂടാത്ത അവര്‍ണരായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് അവര്‍ പൊതുസമൂഹത്തിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും വലിയ ശക്തിയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപിയുടെ ഏറ്റവും പ്രധാന നേതാക്കളായ പൊന്‍ രാധാകൃഷ്ണനും തമിഴിസൈ സൗന്ദരരാജനും നാടാര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. ഇടതുപക്ഷ പാര്‍ട്ടികളടക്കം ദളിത് ഇതര പാര്‍ട്ടികളില്‍ ഒന്നിന്റേയും നേതാക്കള്‍ ദളിതരല്ലെന്നതാണ് മറ്റൊരു പ്രത്യേകത. 2016ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരുമാളവനെ ഉയര്‍ത്തിക്കാട്ടുന്നതിനെ ഇടതുപക്ഷം എതിര്‍ത്തിരുന്നു. തങ്ങള്‍ ജാതി ഉന്മൂലനത്തിന് തയ്യാറാണെന്നും പക്ഷെ മറ്റുള്ളവരെല്ലാം അതിന് തയ്യാറാകുമ്പോള്‍ അതേക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നുമാണ് ദേവേന്ദ്രകുലരുടെ നിലപാടെന്ന് രാജംഗം പറയുന്നു.

എന്നാല്‍ അധികാര പങ്കാളിത്തത്തിന് വേണ്ടിയുള്ള സ്വാഭാവിക ശ്രമമാണ് കൃഷ്ണസ്വാമി നടത്തുന്നതെന്ന അഭിപ്രായത്തോട് എല്ലാവരും യോജിക്കുന്നില്ല. നീറ്റ് പരീക്ഷയെ എതിര്‍ക്കുന്നവര്‍ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലം കൃഷ്ണസ്വാമി പറഞ്ഞുകൊണ്ടിരുന്ന സാമൂഹ്യനിതിക്ക് വേണ്ടി പോരാടുന്നവരാണെന്ന് മദ്രാസ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ രാമു മണിവണ്ണന്‍ പറയുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച അഞ്ച് കുട്ടികള്‍ക്ക് മാത്രമാണ് മെഡിക്കല്‍ പ്രവേശനം കിട്ടിയത്. ഇത് സാമൂഹ്യനീതിയുടെ ലംഘനമാണ്. തങ്ങളുടെ അധികാരം സംരക്ഷിക്കുന്നതിലും അത് വിപുലീകരിക്കുന്നതിലും മാത്രമാണ് രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധ. അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളെ അധികാരം ചവുട്ടിയൊതുക്കുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. ഇത് തന്നെയാണ് പ്രശ്‌നമെന്ന് രാമു മണിവണ്ണന്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് യമുനാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍