UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യോമസേന പൈലറ്റിനെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് പാകിസ്താനോട് ഇന്ത്യ

ഇത് പാകിസ്താന്‍ യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ കടന്നുകയറ്റമാണ് എന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ, പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.

നിയന്ത്രണരേഖ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ ഉടന്‍ തന്നെ സുരക്ഷിതനായി തിരിച്ചെത്തിക്കാന്‍ പാകിസ്താന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് പാകിസ്താന്‍ യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ കടന്നുകയറ്റമാണ് എന്ന് കുറ്റപ്പെടുത്തിയ ഇന്ത്യ, പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വ്യോമസേന വിമാനങ്ങള്‍ ആക്രമണം നടത്തിയെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

രണ്ട് വിമാനങ്ങള്‍ വെടിവച്ച് വീഴ്ത്തിയെന്നും രണ്ട് ഇന്ത്യന്‍ പൈലറ്റുമാരെ പിടികൂടിയെന്നുമാണ് പാകിസ്താന്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. മറ്റൊരു പൈലറ്റ് ആശുപത്രിയിലാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു പൈലറ്റിനെ മാത്രമാണ് അറസ്റ്റ്് ചെയ്തിരിക്കുന്നത് എന്ന് പാകിസ്താന്‍ വ്യക്തമാക്കി. അഭിനന്ദനെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ഇന്നലെ പാകിസ്താന്‍ പുറത്തുവിട്ടിരുന്നു.

അഭിനന്ദനെ പാക് സൈന്യം പിടികൂടിയതിന്റെ ചില ഫോട്ടോകളില്‍ മുഖത്ത് ചോര നിറഞ്ഞ നിലയിലാണ്. ജനീവ കണ്‍വെന്‍ഷന്‍ കരാര്‍ പ്രകാരം പിടികൂടിയ സൈനിക/യുദ്ധതടവുകാരുടെ ചിത്രങ്ങളോ വീഡിയോകളോ പുറത്തുവിടുന്നത് തന്നെ ലംഘനമായിരിക്കെ ഇത്തരത്തില്‍ പരിക്കേറ്റത് അന്താരാഷ്ട്ര വേദിയില്‍ പാകിസ്താനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നേക്കാം. യുദ്ധതടവുകാരെ ചോദ്യം ചെയ്യാന്‍ ജനീവ കണ്‍വെന്‍ഷന്‍ കരാര്‍ അനുവദിക്കുന്നില്ല. എന്നാല്‍ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പാകിസ്താന്‍ പുറത്തുവിട്ടത്. ഇത് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ലോയുടേയും ജനീവ കണ്‍വെന്‍ഷന്റേയും ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിട്ടുണ്ട്.

നിയന്ത്രണരേഖ ലംഘിച്ച പാകിസ്താന്റെ എഫ് 16 വിമാനം വെടി വച്ചിട്ട ശേഷമാണ് മിഗ് 21 വിമാനം കാണാതായത് എന്നും ഒരു പൈലറ്റിനെ കാണാതായിട്ടുണ്ടെന്നുമാണ് ഇന്ത്യ ആദ്യം പ്രതികരിച്ചിരുന്നത്. അതേസമയം തങ്ങള്‍ നിയന്ത്രണരേഖ ലംഘിച്ചിട്ടില്ലെന്നും എല്‍ഒസിയുടെ പാകിസ്താന്‍ പ്രദേശത്ത് നിന്നാണ് ഇന്ത്യന്‍ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയത് എന്നുമാണ് പാകിസ്താന്റെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍