1999ലാണ് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആദ്യത്തെ ബസ് സർവ്വീസ് നടക്കുന്നത്.
ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഝോധ എക്സ്പ്രസ്സും താർ എക്സ്പ്രസ്സും നിർത്തലാക്കിയതിനു പിന്നാലെ ഡൽഹി-ലാഹോർ ബസ് സർവ്വീസും നിർത്തലാക്കുന്നതായി റിപ്പോർട്ട്. ഈ സർവ്വീസ് ഇനി വേണ്ടെന്ന് പാകിസ്താന്റെ ഭാഗത്തു നിന്നും പ്രസ്താവന വന്നതോടെയാണ് റദ്ദാക്കലിന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീരുനമാനമെടുത്തത്. ജമ്മു കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം നീക്കം ചെയ്തതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളിൽ സാകരമായ ഉലച്ചിലുണ്ടായിട്ടുണ്ട്. ഈ സൗഹാർദ്ദ ബസ് സർവ്വീസ് അവസാനിപ്പിക്കണമെന്ന് ഒരു മുതിർന്ന പാക് മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയും ചെയ്തിരുന്നു.
ഇന്ന് കാലത്ത് ആറുമണിക്ക് ഈ ബസ്സ് പുറപ്പെടേണ്ടിയിരുന്നതാണ്. ഇതിനിടെയാണ് പാകിസ്താന്റെ പ്രസ്താവന വന്നത്. ഇതോടെ അധികൃതർ ആലോചിച്ച് തീരുമാനത്തിലെത്തുകയായിരുന്നു.
‘സർവ്വീസ് നിർത്തലാക്കാനുള്ള പാകിസ്താന്റെ തീരുമാനം വന്നതിനാൽ ഡിടിസിക്ക് ഓഗസ്റ്റ് 12 മുതൽ ബസ്സുകൾ അയയ്ക്കാനാകില്ലെ’ന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റേതായി പുറത്തിറങ്ങിയ പ്രസ്താവന പറഞ്ഞു.
ബസ് സർവ്വീസ് നിർത്തുകയാണെന്ന വിവരം പാകിസ്താൻ ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ (PTDC) ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെട്ട് ടെലിഫോണിലൂടെ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് അവസാനത്തെ ബസ്സ് ഇന്ത്യയിലെത്തിയത്. ഇതിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് പോകാനിരുന്ന ബസ്സിൽ ഇന്ത്യയിൽ നിന്ന് 19 യാത്രക്കാരുണ്ടായിരുന്നു.
1999ലാണ് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആദ്യത്തെ ബസ് സർവ്വീസ് നടക്കുന്നത്. 2001ലെ പാർലമെന്റ് ആക്രമണത്തിനു ശേഷം ഇത് കുറച്ചുകാലം നിർത്തിവെച്ചു. പിന്നീട് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധം പുനസ്ഥാപിക്കപ്പെട്ടപ്പോൾ 2003ൽ ബസ് സർവ്വീസ് പുനരാരംഭിച്ചു. വളരെ കുറച്ച് യാത്രക്കാർ മാത്രമാണ് ഈ ബസ്സിലുണ്ടാകാറ്. രണ്ട് രാജ്യങ്ങളുടെ നയതന്ത്രബന്ധത്തെ പരിഗണിച്ച് യാത്രക്കാരുടെ എണ്ണക്കുറവ് കാര്യമാക്കാറില്ല. കൂടാതെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള ചുരുങ്ങിയ മാർഗങ്ങളിലൊന്നു കൂടിയായിരുന്നു ഇത്.
ഡൽഹി ഗേറ്റിനടുത്തുള്ള അംബേദ്കർ സ്റ്റേഡിയം ടെർമിനലിൽ നിന്നാണ് ഈ ബസ്സ് സ്ഥിരമായി പുറപ്പെട്ടിരുന്നത്. ഇന്ത്യയിൽ നിന്നുള്ള ഡിടിസിയുടെ ബസ്സ് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പുറപ്പെട്ടിരുന്നത്. ഇവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ തിരിച്ചെത്തും. പിടിഡിസി ബസ്സുകൾ തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ പാകിസ്താനിൽ നിന്നും പുറപ്പെടും. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ ഇന്ത്യയിൽ നിന്നും തിരിക്കും.