UPDATES

വോട്ടർ പട്ടികയിൽ നിന്നും പേരുകൾ അപ്രത്യക്ഷമായ സംഭവം: പിഴവ് സമ്മതിക്കുന്ന ഇലക്ടറൽ ഓഫീസറുടെ കത്ത് പുറത്ത്

ആധാറും വോട്ടർ ഐഡിയും ലിങ്ക് ചെയ്യുന്നതിന്റെ പൈലറ്റ് പ്രോഗ്രാമായിരുന്നു ഇരു സംസ്ഥാനങ്ങളിലും നടന്നത്.

തെലങ്കാനയിലും ആന്ധ്ര പ്രദേശിലും വോട്ടർ പട്ടികയിൽ നിന്ന് ലക്ഷണക്കണക്കിനാളുകൾ പുറത്തായ സംഭവം വീണ്ടും ചർച്ചയിലേക്ക്. ഇലക്ടറൽ ഐഡന്റിറ്റി കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ നടത്തിയ ശ്രമങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമായത്. നാഷണൽ ഇലക്ടറൽ റോൾ പ്യൂരിഫിക്കേഷൻ ആൻഡ് ഓതന്റിക്കേഷൻ പ്രോഗ്രാം എന്ന പദ്ധതി നടപ്പാക്കവെയാണ് ഏതാണ് 55 ലക്ഷത്തോളമാളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമായത്. ഈ വോട്ടർമാരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഫലവത്തായ ശ്രമങ്ങളൊന്നും ഇലക്ഷൻ കമ്മീഷൻ നടത്തിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ പറയുന്നത്.

മുൻ ചീഫ് ഇലക്ടറൽ ഓഫീസർ ഭാൻവർ ലാൽ ഇലക്ഷൻ കമ്മീഷൻ സെക്രട്ടറിക്ക് അയച്ച ഒരു കത്താണ് വിവരാവകാശ നിയമപ്രകാരം ആർ‌ടിഐ പ്രവർത്തകർ കൈക്കലാക്കിയത്. ഈ കത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ശരിയായ രീതിയിൽ ഡോർ ടു ഡോർ വെരിഫിക്കേഷൻ നടപ്പാക്കിയില്ലെന്ന പരാതി ഉന്നയിക്കുന്നുണ്ട്.

2018 തെലങ്കാന തെരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിന് വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. 2019 ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഈ വോട്ടർമാരുടെ പ്രശ്നം വീണ്ടും പൊന്തി വന്നിരിക്കുകയാണ്. ഇത്തവണ ആന്ധ്രയെക്കൂടി പ്രശ്നം ബാധിക്കും. ആന്ധ്രയിൽ 30 ലക്ഷം വോട്ടർമാരാണ് പട്ടികയിൽ നിന്നും പുറന്തള്ളപ്പെട്ടിരിക്കുന്നത്.

വീടുവീടാന്തരം കയറിയിറങ്ങി വോട്ടർ പട്ടിക പുതുക്കുന്നതിലേക്കുള്ള ഡാറ്റ ശേഖരിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ തങ്ങളുടെ ജോലി ചെയ്തില്ലെന്ന പരാതികള്‍ ഉയരുന്നുണ്ടെന്ന് കത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോര്‍പ്പറേഷനിൽ നിന്നാണ് ഏറ്റവുമധികം പരാതികൾ വരുന്നതെന്നും മറ്റു ജില്ലകളിൽ കാര്യമായ പരാതികളില്ലെന്നും കത്തിൽ പറയുന്നുണ്ട്.

2015 മാർച്ച് മാസത്തിലാണ് നാഷണൽ ഇലക്ടറൽ റോൾ പ്യൂരിഫിക്കേഷൻ ആൻഡ് ഓതന്റിക്കേഷൻ പ്രോഗ്രാം തുടങ്ങിയത്. ഓഗസ്റ്റ് 11ന് സുപ്രീംകോടതി ഇത് തടയുകയായിരുന്നു. ആന്ധ്രയിൽ ഇതിനകം 76 ശതമാനം വോട്ടർമാരും തങ്ങളുടെ ഐഡികൾ ആധാറുമായി ലിങ്ക് ചെയ്തു കഴിഞ്ഞിരുന്നു. തെലങ്കാനയിൽ 84 ശതമാനം പേരും ലിങ്ക് ചെയ്യുകയുണ്ടായി.

ആധാറും വോട്ടർ ഐഡിയും ലിങ്ക് ചെയ്യുന്നതിന്റെ പൈലറ്റ് പ്രോഗ്രാമായിരുന്നു ഇരു സംസ്ഥാനങ്ങളിലും നടന്നത്. ഇത് വൻ പരാജയമായത് തെലങ്കാനയിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിനെ ബാധിക്കുകയുണ്ടായെന്ന് ഡാറ്റ സെക്യൂരിറ്റി ഗവേഷകനായ ശ്രീനിവാസ് കോടാലി പറയുന്നു.

അതെസമയം തങ്ങളുടെ ഭാഗം വളരെ കൃത്യതയോടെ നടപ്പാക്കിയിട്ടുണ്ടെന്നാണ് തെലങ്കാന ഇലക്ടറൽ ഓഫീസർ രജത് കുമാർ പറയുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് നിരവധി തവണ തങ്ങൾ വോട്ടർമാരോട് അപേക്ഷിച്ചിരുന്നു. വോട്ടർ പട്ടിക പരിശേധിക്കണമെന്നും പേരില്ലെങ്കിൽ അത് വരുത്താൻ അപേക്ഷ നൽകണമെന്നും വ്യാപകമായി പരസ്യം നൽകിയിരുന്നു. എന്നാൽ അധികമാരും ഇതിനായി മുമ്പോട്ടു വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചിലയാളുകൾ വോട്ടർ പട്ടികയിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും ഇത് വളരെ കുറച്ചു ശതമാനം മാത്രമാണ്. വെറും 5 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് വോട്ടർ പട്ടികയിൽ തിരിച്ചെത്തിയത്. ഇതിനർ‌ത്ഥം നീക്കം ചെയ്യപ്പെട്ടവ മരിച്ചവരോ സ്ഥലത്തില്ലാത്തവരോ ആയിരിക്കാമെന്നാണെന്ന് തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർ രജത് കുമാർ അവകാശപ്പെട്ടു. 2018 തെരഞ്ഞെടുപ്പിനു മുമ്പായി തങ്ങൾ 26 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തിരുന്നെന്നും ഈയിടെ വീണ്ടും 17 ലക്ഷം പുതിയ വോട്ടർമാർ എത്തിയെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍