UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലിം തടവുകാരന്റെ പുറത്ത് ജയിൽ സൂപ്രണ്ട് ॐ എന്ന് പൊള്ളിച്ചെഴുതി; അന്വേഷിക്കണമെന്ന് കോടതി

ഏപ്രിൽ 12നാണ് താൻ ജയിലിൽ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് നാബിർ തന്റെ കുടുംബാംഗങ്ങളോട് പറഞ്ഞത്.

തിഹാർ ജയിലിലെ മുസ്ലിം തടവുകാരന്റെ പുറത്ത് ഓംകാര ചിഹ്നം പൊള്ളിച്ചെഴുതി വെച്ച ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം വേണമെന്ന് ഒരു ഡൽഹി കോടതിയുടെ ഉത്തരവ്. നാബിർ എന്ന തടവുകാരന്റെ പുറത്താണ് രാജേഷ് ചൗഹാൻ എന്ന പൊലീസ് സൂപ്രണ്ട് ഓം എന്നെഴുതി വെച്ചത്. ഇദ്ദേഹം വിചാരണത്തടവുകാരനായാണ് ജയിലിൽ കഴിയുന്നത്.

ഏപ്രിൽ 12നാണ് താൻ ജയിലിൽ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് നാബിർ തന്റെ കുടുംബാംഗങ്ങളോട് പറഞ്ഞത്. രണ്ടുദിവസമായി തനിക്ക് ഭക്ഷണം കിട്ടിയില്ലെന്നും നാബിർ കുടുംബാംഗങ്ങളെ അറിയിച്ചു. സൂപ്രണ്ട് രാജേഷ് ചൗഹാൻ തന്നോട് മനുഷ്യത്വരഹിതമായാണ് പെരുമാറിയിരുന്നതെന്നും നാബിർ അറിയിക്കുകയുണ്ടായി. കുടുംബാംഗങ്ങൾ തങ്ങളുടെ വക്കീലിനെ കാര്യമറിയിക്കുകയും കോടതിവഴി നീക്കം നടത്തുകയുമായിരുന്നു.

കോടതി നാബിറിന്റെ പുറത്ത് പൊള്ളിച്ചെഴുതിയത് നേരിട്ട് പരിശോധിച്ചു. വളരെ ഗൗരവപ്പെട്ട ആരോപണമാണ് വാദിഭാഗം ഉന്നയിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. നാബിറിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ ഡിജിപിക്ക് നോട്ടീസ് നൽകിയിട്ടുണ്ട് കോടതി.

ജയിലിലെ സിസിടിവി ദൃശ്യങ്ങൾ കോടതി പരിശോധിക്കും. ഇവ ശേഖരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഓംകാര ചിഹ്നം തടവുകാരന്റെ പുറത്ത് പൊള്ളിച്ചെഴുതിയതിനെക്കുറിച്ച് അന്വേഷണം ഉടൻ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. രാജേഷ് ചൗഹാനെ ജയിൽ മേൽനോട്ട ചുമതലകളിൽ നിന്നും പൂർണമായും നീക്കണമെന്നും ഇത് ഉടൻ വേണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

സംഭവം കോടതിയുടെ ശ്രദ്ധയിൽ‍പ്പെട്ട ബുധനാഴ്ച തന്നെ പൊലീസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു കോടതി. ഇത് നല്‍കിയിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

വിചാരണത്തടവുകാർ ജയിലുകളിൽ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ രാജ്യത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർധിച്ചു വരുന്നുണ്ട്. ഇവരിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം കൂടുതലാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം സിമി സംഘടനയിൽപ്പെട്ട വിചാരണത്തടവുകാർക്ക് ഇത്തരം പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍