UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാകേഷ് അസ്താനയ്ക്കെതിരായ അന്വേഷണത്തിൽ തൽസ്ഥിതി തുടരണം: സിബിഐക്ക് കോടതിയുടെ വിമർശനം

നവംബർ 1ന് കേസ് വീണ്ടും പരിഗണിക്കും, വാദം കേൾക്കും. ഒക്ടോബർ 31ന് സിബിഐ മറുപടി സമർപ്പിക്കണം.

സിബിഐയുടെ സ്പെഷ്യൽ ഡയറക്ടർ സ്ഥാനത്തു നിന്നും നിർബന്ധിത അവധിയിൽ പോകേണ്ടി വന്ന രാകേഷ് അസ്താനയ്ക്കെതിരെ നിലവിലുള്ള സിബിഐ അന്വേഷണം താൽക്കാലികമായി നിറുത്തിവെക്കാൻ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. തൽസ്ഥിതി തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ അറസ്റ്റ് ചെയ്യപ്പെടുന്നതിൽ നിന്നും അസ്താനയ്ക്ക് നിലവിലുള്ള സംരക്ഷണം നവംബർ ഒന്നു വരെ നീളുമെന്നുറപ്പായി. നവംബർ 1 വരെ കേസിൽ നടപടികളൊന്നും പാടില്ലെന്നാണ് ഉത്തരവ്. അസ്താന കോടതിയിൽ ഉന്നയിച്ച പ്രശ്നങ്ങളിൽ സിബിഐയുടെ മറുപടി വേഗത്തിൽ സമർപ്പിക്കാൻ നേരത്തെ ഹരജി പരിഗണിച്ച ജഡ്ജിമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി തൽസ്ഥിതി തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

സിബിഐ മറുപടി നൽകാത്തതിനെ ജസ്റ്റിസ് നജ്മി വസീരിയുടെ ബഞ്ച് ചോദ്യം ചെയ്തു. തങ്ങൾക്കെതിരായി സിബിഐ സമർപ്പിച്ചിരിക്കുന്ന എഫ്ഐആർ അസാധുവാക്കണമെന്നാണ് സിബിഐ ഓഫീസർമാരായ രാകേഷ് അസ്താനയും ദേവേന്ദർ കുമാറും ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യവസായിയാണ് ഇരുവർക്കുമെതിരെ കോഴ ആരോപണം ഉന്നയിച്ചത്.

നവംബർ 1നു മുമ്പായി മറുപടി സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചുകൂടി സമയം ആവശ്യമാണെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. സുപ്രീംകോടതിയും ഇതേ വിഷയം ഏറ്റെടുത്തിട്ടുണ്ടെന്ന കാരണമാണ് സിബിഐ പറഞ്ഞത്. എന്നാൽ ഈ പ്രത്യേക വിഷയത്തിൽ ഒരു നോട്ടീസും സിബിഐക്ക് ചെന്നിട്ടില്ലെന്ന് സൂചിപ്പിച്ച് കോടതി പ്രസ്തുത ആവശ്യം തള്ളി.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത് ആലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്ത വിഷയമാണ്. ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ അസ്താനയും മറ്റുള്ളവരും അഴിമതിക്കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണുള്ളത്.

നവംബർ 1ന് കേസ് വീണ്ടും പരിഗണിക്കും, വാദം കേൾക്കും. ഒക്ടോബർ 31ന് സിബിഐ മറുപടി സമർപ്പിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍