UPDATES

കായികം

ധോണി കളിച്ചു, ഇല്ലെങ്കില്‍ പടക്കം വെസ്റ്റീന്‍ഡിസ് പൊട്ടിച്ചേനെ

അഴിമുഖം പ്രതിനിധി

പടക്കം വെസ്റ്റിന്‍ഡീസ് പൊട്ടിച്ചേനെ… അതിനുവേണ്ട സഹായം ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ചെയ്തു കൊടുത്തതുമാണ്. ധോണിയാണ് തടസം നിന്നത്. ഇല്ലായിരുന്നെങ്കില്‍ വളരെ ചെറിയൊരു ലക്ഷ്യം കാണാനാകാതെ ഇന്ത്യ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ തോല്‍വി ചോദിച്ചു വാങ്ങുമായിരുന്നു. അങ്ങനെ സംഭവിക്കാതിരുന്നതിന് ക്യാപ്റ്റനോടാണ് നന്ദി പറയേണ്ടത്. ഒപ്പം സാഹസം കാണിക്കാതെ ധോണിക്ക് കൂട്ടുനിന്ന അശ്വിനും. ഇരുവരും കൂടിച്ചേര്‍ന്നാണ് 39.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം ഇന്ത്യക്ക് സമ്മാനിച്ചത്.

വെസ്റ്റീന്‍ഡീസ് കഷ്ടപ്പെട്ട് നേടിയ 182 റണ്‍സ് ടീം ഇന്ത്യ നിസാരമായി നേടുമെന്ന് കരുതിയ ആരാധകരെ അത്ഭുതപ്പെടുത്തുന്നപോലെയായിരുന്നു ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. മുന്‍നിരയില്‍ കോഹ്ലിയൊഴിച്ച് ആരും ഒന്നും ചെയ്തില്ല. എല്ലാവര്‍ക്കും എത്രയും വേഗം കളിതീര്‍ത്ത് ഫുട്‌ബോള്‍ കളിക്കാനുള്ള തിരക്കുണ്ടായിരുന്നുവെന്നു തോന്നു. കുറച്ചു ക്ഷമയോടെ നിന്നിരുന്നെങ്കില്‍ തട്ടിയും മുട്ടിയും ജയിച്ചു എന്ന ചീത്തപ്പേരും കേള്‍ക്കേണ്ടി വരില്ലായിരുന്നു. തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ ക്യാപ്റ്റന്‍ കൂളിന്റെ ക്ഷമാപൂര്‍വമായ ഇന്നിംഗ്‌സ് തന്നെയാണ് രക്ഷിച്ചത്. ആക്രമമല്ല, ക്ഷമയാണ് വിജയത്തിന് വേണ്ടതെന്ന് തന്റെ ടീമംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നതുകൂടിയായിരുന്നു ധോണിയുടെ ബാറ്റിംഗ്. 56 ബോളില്‍ നിന്ന് 45 റണ്‍സ് നേടിയ ധോണി തന്നെയാണ് ടോപ് സ്‌കോറര്‍. കോഹ്ലി 33 ഉം റെയ്‌ന 22 ഉം റണ്‍സ് നേടി. അശ്വിന്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. 35 റണ്‍സിന് 3 വിക്കറ്റ് നേടിയ മുഹമ്മദ് ഷാമിയാണ് മാന്‍ ഓഫ് ദി മാച്ച്.

വിന്‍ഡീസിനായി ജെറോം ടെയ്‌ലറും റസലും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. റോഷിനും സ്മിത്തിനുമാണ് ശേഷിച്ച വിക്കറ്റുകള്‍. 

നേരത്തെ ഇന്ത്യയുടെ മികച്ച ബൗളിംഗാണ് വിന്‍ഡീസിനെ 183 റണ്‍സിലൊതുക്കിയത്. 20 ഓവറില്‍ 88 റണ്‍സ് എടുക്കുന്നതിനിടയില്‍ 7 വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസിനെ അവരുടെ ക്യാപ്റ്റന്‍ ഹോള്‍ഡറുടെ
അര്‍ദ്ധസെഞ്ച്വറിയാണ് രക്ഷിച്ചത്. ഹോള്‍ഡര്‍ 64 ബോളില്‍ 57 റണ്‍സ് നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍