UPDATES

ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് ഗുജറാത്തിലെ ആ ചെറിയ കോടതി മുറി പറഞ്ഞു തരും

ഇങ്ങനെയാണ് ഒരു സ്വതന്ത്ര, പരമാധികാര, ജനാധിപത്യ രാജ്യത്തെ നിയമവാഴ്ച തകര്‍ന്ന് അത് സ്വേച്ഛാധിപത്യത്തിന് വഴിമാറുന്നത്

പുതിയ ഇന്ത്യ എന്താണ് എന്നതിന്റെ മറ്റൊരു സാക്ഷ്യമായിരുന്നു ഗുജറാത്തിലെ ഒരു വിചാരണ കോടതിയില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍. അതായത്, ഈ പുതിയ ഇന്ത്യ എല്ലാ വശങ്ങളിലൂടെയും നമ്മുടെ ജീവിതങ്ങളിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുകളുമില്ലാതെ, എന്നാല്‍ നമുക്കൂഹിക്കാന്‍ പോലും കഴിയാത്തത്ര ദീര്‍ഘകാലത്തേക്കുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നായി.

ഇത് ഇടതുപക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ കാര്യം മാത്രമല്ല ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശക്കാരനാക്കുകയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തുകയോ ചെയ്യുകയല്ല. നമ്മള്‍ മറ്റൊരു കാര്യത്തെക്കുറിച്ചാണ് ചോദിക്കുന്നുത്: ഈ രാജ്യത്തെ നിയമവാഴ്ചയെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ? ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് നിങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടോ? ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ?

എങ്കില്‍, ഗുജറാത്തിലെ ഒരു ചെറിയ കോടതി മുറിയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന കാര്യങ്ങള്‍ നിങ്ങളെ ആശങ്കപ്പെടുത്തുക തന്നെ ചെയ്യും.

ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആ മന്ത്രിസഭയിലെ അംഗവും ബിജെപി നേതാവും 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ സമയത്ത് നരോദ്യ പാട്യയില്‍ നടന്ന കൊലപാതകങ്ങളുടെ പേരില്‍ ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്ത മായാ കോഡ്‌നാനി നരോദ ഗാം കേസില്‍ ഒരു പുതിയ പ്രത്യേകാനുമതി ഹര്‍ജിയുമായി വിചാരണ കോടതിയെ സമീപിച്ചതാണ് സംഭവം. ഈ കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ തനിക്ക് അനുകൂലമായി മൊഴി നല്‍കാനുള്ള സാക്ഷിയായി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് കോഡ്‌നാനി ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിച്ചെങ്കിലും തനിക്ക് ഇതുവരെ അമിത് ഷായെ കണ്ട് സമന്‍സ് കൈമാറാന്‍ കഴിഞ്ഞിട്ടില്ല എന്നായിരുന്നു അവര്‍ ഇന്നലെ കോടതിയില്‍ ഉന്നയിച്ച വാദം.

അമിത് ഷായെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തന്റെ ഭാഗത്തു നിന്നുള്ള സാക്ഷിയെ വിസ്തരിക്കുന്നതിന് 10 ദിവസം കൂടി അനുവദിക്കണമെന്നും അഡ്വ. ഹിരണ്‍ പട്ടേല്‍ വഴി സമര്‍പ്പിച്ച അപേക്ഷയില്‍ കോഡ്‌നാനി ആവശ്യപ്പെടുകയായിരുന്നു.

അമിത് ഷാ ബിജെപിയുടെ ദേശീയ പ്രസിഡന്റായതിനാല്‍ ഏറെ തിരക്കുള്ളയാളാണെന്നും അതിനാല്‍ ഏത് വിലാസത്തിലാണ് അദ്ദേഹത്തിന് സമന്‍സ് കൈമാറേണ്ടത് എന്നറിയില്ലെന്നുമാണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. തന്റെ സാക്ഷിയായ കക്ഷി അമിത് ഷായെ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നില്ലെന്നും അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു.

അതായത്, അമിത് ഷായുടെ വിലാസം കണ്ടെത്താന്‍ മായാ കോഡ്‌നാനി ഇപ്പോഴും ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ് എന്ന്. അതായത്, ബി.ജെ.പി ദേശീയ പ്രസിഡന്റിന്റെ വിലാസം. ഒന്നുകില്‍ ഡല്‍ഹിയിലെ അശോകാ റേഡിലെ 11-ാം നമ്പറിലുള്ള പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസിലേക്കോ അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കെയര്‍ ഓഫ് വിലാസത്തിലോ അവര്‍ക്കത് അയച്ചു കൂടായിരുന്നോ?

അമിത് ഷാ ഇടയ്ക്കിടെ ഗുജറാത്ത് സന്ദര്‍ശിക്കുന്ന വ്യക്തിയാണ്. മാത്രമല്ല, നാളെ അധികാം ഗുജറാത്ത് യുവ പരിപാടിക്ക് വേണ്ടി അദ്ദേഹം അവിടെയെത്തുന്നുമുണ്ട്.

ഏതായാലും മായാ കോഡ്‌നാനിക്ക് നാലു ദിവസത്തെ സമയം കൂടി അനുവദിച്ച സ്‌പെഷ്യല്‍ ജഡ്ജി പി.ബി ദേശായി സെപ്റ്റംബര്‍ 12-നകം സാക്ഷിയായ അമിത് ഷായെ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും സമയം അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ നാലു മാസത്തിനകം തീര്‍പ്പുണ്ടാകണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ എത്രയും വേഗം അന്തിമ വാദം തുടങ്ങണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും കോടതി നിര്‍ദേശിച്ചിരുന്നു.

അപ്പോള്‍ എന്താണ് സംഭവിക്കുന്നത്?

കോഡ്‌നാനി സത്യം പറയുന്നില്ല എന്നതാണ് വാസ്തവം. അവര്‍ അറിയപ്പെടുന്നത് തന്നെ അത്തരത്തിലാണ് താനും. നരോദ്യ പാട്യയില്‍ 11 പേരുടെ കൊലയ്ക്ക് കാരണക്കാരി എന്ന നിലയില്‍ 28 വര്‍ഷത്തെ ശിക്ഷയാണ് കോഡ്‌നാനിക്ക് കോടതി വിധിച്ചത്. എന്നാല്‍ അനാരോഗ്യം കണക്കിലെടുത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി ജാമ്യത്തിലാണ്. അതിനിടെയാണ്, നരോദ ഗാം കേസില്‍ ഗൂഡാലോചന, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അവര്‍ക്കെതിരെ ചുമത്തപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് തനിക്കനുകൂലമായി സാക്ഷി നല്‍കുന്നതിന് അമിത് ഷാ, തന്റെ ഭര്‍ത്താവ് സുരേന്ദ്ര, രണ്ട് ബിജെപി നേതാക്കള്‍, ബിസിനസ് പങ്കാളി എന്നിവരുള്‍പ്പെടെ 14 പേരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ വിചാരണ കോടതിയെ സമീപിച്ചത്. കലാപം നടക്കുന്ന സമയത്ത് താന്‍ ഗുജറാത്ത് അസംബ്ലിയിലും സോല സിവില്‍ ആശുപത്രിയിലും മാതാവിന്റെ വീട്ടിലുമായിരുന്നു എന്നാണ് കോഡ്‌നാനിയുടെ വാദം.

അപ്പോള്‍ അമിത് ഷായുമായി ബന്ധപ്പെട്ട ഈ നാടകങ്ങള്‍ക്ക് പിന്നിലെന്താണ്? അതായത്, 2002 ഫെബ്രുവരി 28-ന് ഗുജറാത്തില്‍ എന്തു സംഭവിച്ചുവെന്ന് കോടതി മുറിക്കുള്ളില്‍ വച്ച് ഓര്‍ക്കാന്‍ അമിത് ഷാ ആഗ്രഹിക്കുന്നില്ലായിരിക്കുമോ? അതോ ഒരു കലാപക്കേസിനെ കുറിച്ച് വിചാരണ നടക്കുന്ന കോടതി മുറിക്കുള്ളില്‍ തന്നെപ്പോലൊരു ‘ഉന്നതവ്യക്തി’ പോകേണ്ട കാര്യമില്ല എന്നതായിരിക്കുമോ?

ചരിത്രത്തിലുടനീളം, ഭൂഖണ്ഡങ്ങള്‍ തോറും, സാമ്രാജ്യങ്ങള്‍ക്കിടയില്‍ എല്ലാം ഈ സംഭവവികാസങ്ങള്‍ ഒരുപോലെയായിരുന്നു. അതായത്, ഒരു രാജ്യത്തെ നിയമവാഴ്ച തകര്‍ന്നു തുടങ്ങുമ്പോള്‍ അത് മറ്റൊരുപാട് സംഭവങ്ങള്‍ക്കും കാരണമാകും: അവിടെ ശക്തമായ അഭിപ്രായമുള്ള, സ്വതന്ത്ര ബോധമുള്ള ഒരു മാധ്യമപ്രവര്‍ത്തകയെ വധിക്കും, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ പാവപ്പെട്ടവരെ തല്ലിക്കൊല്ലും, ന്യൂസ് റൂമുകളില്‍ ഭയം നിറയ്ക്കും, ധൈര്യശാലികളെന്ന് നാം കരുതുന്ന മാധ്യമ പ്രവര്‍ത്തകര്‍ വാലാട്ടിപ്പട്ടികളായി നില്‍ക്കും, ശത്രുരാജ്യങ്ങളെ അടിയറ പറയിച്ചുവെന്ന് വീമ്പിളക്കും, പരാമാധികാരിയായ നേതാവിന്റെ അപദാനങ്ങള്‍ രാജ്യമെങ്ങും മുഴങ്ങും. ഓരോ മുക്കിലും മൂലയിലും പതിച്ചിരിക്കുന്ന തന്റെ ചിത്രങ്ങള്‍ നോക്കി അദ്ദേഹം പുഞ്ചിരി തൂകും, ക്യാമറകള്‍ കൃത്യസ്ഥലത്തുണ്ട് എന്നുറപ്പു വരുത്തും.

ഇങ്ങനെയാണ് ഒരു സ്വതന്ത്ര, പരമാധികാര, ജനാധിപത്യ രാജ്യത്തെ നിയമവാഴ്ച തകര്‍ന്ന് അത് സ്വേച്ഛാധിപത്യത്തിന് വഴിമാറുന്നത്. ആ സമയത്ത്, ഇത്തരം റിപ്പബ്ലിക്കുകളില്‍ പരമാധികാരം കൈയാളുന്ന നേതാക്കള്‍ സ്വയം കരുതും, തങ്ങളും നിയമ വാഴ്ചയ്ക്ക് പുറത്താണ് എന്ന്. അതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി, ഇന്ത്യ എന്ന ആശയം നേരിടുന്ന പ്രതിസന്ധി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍