UPDATES

ട്രെന്‍ഡിങ്ങ്

ഏപ്രിലിലെ ക്രൂര തമാശകള്‍; ആദ്യ ഐറ്റം മോദിജി-അമിത് ഷാ ജി വക ഉപവാസ നാടകം

ഷാ പാമ്പും കീരിയും പട്ടിയും പൂച്ചയും എന്നൊക്കെ വിശേഷിപ്പിച്ച പ്രതിപക്ഷത്തെ ബിജെപി ഇപ്പോൾ വല്ലാതെ ഭയക്കുന്നുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

ഏപ്രിലാണേറ്റവും ക്രൂര മാസം എന്ന കവി വചനത്തിനു സ്തുതി. ലോക വിഡ്ഢി ദിനത്തിൽ ആരംഭിക്കുന്ന ഏപ്രിലിനെ പക്ഷെ ഇനിയങ്ങോട്ട് ക്രൂര തമാശകളുടെ മാസം എന്നുകൂടി വിശേഷിപ്പിക്കേണ്ടിവരുമെന്നു തോന്നുന്നു കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന മുഴുവൻ ദിവസ ഉപവാസ സമരം എന്ന ആഭാസ നാടകം തന്നെയാണ് ടി എസ് എലിയട്ടിന്റെ വരികൾക്ക് ഇങ്ങിനെ ഒരു കൂട്ടിച്ചേർക്കൽ ആവശ്യപ്പെടുന്നത്.

രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയാണ് ഉപവാസ സമരത്തിന് നേതൃത്വം നല്കുന്നതെന്നതിനാൽ രാജ്യ തലസ്ഥാനമായ ദില്ലിയിൽ അരങ്ങേറുന്ന ഈ നാടകത്തിനു വലിയ തോതിൽ മാധ്യമ ശ്രദ്ധ ലഭിക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട. മാധ്യമ രംഗത്തെ സ്വദേശീയർ മാത്രമല്ല വിദേശികൾക്കും ഇതൊരു നല്ല വാർത്ത കൊയ്ത്തു തന്നെ. മറ്റൊന്നുമല്ല, ഇതിനുള്ള പ്രധാന കാരണം ലോക നേതാക്കളെ നിമിഷാർദ്ധത്തിൽ കൈയിലെടുക്കാൻ അത്യപൂർവ സിദ്ധിയുള്ളയാൾ എന്ന് വാഴ്ത്തപ്പെടുന്ന സാക്ഷാൽ നരേന്ദ്ര മോദിജിയാണ് സ്വന്തം രാജ്യത്തെ തീർത്തും അശക്തരെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിക്കാരും പറയുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഇങ്ങിനെയൊരു സാഹസത്തിനു മുതിരുന്നതെന്നതു തന്നെ.

എന്താണ് നമ്മുടെ മോദിജിയെ ഇങ്ങനെയൊരു ഉപവാസ സമരത്തിന് പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഓഫിസും പാർട്ടിയും ഉത്തരം തന്നു കഴിഞ്ഞു. ബജറ്റ് സമ്മേളനം പ്രതിപക്ഷ ഊച്ചാളികൾ കുളമാക്കി. നേരാംവണ്ണം സഭ നടത്തിക്കൊണ്ടുപോകാൻ വയ്യാത്ത സ്ഥിതി സൃഷ്ട്ടിക്കുന്ന അവരെ ഒരു പാഠം പഠിപ്പിക്കണം. അതിനാണത്രെ പ്രധാനമന്ത്രി കൂടി അണിചേരുന്ന ഈ മഹാ ഉപവാസ സമരം. സത്യത്തിൽ ആരാണ് ഇപ്പറഞ്ഞ പ്രതിപക്ഷം എന്നും ആ പക്ഷത്തെക്കുറിച്ചു ശ്രീമാൻ നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ഉള്ള മുൻ അഭിപ്രായം എന്തെന്നും ഈ ഘട്ടത്തിൽ ഓർക്കേണ്ടതായുണ്ട്. അധികാരത്തിന്റെ ഹുങ്കിൽ പ്രതിപക്ഷ നേതാവ് എന്ന പദവി പോലും റദ്ദു ചെയ്ത ഒരു സർക്കാരാണ് ഇത് പറയുന്നതെന്ന് ഓർക്കണം.

മോദിയുടെ മണല്‍ക്കോട്ടകള്‍ പൊളിയുകയാണ്-ഹരീഷ് ഖരെ എഴുതുന്നു

സത്യത്തിൽ ചിരിക്കും ചിന്തക്കും അവസരമൊരുക്കുന്ന ഒരു മഹാ സംഭവം തന്നെയാണിത്. കൊച്ചിയിലെ കൊതുകുകളെ എന്തുകൊണ്ട് വെടിവെച്ചു കൊന്നുകൂടാ എന്ന് പണ്ടേതോ മജിസ്‌ട്രേറ്റ് ചോദിച്ചതായി വായിച്ചിട്ടുണ്ട്. ഏതാണ്ട് അതേപോലെ ഒന്ന് തന്നെയാണിതും. അടുത്തിടെ ബി ജെ പി സ്ഥാപക ദിനത്തിൽ മോദിയുടെ പാർട്ടി നടത്തിപ്പുകാരനും ഇപ്പോൾ രാജ്യസഭ അംഗവുമായ അമിത് ഷാ പറഞ്ഞ കാര്യങ്ങൾ കൂടി ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്. അപ്പോഴേ ഈ ഏപ്രിൽ മാസത്തെ ക്രൂര ഫലിതങ്ങൾ പൂർണതയിലെത്തുകയുള്ളു. മോദിജി ഒരു മഹാപ്രളയമാണെന്നും ഈ പ്രളയം ഭയന്നു ഒരേ മരത്തിൽ അഭയം തേടുന്ന പാമ്പും കീരിയും പട്ടിയും പൂച്ചയുമൊക്കെയാണ് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ എന്നായിരുന്നു ഷായുടെ വീമ്പു പറച്ചിൽ. പ്രതിപക്ഷ ബഹളത്തെ തുടർന്ന് മാത്രമാകാൻ ഇടയില്ല, ഒരു പക്ഷെ തന്റെ വാകീറൽ പ്രസംഗം അല്പം കടന്നുപോയെന്നു തോന്നിയതുകൊണ്ടുകൂടിയാവാം ടിയാൻ പിന്നീട് വിശദീകരണവുമായി രംഗത്തു വന്നത്. അല്ലെങ്കിലും ശ്രീരാമ ക്ഷേത്രം പണിതേ അടങ്ങുവെന്നു ഭക്തരെ പറഞ്ഞു സംഘിസേനയിൽ അണിചേർക്കുന്ന അമിത് ഷാ മൃഗങ്ങളെ ഇത്രകണ്ട് അപഹസിച്ചതും തെറ്റു തന്നെയല്ലേ. ശ്രീരാമ ചരിതം താൻ വായിച്ചിട്ടില്ലായെന്നു ശ്രീരാമ ഭക്തർ അറിഞ്ഞാൽ ഉണ്ടാകാനിടയുള്ള പൊല്ലാപ്പിനെക്കുറിച്ചുള്ള പിൻചിന്ത തന്നെയാവണം താൻ ഉദ്ദേശിച്ചത് വിരുദ്ധ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർ ഒരുമിച്ചു കൂടുന്നു എന്നാണെന്ന ഒരു തിരുത്തലിനു പ്രേരിപ്പിച്ചത്.

മോദിക്കെതിരെ നായയും പൂച്ചയും കിരീയും പാമ്പും ഒന്നായെന്ന് അമിത് ഷാ; പിന്നീട് ഖേദപ്രകടനം

മോദിജിയും അമിത്ഷാ ജിയും സംയുക്തമായി നയിക്കുന്ന ഉപവാസ സമരത്തിന്റെ പൊരുൾ തേടി എവിടെയും പോകേണ്ടതില്ല. ഷാ പാമ്പും കീരിയും പട്ടിയും പൂച്ചയും എന്നൊക്കെ വിശേഷിപ്പിച്ച പ്രതിപക്ഷത്തെ അവരൊക്കെ ഇപ്പോൾ വല്ലാതെ ഭയക്കുന്നുണ്ട്. പ്രത്യേകിച്ചും അമിത് ഷായുടെ കർണാടക ദൗത്യം പരാജയപ്പെട്ട സാഹചര്യത്തിൽ. മോദി ഭരണത്തിന് ഒരു തുടർച്ച സാധ്യമോ എന്ന് നിർണയിക്കപ്പെടുന്ന പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തന്നെയാണ് കര്‍ണ്ണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അമിത് ഷാ കരുക്കൾ നീക്കും മുൻപ് തന്നെ സിദ്ധാരാമയ്യ ലിംഗായത്തുകളെ കൈയ്യിലെടുത്തു കഴിഞ്ഞു. കർണാടകത്തിൽ എന്ത് സംഭവിക്കുമെന്നു നിലവിൽ പ്രവചിക്കാനാവില്ലെങ്കിലും അടുത്തകാലത്തായി പ്രതിപക്ഷ കക്ഷികൾക്കിടയിൽ രൂപം കൊള്ളുന്ന കൂട്ടായ്മ തെല്ലൊന്നുമല്ല മോദിയെയും കൂട്ടരെയും ആശങ്കാകുലരാകുന്നത്. ഇതിനെതിരെ ഒരു ഇമേജ് ബിൽഡിംഗ് നാടകം തന്നെയാണ് ഈ ഉപവാസ സമരം കൊണ്ട് ഉദ്ദേശിക്കുന്നത്.

അഴിമതിക്ക് മോദി സര്‍ക്കാരിന്റെ പച്ചക്കൊടി; വിജിലന്‍സ് കമ്മീഷന് ലഭിക്കുന്ന പരാതികള്‍ കുത്തനെ കുറഞ്ഞു

അല്ലെങ്കിൽ തന്നെ പറഞ്ഞു നിൽക്കാൻ എന്താണ് മോദി സർക്കാരിനുള്ളത്? ലക്ഷങ്ങൾ വിലമതിക്കുന്ന കോട്ടും സൂട്ടും നിരന്തരം നടത്തപ്പെടുന്ന വിദേശ യാത്രകളും വിരുന്നു സല്‍ക്കാരങ്ങളുമല്ലാതെ. മഹാനായ എബ്രഹാം ലിങ്കനെപ്പോലെ എന്ന മട്ടിൽ അനുചരന്മാരാൽ സ്വയം സൃഷ്ടിച്ചെടുത്ത ഒരു ഇമേജ് ഉണ്ടായിരുന്നു തുടക്കത്തിൽ. ഒരു ചായ കച്ചവടക്കാരൻ പയ്യനിൽ നിന്നും ആദ്യം ഗുജറാത്തിന്റെ മുഖ്യമന്ത്രിയും പിന്നീട് ഇന്ത്യ മഹാരാജ്യം തന്നെ ഭരിക്കുന്ന പ്രധാനമന്ത്രിയിലേക്കുമുള്ള വളർച്ച. കേൾക്കാൻ ഏറെ രസമുള്ള കഥ. പക്ഷെ എല്ലാ പുറം പൂച്ചുകളും ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ്. പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രക്കിടയിൽ നൽകിയ മോഹനവാഗ്ദാനങ്ങളത്രയും പൊള്ളയായിരുന്നുവെന്നു ഈ നാല് വർഷത്തെ ഭരണം കൊണ്ട് ജനത്തിന് മനസ്സിലായിക്കഴിഞ്ഞു. മലപ്പുറം കത്തി, അമ്പ്, വില്ല് എന്നൊക്കെയുള്ള നാടോടിക്കാറ്റ് സിനിമയിലെ തിലകൻ ഡയലോഗ് പോലെ എന്തൊക്കെ ഗീർവാണങ്ങളായിരുന്നു! ‘മുഴുവൻ കള്ളപ്പണക്കാരെയും തുറുങ്കിലടക്കും. വിദേശ ബാങ്കുകളിലുള്ള അവരുടെ മുഴുവൻ നിക്ഷേപവും തിരികെ കൊണ്ടുവരും. ആ പണം ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന സാധാരണക്കാരന്റെ അക്കൗണ്ടിലേക്കു നിക്ഷേപിക്കും. ഇതൊക്കെ കേട്ട് ജനം കൈ അടിച്ചു. വോട്ടു ചെയ്തു. മോദിജി അധികാരത്തിലുമെത്തി. എന്നിട്ടു എന്ത് സംഭവിച്ചു? ഒന്നും സംഭവിച്ചില്ലെന്നു പറഞ്ഞു കൂടാ. അന്ന് കൈയടിച്ച മുഴുവൻ കര്‍ഷകന്റെയും കർഷക തൊഴിലാളിയുടെയും അത്താഴ പട്ടിണിക്കാരന്റെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കപ്പെട്ടു. ഈ അക്കൗണ്ടുകളിലൂടെ ഒട്ടേറെ കള്ളപ്പണം വെളുപ്പിക്കപ്പെട്ടു. അമിത് ഷാ പറഞ്ഞതുപോലെ വെറും പത്തുപേരെ വച്ച് തുടങ്ങിയ ബി ജെ പി ഇന്ന് രാജ്യം ഭരിക്കുന്നുവെന്നു മാത്രമല്ല കഴിഞ്ഞ ദിവസം പുറത്തുവന്ന രാഷ്ട്രീയ പാർട്ടികളുടെ ആസ്തി സംബന്ധിച്ച കണക്കു പ്രകാരം മുന്‍പന്തിയിലുമെത്തി. പോരെ, ഇതിലേറെ എന്ത് വേണം ‘രാജ്യ സേവനം’.

വരുമാനം 1034 കോടി; ബിജെപി അതി സമ്പന്ന രാഷ്ട്രീയ പാര്‍ട്ടി

തീർന്നില്ല; മോദി ഭരണത്തിൻ കീഴിൽ ഒരൊറ്റ കള്ളപ്പണക്കാരനും തുറുങ്കിൽ അടക്കപ്പെട്ടില്ലയെന്നു മാത്രമല്ല ബാങ്ക് തട്ടിപ്പുകാരുടെ എണ്ണം പെരുകുകയും ചെയ്തു. ഇവരെല്ലാം മോദിക്കോ അദ്ദേഹത്തിന്റെ പാർട്ടിക്കോ വേണ്ടപ്പെട്ടവരായതിനാൽ അവരൊക്കെ നാടുവിട്ടു വിദേശത്തു സുഖവാസം നയിക്കുന്നു. കർഷകനും അത്താഴപ്പട്ടിണിക്കാരനും മാത്രമല്ല ഇടത്തട്ടുകാരനും ചായക്കച്ചടക്കാരനും മോദി ഭരണത്തിൻ കീഴിൽ ആത്മഹത്യ ചെയ്യുന്നതിനിടയിലാണിതെന്നു കൂടി ഓർക്കണം.

അപ്പോൾ ഈ ഉപവാസ സമരമെന്ന ആഭാസ നാടകം എന്തിനു വേണ്ടിയാണ് സാർ? തന്റെ മന്ത്രിസഭക്കെതിരെ വന്ന അവിശ്വാസം ചർച്ച ചെയ്യാൻ പോയിയിട്ടു ബാങ്ക് തട്ടിപ്പുകൾ, സി ബി എസ് ഇ ചോദ്യ പേപ്പർ ചോർച്ച, പട്ടിക ജാതി -പട്ടിക വർഗ പീഡന നിരോധന നിയമത്തിലെ വെള്ളം ചേർക്കൽ തുടങ്ങിയ ഒട്ടേറെ കാതലായ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ ലക്ഷ്യമിട്ടുള്ളതാണെന്നു കരുതിയാൽ തെറ്റുണ്ടോ സാർ.

പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം; ബിജെപിക്ക് കിട്ടുന്ന ആദ്യ അടി കര്‍ണാടകയില്‍ നിന്നാകുമോ?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍