UPDATES

മീശവച്ചതിന് ഗുജറാത്തില്‍ വീണ്ടും ദളിത്‌ യുവാവിന് മര്‍ദ്ദനം; മീശ പിരിച്ച് പ്രതിഷേധവുമായി യുവാക്കള്‍

ഗാര്‍ബ ഡാന്‍സ് കണ്ടു നിന്നതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ദളിത് യുവാവിനെ പട്ടേല്‍ വിഭാഗക്കായ എട്ടു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നത്

നവരാത്രി ഉത്സവാഘോഷം (ഗാര്‍ബ) കണ്ടു നിന്നതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ ആക്രമണം തുടരുന്നു. ഉന്നതജാതിക്കാരുടെ മാതൃകയില്‍ മീശ വച്ചതിന് ഇന്നലെയും ഒരാള്‍ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ മാസം 25-നും 27-നും രണ്ടു പേര്‍ ഇതേ കാരണത്താല്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സമാന കാരണത്തിന് ഗാന്ധിനഗറിന് സമീപം സാനന്ദില്‍ 17 വയസുള്ള യുവാവും ആക്രമിക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് സാനന്ദിലെ ദളിത് ചെറുപ്പക്കാര്‍ തങ്ങളുടെ വാട്ട്‌സ് ആപ് മുഖചിത്രം പിരിച്ചുവച്ച മീശയും അതില്‍ കിരീടവുമുള്ള പുതിയ ലോഗോ ആക്കി മാറ്റി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട പീയൂഷ് പരമാറിനൊപ്പം ആ സമയത്ത് ഉണ്ടായിരുന്ന ദളിത് യുവാവാണ് ഇന്നലെ വൈകിട്ട് ആക്രമിക്കപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി മുഖം മറച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ കത്തികൊണ്ട് പുറത്ത് കുത്തുകയായിരുന്നു. ചോരയൊലിപ്പിച്ച് വീട്ടിലെത്തിയ ഇയാളെ വീട്ടുകാര്‍ പിന്നീട് ആശുപത്രിയിലാക്കി. സംഭവം അന്വേഷിച്ചു വരികയാണെന്നും ഇതിനു പിന്നില്‍ മറ്റെന്തെങ്കിലും സംഭവമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്തു വരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ദളിതര്‍ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആരോപണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് ദളിത് സംഘടനകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇപ്പോഴുള്ള ആക്രമണങ്ങള്‍. പട്ടേല്‍ വിഭാഗങ്ങളും സര്‍ക്കാരിനെതിരെ രംഗത്തു വന്നിട്ടുള്ള സാഹചര്യത്തില്‍ ദളിതര്‍ക്കെതിരെ ഉന്നത ജാതിക്കാരെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണോ ഇപ്പോഴത്തെ ആക്രമണമെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

ഗാര്‍ബ ഡാന്‍സ് കണ്ടു നിന്നതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം ദളിത് യുവാവിനെ പട്ടേല്‍ വിഭാഗക്കായ എട്ടു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നത്. തല ഭിത്തിയില്‍ ഇടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. ഇതിനു രണ്ടു ദിവസം മുമ്പായിരുന്നു മീശ വച്ചത് ചോദ്യം ചെയ്തു കൊണ്ട് രണ്ടു യുവാക്കള്‍ ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ള ദളിത് യുവാക്കള്‍ മീശ വച്ച ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു കൊണ്ട് പ്രതിഷേധിച്ചിരുന്നു.

ഇന്നലെ നടന്ന ആക്രമണത്തിനു പിന്നാലെ സാനന്ദിലുള്ള ദളിത് യുവാക്കള്‍ പുതിയ ലോഗോ തങ്ങളുടെ വാട്ട്‌സ്ആപ് മുഖചിതമാക്കി മാറ്റിയിരിക്കുകയാണ്. മീശയും കിരീടവും അതില്‍ മി. ദളിത് എന്നെഴുതിയ ചിത്രമാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍