UPDATES

ഇന്ത്യക്കും പാകിസ്താനുമിടയില്‍ അങ്ങേയറ്റം അപകടകരമായ സാഹചര്യമെന്ന് ട്രംപ്; പാകിസ്താന്‍ സമ്മര്‍ദ്ദത്തില്‍

ഇത് രണ്ടാമത്തെ തവണയാണ് യുഎസ് പ്രസിഡണ്ട് ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കും പാകിസ്താനുമിടയിൽ അങ്ങേയറ്റം അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പുതിയ സംഭവത്തെ തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ നിരവധി പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. ഇത് രണ്ടാമത്തെ തവണയാണ് യുഎസ് പ്രസിഡണ്ട് ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

അതെസമയം അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ തണുപ്പിക്കാൻ പാകിസ്താൻ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ജയ്ഷെ മൊഹമ്മദിന്റെ ആസ്ഥാനമെന്ന് കരുതപ്പെടുന്ന പള്ളിയും മദ്രസയും ഇക്കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാർ ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. പാക് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ നാഷണൽ സെക്യൂരിറ്റി കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് നടപടി. മദ്രസാതുള്‍ സാബിര്‍, ജമാ ഇ മസ്ജിദ് സുഭാനള്ളാ എന്നിവ ഉള്‍ക്കൊള്ളുന്ന സമുച്ചയമാണ് പഞ്ചാബ് ഗവണ്‍മെന്റ് ഏറ്റെടുത്തത്. കാമ്പസിന്റെ നടത്തിപ്പ് ചുമതല അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിച്ചു. 70 അധ്യാപകരും 600 വിദ്യാര്‍ത്ഥികളും ഇവിടെയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

യു.എന്‍ സുരക്ഷാ കൌണ്‍സിലിന്റെ ഇടപെടലാണ് പ്രധാനമായും പാക്കിസ്ഥാന് തിരിച്ചടിയായത്. ആദ്യമായാണ് കാശ്മീരില്‍ ഉണ്ടായ ഒരു ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് സുരക്ഷാ കൌണ്‍സില്‍ രംഗത്തെത്തിയത്. ഇതുവരെ കാശ്മീര്‍ ‘തര്‍ക്കഭൂമി’ എന്ന നിലയില്‍ മാത്രമാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ടു തന്നെ സുരക്ഷാ കൌണ്‍സിലിന്റെ പ്രസ്താവന ഇന്ത്യയുടെ നയതന്ത്ര നേട്ടമായാണ് പരിഗണിക്കപ്പെടുന്നത്.

ഫ്രാൻസ് നടത്തിയ ശ്രമങ്ങളെ തുടർന്ന് പാകിസ്താനുമേൽ സമ്മർദ്ദം ചെലുത്താൻ ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്ക് ഫോഴ്സ് സംഘടനയും തയ്യാറായി. കഴിഞ്ഞ ദിവസം പാകിസ്താന്‍ കള്ളപ്പണത്തിനും ഭീകരവാദ ഫണ്ടിങ്ങിനുമെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ഇവർ കുറ്റപ്പെടുത്തുകയുണ്ടായി. ഇതേ കാരണത്തിന്റെ പേരിൽ 2018 മെയ് മാസത്തിൽ പാകിസ്താനെ ‘ഗ്രേ ലിസ്റ്റി’ൽ പെടുത്തിയിരുന്നു എഫ്എടിഎഫ്. ബ്ലാക് ലിസ്റ്റിൽ ഉടൻ പെടുത്തണമെന്ന ഫ്രാൻസിന്റെയും ഇന്ത്യയുടെയും ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിലും ഗ്രേ ലിസ്റ്റിൽ തുടരവെ പാകിസ്താന് താക്കീത് ലഭിച്ചത് ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളുടെ ഒരു നേട്ടമായി കാണാം. ഒക്ടോബർ മാസം വരെ പാകിസ്താനം സമയമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍